ഡെന്മാർക്കിനെ വീഴ്ത്തി ജർമനി യൂറോ കപ്പ് ക്വാർട്ടറിൽ (2-0)

ഡോർട്ട്മുണ്ട്: ഡെന്മാർക്കിനെ വീഴ്ത്തി ആതിഥേയരായ ജർമനി യൂറോ കപ്പ് ക്വാർട്ടറിൽ. ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ജർമൻ വിജയം

കായ് ഹാവെർട്സ് (53ാം മിനിറ്റിൽ -പെനാൽറ്റി), ജമാൽ മൂസിയാല (68ാം മിനിറ്റിൽ) എന്നിവരാണ് ജർമനിക്കായി വലകുലുക്കിയത്. നാലാം മിനിറ്റിൽ തന്നെ പ്രതിരോധ താരം നിക്കോ ഷ്ലോട്ടർബെക്ക് ഹെഡ്ഡറിലൂടെ എതിരാളികളുടെ വലകുലുക്കിയെങ്കിലും റഫറി ഫൗൾ വിളിച്ചു. തൊട്ടുപിന്നാലെ ജോഷ്വ കിമ്മിച്ചിന്‍റെ 25 വാരെ അകലെ നിന്നുള്ള ഒരു ബുള്ളറ്റ് ഷോട്ട് ഡെന്മാർക്ക് ഗോളി കാസ്പർ ഷ്മൈക്കൽ തട്ടിയകറ്റി. ആദ്യത്തെ പത്ത് മിനിറ്റ് മത്സരം പൂർണമായും ആതിഥേയരുടെ നിയന്ത്രണത്തിലായിരുന്നെങ്കിൽ, പിന്നീട് ഡെന്മാർക്കും കളിയിലേക്ക് തിരിച്ചുവരുന്നതാണ് കണ്ടത്. ഷ്മൈക്കലിന്‍റെ തകർപ്പൻ സേവുകളാണ് പലപ്പോഴും ഡെന്മാർക്കിന്‍റെ രക്ഷക്കെത്തിയത്.

30ാം മിനിറ്റിൽ ജർമൻ ബോക്സിനു തൊട്ടുവെളിയിൽനിന്ന് ക്രിസ്റ്റ്യൻ എറിക്സൺ തൊടുത്ത ഫ്രീകിക്ക് പ്രതിരോധ മതിലിൽ തട്ടി മടങ്ങി. ഇതിനിടെ മോശം കാലാവസ്ഥയെ തുടർന്ന് മത്സരം അൽപസമയം നിർത്തിവെച്ചു. ഇടവേളക്കു പിരിയാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഡെന്മാർക്കിന്‍റെ മികച്ചൊരു കൗണ്ടർ അറ്റാക്ക് ഗോളിന് അടുത്ത് എത്തിയെങ്കിലും റാസ്മസ് ഹോയ്‍ലൻഡിന്‍റെ ഷോട്ട് ജർമൻ ഗോളി മാനുവൽ ന്യൂയർ രക്ഷപ്പെടുത്തി. ഗോൾരഹിതമായാണ് ഇടവേളക്കു പിരിഞ്ഞത്.

രണ്ടാം പകുതിയുടെ തുടകത്തിൽതന്നെ ജോഷിം ആൻഡേഴ്സണിലൂടെ ഡെന്മാർക്ക് ലീഡെടുത്തെങ്കിലും വാർ പരിശോധനയിൽ റഫറി ഓഫ് സൈഡ് വിധിച്ചു. 51ാം മിനിറ്റിൽ ജർമനിക്ക് അനുകൂലമായി പെനാൽറ്റി. ഇടതു പാർശ്വത്തിൽനിന്ന് ഡേവിഡ് റോം ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസ് ആൻഡേഴ്സണിന്‍റെ കൈയിൽ തട്ടി. വാർ പരിശോധനക്കുശേഷമാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത കായ് ഹാവെർട്സ് പന്ത് അനായാസം വലയിലാക്കി. തൊട്ടുപിന്നാലെ ലീഡ് വർധിപ്പിക്കാനുള്ള രണ്ടു സുവർണാവസരങ്ങൾ ജർമനി നഷ്ടപ്പെടുത്തി. 68ാം മിനിറ്റിൽ ബോക്സ്നുള്ളിൽനിന്നുള്ള ഹോയ്‍ലൻഡിന്‍റെ ഷോട്ട് ജർമൻ ഗോളി ന്യൂയർ തട്ടിയകറ്റി. തൊട്ടുപിന്നാലെ യുവതാരം ജമാൽ മൂസിയാലയിലൂടെ ജർമനി ലീഡ് വർധിപ്പിച്ചു.

ഷ്ലോട്ടർബെക്ക് നൽകിയ ലോങ് പാസ് സ്വീകരിച്ച മൂസിയാല, പന്തുമായി മുന്നേറി ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ വലയിലാക്കി. ടൂർണമെന്‍റിൽ താരത്തിന്‍റെ മൂന്നാം ഗോളാണിത്. അവസാന മിനിറ്റുകളിൽ ജർമനിക്ക് നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും മുതലെടുക്കാനായില്ല.

Tags:    
News Summary - EURO 2024: Germany 2-0 Denmark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.