പറങ്കി പടയോട്ടത്തിൽ തുർക്കിയ തരിപ്പണം! മൂന്നടിച്ച് പോർചുഗൽ പ്രീക്വാർട്ടറിൽ

ഡോർട്ട്മുണ്ട്: യൂറോ കപ്പ് ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ തുർക്കിയയെ വീഴ്ത്തി പോർചുഗൽ പ്രീ ക്വാർട്ടറിൽ. ഏകപക്ഷീയമായ മൂന്നു ഗോളിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സംഘത്തിന്‍റെയും ജയം. ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണ് വലകുലുക്കിയത്. മറ്റൊന്ന് തുർക്കിയ താരം സാമെത് അകയ്ദീന്‍റെ ഓൺ ഗോളായിരുന്നു.

21ാം മിനിറ്റിൽ സിൽവയാണ് ആദ്യ ഗോൾ നേടിയത്. ബോക്സിന്‍റെ ഇടതു പാർശ്വത്തിൽനിന്ന് ന്യൂനോ മെൻഡിസ് ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. തുർക്കിഷ് താരത്തിന്‍റെ കാലിൽതട്ടി ഗതിമാറി വന്ന പന്ത് ബെർണാഡോ സിൽവ വലയിലേക്ക് അടിച്ചുകയറ്റി. പോർചുഗലിനായി താരത്തിന്‍റെ 12ാം ഗോളാണിത്.

ഏഴു മിനിറ്റിനുള്ളിൽ തുർക്കിയ വലയിൽ രണ്ടാം ഗോളുമെത്തി. തുർക്കിയ താരങ്ങൾക്കിടയിലെ ആശയക്കുഴപ്പമാണ് ഓൺ ഗോളിൽ കലാശിച്ചത്. പ്രതിരോധ താരം സാമെത് അകയ്ദീൻ ഗോളിക്ക് നൽകിയ മൈനസ് പാസാണ് വലയിൽ കയറിയത്. ഈസമയം ഗോൾകീപ്പർ അൽതയ് ബയിന്ദിർ മുന്നോട്ടു കയറിവന്നതിനാൽ പന്ത് നേരെ പോസ്റ്റിലേക്കാണ് പോയത്. ഗോൾ കീപ്പറും മറ്റൊരു താരവും പന്ത് തടയാനുള്ള ശ്രമം നടത്തിയെങ്കിലും അതിനു മുമ്പേ വര കടന്നിരുന്നു.

ആദ്യ 20 മിനിറ്റ് ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു ഇരുടീമുകളും. സെൽഫ് ഗോൾ വീണതോടെ തുർക്കിഷ് താരങ്ങൾക്ക് ഒത്തിണക്കം നഷ്ടപ്പെട്ടു. ഒറ്റപ്പെട്ട നീക്കങ്ങൾ നടത്തിയെങ്കിലും ഗോളിലേക്കെത്തിയില്ല. ഇടവേളക്കുശേഷവും പന്തിന്മേലുള്ള ആധിപത്യം പറങ്കിപടക്ക് തന്നെയായിരുന്നു. 56ാം മിനിറ്റിൽ ബ്രൂണോ ഫെർണാഡസ് പോർചുഗലിനായി മൂന്നാം ഗോൾ നേടി. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽനിന്നാണ് താരം വലകുലുക്കിയത്. ക്രിസ്റ്റ്യാനോ ലോങ് പാസ് സ്വീകരിക്കുമ്പോൾ മുമ്പിൽ തുർക്കിയ ഗോളി മാത്രമാണുണ്ടായിരുന്നത്.

പന്തുമായി മുന്നേറിയ താരം പോസ്റ്റിലേക്ക് നിറയൊഴിക്കുമെന്ന് തോന്നിച്ചെങ്കിലും സമാന്തരമായി ഓടിയെത്തിയ ബ്രൂണോക്ക് പന്ത് കൈമാറി. താരത്തിന് പന്ത് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ക്രിസ്റ്റ്യാനോയുടെ ഏഴാമത്തെ അസിസ്റ്റാണിത്. യൂറോ കപ്പിന്‍റെ ചരിത്രത്തിൽ ഇത് റെക്കോഡാണ്. പന്ത് കൈവശം വെക്കുന്നതിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും പോർചുഗലിനായിരുന്നു മുൻതൂക്കം.

രണ്ടു മത്സരങ്ങളും ജയിച്ച് ആറു പോയന്‍റുമായാണ് ഗ്രൂപ്പ് എഫിൽനിന്ന് പോർചുഗൽ അവസാന പതിനാറിലെത്തിയത്. മൂന്നു പോയന്‍റുമായി തുർക്കിയ രണ്ടാമതാണ്. മൂന്നാമതുള്ള ചെക്ക് റിപ്പബ്ലിക്കിനും നാലാമതുള്ള ജോർജിയക്കും ഒരു പോയന്‍റ് വീതമാണുള്ളത്.

Tags:    
News Summary - Euro 2024: Turkey 0-3 Portugal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.