ചാമ്പ്യന്മാർക്ക് കണ്ണീർമടക്കം! ഇറ്റലി കടന്ന് സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ

ബെർലിൻ: നിലവിലെ ചാമ്പ്യന്മാരെ ഇറ്റലിയെ 2-0ന് തകർത്ത് സ്വിറ്റ്സർലൻഡ് യൂറോ കപ്പ് ക്വാർട്ടറിൽ. 37ാം മിനിറ്റിൽ റെമോ ഫ്രൂളറും 46ാം മിനിറ്റിൽ റൂബൻ വർഗാസുമാണ് ഗോൾ നേടിയത്.

മിഡ്ഫീൽഡർ ഷെർദാൻ ഷകീരിയില്ലാതെയാണ് സ്വിസ് ടീം ഇറങ്ങിയത്. എ.എസ് റോമയുടെ മുന്നേറ്റതാരം സ്റ്റെഫാൻ എൽ ഷറാവിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. സ്വിസ് മുന്നേറ്റത്തോടെയായിരുന്നു കളിയുടെ തുടക്കം. 16 ാം മിനിറ്റിൽ ഇറ്റലിയുടെ ആദ്യ ആക്രമണം സ്വിസ് പ്രതിരോധം കോർണർ വഴങ്ങി ഒഴിവാക്കി. പിന്നീട് സ്വിസ് നിയന്ത്രണത്തിലായി നീക്കങ്ങൾ. 24ാം മിനിറ്റിൽ സ്വിസ് ഫോർവേഡ് എംബോലോക്ക് ലഭിച്ച സുവർണാവസരം മുതലാക്കാനായില്ല. ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ഡോണറുമ്മയാണ് പന്ത് തട്ടിയകറ്റുകയായിരുന്നു. 37ാം മിനിറ്റിൽ ഇറ്റലിയെ ഞെട്ടിച്ച് ആദ്യ ഗോളെത്തി. മിഡ്ഫീൽഡർ റൂബൻ വർഗാസിന്റെ മിന്നൽ ആക്രമണത്തിലാണ് ഗോൾ പിറന്നത്. റെമോ ഫ്രൂളറായിരുന്നു സ്കോറർ.

ആദ്യപകുതിയിൽ 65 ശതമാനം സമയവും പന്ത് കൈവശം വെച്ച സ്വിറ്റ്സർലൻഡിനായി ഫോർവേഡ് ബ്രീൽ എംബോലോക്ക് ഒന്നിലേറെ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. രണ്ടാം പകുതിയുടെ തുടങ്ങിയതും രണ്ടാം ഗോൾ ഒരുമിച്ചായിരുന്നു. വർഗാസിന്റെ ബോക്സിന് പുറത്തുനിന്നുള്ള ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ മഞ്ഞക്കാർഡ് കണ്ട ഷറാവിക്ക് പകരം രണ്ടാംപകുതിയിൽ കഴിഞ്ഞ കളിയിലെ ഹീറോ സക്കാനി ഇറങ്ങി. രണ്ടാം പകുതിയിൽ ഇറ്റലി താളം കണ്ടെത്തിയെങ്കിലും ഗോളവസരങ്ങൾ മുതലാക്കാനായില്ല. 1993ൽ ലോകകപ്പ് യോഗ്യത മത്സരം ജയിച്ചശേഷം ആദ്യമായാണ് ഇറ്റലിക്കെതിരെ സ്വിറ്റ്സർലൻഡ് വിജയം നേടുന്നത്.

Tags:    
News Summary - Euro 2024: Switzerland 2-0 Italy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.