രണ്ടടിച്ച് മാലെൻ! റുമേനിയയെ തുരത്തി ഡച്ച് പട യൂറോ ക്വാർട്ടറിൽ

മ്യൂണിക്ക്: റുമേനിയൻ ചെറുത്തുനിൽപ്പ് മറികടന്ന് നെതർലൻഡ്സ് യൂറോ കപ്പ് ക്വാർട്ടറിൽ. പകരക്കാരൻ ഡോണിൽ മാലെന്‍റെ ഇരട്ടഗോളിൽ ഏകപക്ഷീയമായ മൂന്നൂ ഗോളിനാണ് ഡച്ച് പടയോട്ടം. ഒരു ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത കോഡി ഗാക്പോയാണ് കളി മുന്നിൽനിന്ന് നയിച്ചത്.

83, 90+3 മിനിറ്റുകളിലായിരുന്നു മാലെന്‍റെ ഇരട്ടഗോൾ. 20ാം മിനിറ്റിൽ ഗാക്പോയും വലകുലുക്കി. മത്സരത്തിലുടനീളം ഡച്ച് പടയുടെ ആധിപത്യമായിരുന്നു. 24 തവണയാണ് ഡച്ച് താരങ്ങൾ ഗോളിലേക്ക് ഷോട്ടുകൾ തൊടുത്തത്. എന്നാൽ, റുമേനിയൻ പ്രതിരോധത്തിന്‍റെ ചെറുത്തുനിൽപ്പാണ് സ്കോർ ലൈൻ മൂന്നിലൊതുക്കിയത്.

ഗാക്പോയിലൂടെയാണ് ഡച്ചുകാർ ആദ്യം ലീഡെടുത്തത്. ഇടതുവിങ്ങിൽനിന്നുള്ള ഗാക്പോയുടെ ബുള്ളറ്റ് ഷോട്ടാണ് വലയിൽ കയറിയത്. സാവി സൈമൺസിൽനിന്ന് പന്ത് സ്വീകരിച്ച ഗാക്പോ, ഇടതു പാർശ്വത്തിൽനിന്ന് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബോക്സിനുള്ളിലേക്ക് കയറി തൊടുത്ത ഷോട്ട് റുമേനിയൻ ഗോൾകീപ്പറെയും കീഴ്പ്പെടുത്തി ലക്ഷ്യത്തിലെത്തി. ടൂർണമെന്‍റിൽ താരത്തിന്‍റെ മൂന്നാം ഗോളാണിത്. ഏഴാം മിനിറ്റിൽ ഡച്ച് താരം സൈമൺസിന്‍റെ ബോക്സിനു തൊട്ടുവെളിയിൽനിന്നുള്ള ഷോട്ട് റുമേനിയൻ ഗോൾകീപ്പർ ഫ്ലോറിൻ നിത കൈകളിലൊതുക്കി.

ആദ്യ വിസിലിനുടൻ കളം നിറഞ്ഞത് റുമേനിയ. ഡച്ചുകാരെ നിഷ്പ്രഭമാക്കിയ നീക്കങ്ങൾ പലതും അപകട സൂചന നൽകിയതിനൊടുവിൽ 15ാം മിനിറ്റിൽ ഡെന്നിസ് മാൻ പറത്തിയ ബുള്ളറ്റ് ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിറകെ കളിയാകെ മാറി. കാൽമണിക്കൂർ നേരം റുമാനിയയെ കളിക്കാൻ വിട്ടവർ പിന്നീടെല്ലാം സ്വന്തം കാലുകൾക്കുള്ളിലേക്ക് ചുരുക്കി. ഒന്നിനു പിറകെ ഒന്നായി വിരിഞ്ഞുണർന്നത് കണ്ണഞ്ചും ഓറഞ്ച് നീക്കങ്ങൾ. ഇതോടെ റുമേനിയക്ക് ഒത്തിണക്കം നഷ്ടമായി.

ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ ഡച്ച് ബോക്സിൽ വെല്ലുവിളി ഉയർത്തിയെങ്കിലും ഗോളിലെത്തിയില്ല. എന്നാൽ, പലതവണ ഡച്ചുകാരുടെ നീക്കം ഗോളിനടുത്തെത്തി. 23ാം മിനിറ്റിൽ റുമേനിയൻ താരങ്ങളുടെ മികച്ചൊരു നീക്കം ഡച്ചുകാർ പ്രതിരോധിച്ചു. 26ാം മിനിറ്റിൽ മെംഫിസ് ഡിപായ് എടുത്ത കോർണറിൽ ആരാലും മാർക്ക് ചെയ്യാതെ ബാക്ക് പോസ്റ്റിലുണ്ടായിരുന്ന സ്റ്റെഫാൻ ഡി വ്രിജിന്‍റെ ഹെഡ്ഡർ, പന്ത് പോസ്റ്റിനു തൊട്ടരികിലൂടെ പുറത്തേക്ക്. 32ാം മിനിറ്റിൽ ഡെൻസൽ ഡംഫ്രീസ് വലതുവിങ്ങിൽനിന്ന് പോസ്റ്റിനു തൊട്ടുമുന്നിലുണ്ടായിരുന്ന മെംഫിസിനു നൽകിയ ക്രോസ് റുമേനിയൻ പ്രതിരോധ താരം റാഡു ഡ്രാഗുസിൻ രക്ഷപ്പെടുത്തി. അവസാന മിനിറ്റുകളിൽ റുമേനിയ ഒന്നിലധികം തവണ ഡച്ച് പോസ്റ്റിലെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.

54ാം മിനിറ്റിൽ ലീഡ് വർധിപ്പിക്കാനുള്ള സുവർണാവസരം ഡച്ചുകാർ നഷ്ടപ്പെടുത്തി. തൊട്ടുപിന്നാലെ കോർണറിൽനിന്നുള്ള പന്തിന് ഡച്ച് പ്രതിരോധ താരം വെർജിൽ വാൻ ഡൈക്കിന്‍റെ ഒരു മനോഹര ഹെഡ്ഡർ, പന്ത് പോസ്റ്റിൽ തട്ടി പുറത്തേക്ക്. 62ാം മിനിറ്റിൽ ഗാക്പോ ക്ലോസ് റേഞ്ചിൽ വലകുലുക്കി, ഡച്ച് താരങ്ങൾ ആഘോഷവും തുടങ്ങി. എന്നാൽ, വാർ പരിശോധനയിൽ റഫറി ഓഫ് സൈഡ് വിധിച്ചു. ഡച്ചുകാർ തുടരെ തുടരെ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. 68ാം ബോക്സിനു തൊട്ടുവെളിയിൽ ഡച്ചുകാർക്ക് അനുകൂലമായി ഫ്രീകിക്ക്. മെംഫിസിന്‍റെ നിലംപറ്റെയുള്ള ഷോട്ട് പ്രതിരോധ താരങ്ങൾക്കിടയിലൂടെ പോസ്റ്റിനു തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പുറത്തേക്ക്.

മത്സരത്തിൽ വ്യക്തായ ആധിപത്യം പുലർത്തുമ്പോഴും റുമേനിയൻ പൂട്ടു പൊളിക്കാൻ ഡച്ചു പടക്കായില്ല. ഒടുവിൽ 83ാം മിനിറ്റിൽ കാത്തിരുന്ന ഗോളെത്തി. ഗാക്പോ ഇടതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റമാണ് ഗോളിലെത്തിയത്. പ്രതിരോധ താരങ്ങളെ മറികടന്ന് പോസ്റ്റിനു സമീപത്തേക്ക് കടന്നുകയറിയ താരത്തിന്‍റെ പാസ്സ് ഡോണിയൽ മാലെന് ഗോളിപോലുമില്ലാത്ത പോസ്റ്റിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ മാലെൻ ലീഡ് ഉയർത്തി. തുർക്കിയ-ഓസ്ട്രീയ മത്സരത്തിലെ വിജയികളെയാണ് ക്വാർട്ടറിൽ നെതർലൻഡ്സ് നേരിടുക.

Tags:    
News Summary - Euro 2024: Romania 0-3 Netherlands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.