ജർമനിയെ ഞെട്ടിച്ച് സ്വിറ്റ്സർലൻഡ്; ഇടവേളക്കു പിരിയുമ്പോൾ ഒരു ഗോളിനു പിന്നിൽ

ഫ്രാങ്ക്ഫർട്ട്: യൂറോ കപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ സ്വിറ്റ്സർലൻഡിനെതിരെ കരുത്തരായ ജർമനി ഒരു ഗോളിനു പിന്നിൽ. പന്തടക്കത്തിലും ആക്രമണത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും മുന്നിട്ടുനിൽക്കുന്ന ജർമനിക്കെതിരെ കിട്ടിയ അവസരം മുതലെടുത്താണ് സ്വിസ് ലീഡെടുത്തത്.

ഡാൻ എൻഡോയയാണ് സ്വിറ്റ്സർലൻഡിനായി ഗോൾ നേടിയത്. 28ാം മിനിറ്റിൽ ഫാബിയാൻ റീഡർ ബോക്സിനകത്തേക്ക് നീട്ടിനൽകിയ പന്ത് സ്വീകരിച്ച റെമോ ഫ്രൂലർ, ഗോൾമുഖത്തേക്ക് നൽകിയ ക്രോസ് എൻഡോയ വലയിലേക്ക് തിരിച്ചുവിടുമ്പോൾ ജർമൻ ഗോളി മാനുവൽ ന്യൂയർ നിസ്സഹായനായിരുന്നു.

17ാം മിനിറ്റിൽ റോബർട്ട് ആൻഡ്രിച്ചിന്‍റെ ബോക്സിനു പുറത്തുനിന്നുള്ള ബുള്ളറ്റ് ഷോട്ട് വലയിൽ കയറിയിരുന്നു, പിന്നാലെ ജർമൻ താരങ്ങൾ ആഘോഷവും തുടങ്ങി. എന്നാൽ, വാർ പരിശോധനയിൽ റഫറി ഗോൾ നിഷേധിച്ചു. ബോക്സിനുള്ളിൽ ജമാൽ മൂസിയാല സ്വിസ് താരം മൈക്കൽ എബിഷറെ ഫൗൾ ചെയ്തതാണ് തിരിച്ചടിയായത്. പ്രസ്സിങ് ഗെയിമുമായി ജർമനി കളം നിറയുന്നതിനിടെയാണ് കിട്ടിയ അവസരം മുതലെടുത്ത് സ്വിറ്റ്സർലൻഡ് മത്സരത്തിൽ ലീഡെടുത്തത്.

രണ്ടു മിനിറ്റിനുള്ളിൽ വീണ്ടും എൻഡോയയുടെ ഗോൾ ശ്രമം. അന്‍റോണിയോ റൂഡിഗറിൽനിന്ന് പന്ത് തട്ടിയെടുത്ത് താരം തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് വലതു പോസ്റ്റിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പുറത്തേക്ക് പോയി. നിരവധി തവണ ജർമൻ താരങ്ങൾ സ്വിറ്റ്സർലൻഡിന്‍റെ ബോക്സിലേക്ക് കടന്നുകയറിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് തിരിച്ചടിയായത്. എ ഗ്രൂപ്പിലെ സ്കോട്ട്ലൻഡ്-ഹംഗറി മത്സരവും ആദ്യ പകുതി പിന്നിടുമ്പോൾ ഗോർ രഹിതമാണ്.

ജർമൻ-സ്വിറ്റ്സർലൻഡ് മത്സരത്തിൽ ജയിക്കുന്നവർക്ക് ഗ്രൂപ്പ് ജേതാക്കളാകാനാകും. ജർമനി നേരത്തെ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. സ്കോട്ട്ലൻഡ് ജയിക്കുകയാണെങ്കിൽ മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്താനുള്ള സാധ്യതയും ടീമിനു മുന്നിലുണ്ട്.

Tags:    
News Summary - Euro 2024: Switzerland shocked Germany; A goal behind at the break

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.