ലൈപ്ഷിസ്: യൂറോ കപ്പിൽ ജയത്തോടെ തുടങ്ങി കിരീട ഫേവറൈറ്റുകളായ പോർചുഗൽ. ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ചെക്ക് റിപ്പബ്ലിക്കിന്‍റെ ചെറുത്തുനിൽപ്പിനെ മറികടന്നത്.
ആദ്യ പകുതി ഗോൾ രഹിതമായിരുന്നെങ്കിൽ, മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. പോർചുഗലിനായി ഫ്രാൻസിസ്കോ കോൺസൈസോ (90+3) വലകുലുക്കി. മറ്റൊന്ന് ഓൺ ഗോളായിരുന്നു. ലൂകാസ് പ്രോവോദാണ് (62ാം മിനിറ്റിൽ) ചെക്കിനായി ആശ്വാസ ഗോൾ നേടിയത്. ആദ്യ ഒരു മണിക്കൂർ ഏകപക്ഷീയ നീക്കങ്ങളുമായി പോർചുഗീസ് താരങ്ങൾ കളംനിറഞ്ഞെങ്കിലും ഗോൾ മാത്രം വന്നില്ല. ഗോളിലേക്കുള്ള നീക്കങ്ങളെല്ലാം ബോക്സിനുള്ളിൽ ചെക്ക് താരങ്ങൾ ചെറുത്തു.
58ാം മിനിറ്റിൽ 24 വാര അകലെനിന്നുള്ള ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്ക് നേരെ ഗോളിയുടെ കൈകളിലേക്ക്. കളം നിറഞ്ഞു കളിച്ച പോർചുഗലിനെ ഞെട്ടിച്ച് ചെക്ക് മത്സരത്തിൽ ലീഡെടുത്തു. ഇടതു പാർശ്വത്തിൽനിന്നുള്ള ചെക്ക് താരത്തിന്‍റെ ക്രോസ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് വ്ലാദിമിർ കൗഫലിന്‍റെ കാലിൽ. താരം ബോക്സിനു തൊട്ടുമുന്നിൽ മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന മധ്യനിര താരം ലൂകാസ് പ്രൊവോദിന് നൽകി. 25 വാര അകലെ നിന്നുള്ള താരത്തിന്‍റെ വലങ്കാൽ ഷോട്ട് ഡൈവ് ചെയ്ത ഡിയാഗോ കോസ്റ്റയെയും മറികടന്ന് വലയിൽ. പോർചുഗൽ ബോക്സിൽ അപൂർവമായി മാത്രം വെല്ലുവിളി ഉയർത്തിയ ചെക്ക് കിട്ടിയ അവസരം മുതലെടുത്തു.
ഏഴു മിനിറ്റിനുള്ളിൽ സെൽഫ് ഗോളിലൂടെ പോർചുഗൽ ഒപ്പമെത്തി. ന്യൂനോ മെൻഡിസിന്‍റെ ഹെഡ്ഡർ ചെക്ക് ഗോൾ കീപ്പർ സ്റ്റാനെക്ക് തട്ടിയകറ്റിയെങ്കിലും തൊട്ടു മുന്നിലുണ്ടായിരുന്ന റോബിൻ ഹ്രാനകിന്‍റെ കാലിൽ തട്ടി വലയിലേക്ക് കയറുകയായിരുന്നു. സ്റ്റാനെക്കിന് കൈയിലൊതുക്കാമായിരുന്ന പന്തായിരുന്നു അത്.
കളി അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഡിയോഗോ ജോട്ടയുടെ ഹെഡ്ഡറിലൂടെ പോർചുഗൽ ലീഡെടുത്തെന്ന് തോന്നിപ്പിച്ചെങ്കിലും ഓഫ് സൈഡ് ട്രാപ്പിൽ കുരുങ്ങി. ഒടുവിൽ ഇൻജുറി ടൈമിലാണ് പോർചുഗൽ വിജയ ഗോൾ നേടുന്നത്. പകരക്കാരനായി കളത്തിലിറങ്ങിയ ഫ്രാൻസിസ്കോ കോൺസൈസോയാണ് ഗോൾ നേടിയത്. ഇടതു പാർശ്വത്തിൽനിന്ന് പെഡ്രോ നെറ്റോ നൽകിയ ക്രോസ് ചെക്ക് താരത്തിന് ക്ലിയർ ചെയ്യാനായില്ല. പന്ത് വന്ന് വീണത് ഫ്രാൻസിസ്കോയുടെ മുന്നിൽ. താരം അനായാസം പന്ത് വലയിലാക്കി.
ആദ്യ പുകുതിയിൽ ഗോൾ കീപ്പർ ജിൻഡ്രിച് സ്റ്റാനെക്കിന്‍റെ സേവുകളും ചെക്കിന്‍റെ രക്ഷക്കെത്തി. ആറാം യൂറോ കപ്പ് കളിക്കുന്ന സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു തവണ ഗോളിന് അടുത്തെത്തിയെങ്കിലും താരത്തിന്‍റെ ഷോട്ട് ഗോളി കൈയിലൊതുക്കി. മത്സരത്തിൽ 70 ശതമാനവും പന്ത് കൈവശം വെച്ചത് പോർചുഗൽ താരങ്ങളായിരുന്നു,
മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും പന്ത് ചെക്കിന്‍റെ ഏരിയയിൽ തന്നെയായിരുന്നു. ഇടതു വിങ്ങിലൂടെയുള്ള റാഫേൽ ലിയാവോയുടെ കടന്നുകയറ്റം പലപ്പോഴും ചെക്ക് ബോക്സിൽ വെല്ലുവിളി ഉയർത്തി. മധ്യനിരയിൽ കളി നെയ്തെടുക്കുന്നതിൽ ബ്രൂണോ ഫെർണാഡസിനും വലിയ പങ്കുണ്ടായിരുന്നു. പോർചുഗലിനായി ആറാം യൂറോ കപ്പിന് കളത്തിലിറങ്ങി ക്രിസ്റ്റ്യാനോ ചരിത്ര നേട്ടവും സ്വന്തമാക്കി. അഞ്ച് തവണ യൂറോ കപ്പ് കളിച്ച മുൻ സ്പെയിൻ ഗോൾ കീപ്പർ ഐക്കര്‍ കസിയസിനെയാണ് ക്രിസ്റ്റ്യാനോ മറികടന്നത്.
യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും 39കാരനായ ക്രിസ്റ്റ്യാനോയാണ്. 25 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളാണ് താരം നേടിയത്. ഒമ്പത് ഗോളുകളുമായി മുന്‍ ഫ്രഞ്ച് താരം മിഷേല്‍ പ്ലാറ്റിനിയാണ് രണ്ടാമത്. യൂറോ കപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് പോര്‍ചുഗല്‍ പ്രതിരോധ താരം പെപ്പെ സ്വന്തമാക്കിയത്. 41 വയസ്സും 113 ദിവസവുമാണ് താരത്തിന്‍റെ പ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.