യമാൽ മാജിക്! ഒന്നിന് രണ്ടെണ്ണം മറുപടി; ഫ്രാൻസിനെതിരെ സ്പെയിൻ മുന്നിൽ

മ്യൂണിക്ക്: യൂറോ കപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ ഫ്രാൻസിനെതിരെ സ്പെയിൻ ഒന്നിനെതിരെ രണ്ടു ഗോളിനു മുന്നിൽ. ലമീൻ യമാൽ, ഡാനി ഓൽമോ എന്നിവരാണ് സ്പെയിനിനായി വലകുലുക്കിയത്. കോലോ മുവാനി ഫ്രാൻസിനായി ഗോൾ നേടി.

പതിവുപോലെ സ്പെയിനിന്‍റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. മൂന്നാം മിനിറ്റിൽ തന്നെ ഫ്രഞ്ച് ബോക്സ് വിറപ്പിച്ചു.

അഞ്ചാം മിനിറ്റിൽ ലീഡെടുക്കാനുള്ള സുവർണാവസരം സ്പെയിൻ നഷ്ടപ്പെടുത്തി. വലതു വിങ്ങിൽനിന്ന് കൗമാരതാരം ലമിൻ യമാൽ നൽകിയ മനോഹര ക്രോസ് ഫാബിയാൻ റൂയിസ് ഹെഡ്ഡ് ചെയ്തെങ്കിലും പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക് പോയി. കളിയുടെ ഗതിക്ക് വിപരീതമായി മത്സരത്തിൽ ഫ്രഞ്ചുകാരാണ് ആദ്യം ലീഡെടുത്തത്.

ഒമ്പതാം മിനിറ്റിൽ ബോക്സിന്‍റെ ഇടതു വിങ്ങിൽനിന്ന് കിലിയൻ എംബാപ്പെ ഉയർത്തി നൽകിയ ക്രോസ് മുവാനി ഹെഡ്ഡറിലൂടെ വലയിലാക്കി. ടൂർണമെന്‍റിൽ ഫ്രഞ്ചുകാർ നേടുന്ന ആദ്യ ഓപ്പൺ പ്ലേ ഗോളാണിത്. ടൂർണമെന്‍റിൽ ഇതുവരെ കണ്ട ഫ്രാൻസല്ല സെമിയിൽ. മാസ്ക് അഴിച്ചുവെച്ച എംബാപ്പെ ചടുല നീക്കങ്ങളുമായി കളം നിറഞ്ഞതോടെ ഫ്രാൻസിന്‍റെ ആക്രമണത്തിനു മൂർച്ചകൂടി. ഗോൽ വഴങ്ങിയതോടെ സ്പെയിൻ കൂടുതൽ ഉണർന്നു കളിച്ചു. ഇതോടെ മത്സരവും കൂടുതൽ ആവേശകരമായി. ഒടുവിൽ

21ാം മിനിറ്റിൽ വണ്ടർ കിണ്ട് യമാലിന്‍റെ മാജിക് ഗോളിലൂടെ സ്പെയിൻ ഒപ്പമെത്തി.

ബോക്സിനു പുറത്തുനിന്ന് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് യമാൽ തൊടുത്ത ഷോട്ട് ഇടതു പോസ്റ്റിൽ തട്ടി വലയിൽ കയറി. ഒരു ഗോൾ സാധ്യതപോലുമില്ലാതിരുന്ന 30 വരെ അകലെ നിന്നുള്ള പൊസിഷനിൽനിന്നാണ് യമാൽ ഫ്രഞ്ച് ഗോളി മൈക്ക് മെയ്ഗ്നനെയും നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചത്. യൂറോ കപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഇതോടെ യമാൽ സ്വന്തമാക്കി. 16 വയസ്സും 362 ദിവസവുമാണ് താരത്തിന്‍റെ പ്രായം.1958 വെയിൽസ് ലോകകപ്പിൽ പെലെ ഗോൾ നേടുമ്പോൾ പ്രായം 17 വർഷവും 239 ദിവസവുമായിരുന്നു.

ഗോൾ വീണതിന്‍റെ ഞെട്ടലിൽനിന്ന് ഫ്രഞ്ചുകാർ മുക്തമാകുന്നതിനു മുമ്പേ സ്പെയിൻ അവരുടെ വലയിൽ വീണ്ടും പന്തെത്തിച്ചു. ബോക്സിനുള്ളിൽ ഫ്രഞ്ച് പ്രതിരോധ താരം ക്ലിയർ ചെയ്ത പന്ത് നേരെ വന്നു വീണത് ഓൽമോയുടെ കാലിൽ. ഔറേലിയൻ ചൗമേനിയെ മറികടന്ന് താരം തൊടുത്ത ബുള്ളറ്റ് ഷോട്ട് പ്രതിരോധ താരം ജൂൾസ് കുണ്ടെയുടെ കാലിൽ തട്ടി പോസ്റ്റിൽ കയറി. ആദ്യം ഓൺ ഗോളായാണ് പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് ഓൽമോയുടെ പേരിൽ തന്നെ ഗോൾ അനുവദിക്കുകയായിരുന്നു.

ഈ യൂറോയിലെ താരത്തിന്‍റെ മൂന്നാമത്തെ ഗോളാണിത്. ക്വാർട്ടർ ഫൈനൽ വരെ ഫ്രാൻസ് ഒരു ഗോൾ മാത്രമാണ് വഴങ്ങിയിരുന്നത്. അതും പോളണ്ടിനെതിരെ പെനാൽറ്റിയിൽ. സെമിൽ ആദ്യ പകുതി പിന്നിടുമ്പോൾ തന്നെ അവർ രണ്ടു ഗോളുകളാണ് വഴങ്ങിയത്.

Tags:    
News Summary - Euro 2024: Spain 2-1 France

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.