ഫ്രാങ്ക്ഫർട്ട്: യൂറോ കപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് ഇൻജുറി ഗോളിൽ സമനില കൊണ്ട് രക്ഷപ്പെട്ട് ജർമനി. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു.
ഗ്രൂപ്പ് ചാമ്പ്യന്മാരായ ജർമനിക്കു പുറമെ അഞ്ചു പോയന്‍റുമായി സ്വിറ്റ്സർലൻഡും പ്രീ ക്വാർട്ടറിലെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹംഗറിയോട് ഇൻജുറി ടൈമിലെ അവസാന സെക്കൻഡിൽ (90+10) ഗോൾ വഴങ്ങിയത് സ്കോട്ട്ലൻഡിന്‍റെ നോക്കൗട്ട് പ്രതീക്ഷകൾ തകർത്തു. ജയിച്ച് മികച്ച മൂന്നാം സ്ഥാനക്കാരായി അവസാന പതിനാറിലെത്താനുള്ള അവസരമാണ് അവർ കൈവിട്ടത്.
സ്വിസിനായി ഡാൻ എൻഡോയെയും ജർമനിക്കായി നിക്ലസ് ഫുൾക്രഗുമാണ് ഗോൾ നേടിയത്. പന്തടക്കത്തിലും ആക്രമണത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ബഹുദൂരം മുന്നിൽനിന്ന ജർമനിക്ക് സമനില ഗോളിനായി രണ്ടാംപകുതിയുടെ ഇൻജുറി ടൈം വരെ പൊരുതേണ്ടി വന്നു. ജർമനിയെ ഞെട്ടിച്ച് മത്സരത്തിൽ ആദ്യം ലീഡെടുത്തത് സ്വിറ്റ്സർലൻഡാണ്. 28ാം മിനിറ്റിൽ ഫാബിയാൻ റീഡർ ബോക്സിനകത്തേക്ക് നീട്ടിനൽകിയ പന്ത് സ്വീകരിച്ച റെമോ ഫ്രൂലർ, ഗോൾമുഖത്തേക്ക് നൽകിയ ക്രോസ് എൻഡോയ വലയിലേക്ക് തിരിച്ചുവിടുമ്പോൾ ജർമൻ ഗോളി മാനുവൽ ന്യൂയർ നിസ്സഹായനായിരുന്നു.
17ാം മിനിറ്റിൽ റോബർട്ട് ആൻഡ്രിച്ചിന്‍റെ ബോക്സിനു പുറത്തുനിന്നുള്ള ബുള്ളറ്റ് ഷോട്ട് സ്വിസ് ഗോളി യാൻ സോമറെ മറികടന്ന് വലയിൽ കയറിയിരുന്നു, പിന്നാലെ ജർമൻ താരങ്ങൾ ആഘോഷവും തുടങ്ങി. എന്നാൽ, വാർ പരിശോധനയിൽ റഫറി ഗോൾ നിഷേധിച്ചു. ബോക്സിനുള്ളിൽ ജമാൽ മൂസിയാല സ്വിസ് താരം മൈക്കൽ എബിഷറെ ഫൗൾ ചെയ്തതാണ് തിരിച്ചടിയായത്. പ്രസ്സിങ് ഗെയിമുമായി ജർമനി കളം നിറയുന്നതിനിടെയാണ് കിട്ടിയ അവസരം മുതലെടുത്ത് സ്വിറ്റ്സർലൻഡ് മത്സരത്തിൽ ലീഡെടുത്തത്.
രണ്ടു മിനിറ്റിനുള്ളിൽ വീണ്ടും എൻഡോയയുടെ ഗോൾ ശ്രമം. അന്‍റോണിയോ റൂഡിഗറിൽനിന്ന് പന്ത് തട്ടിയെടുത്ത് താരം തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് വലതു പോസ്റ്റിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പുറത്തേക്ക് പോയി. നിരവധി തവണ ജർമൻ താരങ്ങൾ സ്വിറ്റ്സർലൻഡിന്‍റെ ബോക്സിലേക്ക് കടന്നുകയറിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് തിരിച്ചടിയായത്.
ഗോൾ വീണതോടെ താളം നഷ്ടപ്പെട്ട ജർമനി ഇടവേളക്കുശേഷം ഒത്തിണക്കം വീണ്ടെടുത്തു. 50ാം മിനിറ്റിൽ മൂസിയാലയുടെ ബോക്സിനു തൊട്ടുവെളിയിൽനിന്നുള്ള കിടിലൻ ഷോട്ട് സ്വിസ് ഗോളി തട്ടിയകറ്റി. ജർമനിയുടെ മുന്നേറ്റങ്ങളെല്ലാം സ്വിസ് പ്രതിരോധത്തിൽ തട്ടി അവസാനിച്ചു. 15 മിനിറ്റിനിടെ യുവതാരങ്ങളായ മൂസിയാല, വിർട്സ് ഉൾപ്പെടെയുള്ളവരെ പിൻവലിച്ച് ജർമൻ പരിശീലകൻ ജൂലിയൻ നഗൽസ്മാൻ അഞ്ചു പകരക്കാരെ കളത്തിലിറക്കി. 83ാം മിനിറ്റിൽ പകരക്കാരൻ റൂബൻ വർഗാസിലൂടെ സ്വിസ് രണ്ടാം ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. തൊട്ടുപിന്നാലെ സ്വിസ് താരം സാകയുടെ 20 വാരെ അകലെ നിന്നുള്ള ഷോട്ട് ന്യൂയർ തട്ടിയകറ്റി.
സ്വിറ്റ്സർലൻഡ് അട്ടിമറി ജയം നേടിയെന്ന് ഏവരും ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ നിക്ലസ് ഫുൾക്രസ് ജർമനിയുടെ രക്ഷകനായി അവതരിക്കുന്നത്. മറ്റൊരു പകരക്കാരൻ ഡേവിഡ് റാം ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്ത് ഹെഡ്ഡറിലൂടെ ഫുൾക്രസ് വലയിലാക്കുമ്പോൾ സ്വിസ് ഗോളി കാഴ്ചക്കാരനായിരുന്നു.
ഹംഗറിക്കായി ഇൻജുറി ടൈമിലാണ് (90+10) കെവിൻ സിസോബോത്ത് വിജയ ഗോൾ നേടിയത്. മൂന്നു പോയന്‍റുമായി അവർ ഗ്രൂപ്പിൽ മൂന്നാമത് ഫിനിഷ് ചെയ്തു. ഒരു പോയന്‍റുള്ള സ്കോട്ട്ലൻഡ് അവസാന സ്ഥാനത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.