ഹാംബർഗ്: യൂറോകപ്പിൽ നാല് മത്സരങ്ങളോടെ ഗ്രൂപ് പോരാട്ടത്തിന് ഇന്ന് അവസാനം. ഇ ഗ്രൂപ്പിൽ റൊമേനിയയും സ്ലോവാക്യയും ബെൽജിയവും യുക്രെയ്നും എഫ് ഗ്രൂപ്പിൽ പോർച്ചുഗലും ജോർജിയയും തുർക്കിയും ചെക്ക് റിപ്പബ്ലികും ഏറ്റുമുട്ടും.
ആദ്യ രണ്ട് കളികളും ജയിച്ച് പ്രീക്വാർട്ടർ ഫൈനൽ ഉറപ്പിച്ച പോർച്ചുഗലിന് അവസാന മത്സരവും എളുപ്പം ജയിക്കാനാവുന്ന എതിരാളികളാണ് ജോർജിയ. ആറ് പോയന്റുള്ള പോർച്ചുഗലിന് പിന്നിൽ മൂന്ന് പോയന്റുമായി തുർക്കിയാണുള്ളത്. ഒരു പോയന്റാണ് ജോർജിയയുടെ സമ്പാദ്യം. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30ന് ഗെൽഷൻകിർഷനിലാണ് മത്സരം.
മറുഭാഗത്ത് ജോർജിയ തുടക്കക്കാരാണെങ്കിലും ചെക്ക് റിപ്പബ്ലിക്കിനെതിരെ സമനില പാലിച്ച കളിയിൽ കാണികളുടെ കൈയടി നേടിയിരുന്നു. ചെക്ക് റിപ്പബ്ലിക് തുർക്കിയോട് തോറ്റാൽ ജോർജിക്ക് പോർച്ചുഗലിനെതിരായ സമനിലപോലും പ്രീക്വാർട്ടറിലേക്ക് വഴിതുറക്കും.
മൂന്ന് പോയന്റുള്ള തുർക്കിക്ക് ചെക്ക് റിപ്പബ്ലക്കിനെതിരെ സമനില നേടിയാൽ പ്രീക്വാർട്ടർ ഉറപ്പിക്കാം. ചെക്ക് റിപ്പബ്ലിക്കിന് ജയിച്ചാൽ പ്രതീക്ഷ ഏറെയാണ്. തുർക്കി തോൽക്കുകയും പോർച്ചുഗലിനെ ജോർജിയ അട്ടിമറിക്കുകയും ചെയ്താൽ തുർക്കി പുറത്താകും.
ഗ്രൂപ് ഇയിൽ എല്ലാ ടീമുകൾക്കും പ്രീക്വാർട്ടർ സാധ്യതയുണ്ട്. രണ്ട് കളികളിൽ നാല് ടീമുകൾക്കും മൂന്ന് പോയൻറ് വീതം. ഗോൾ ശരാശരിയും റാങ്കിങ്ങുമെല്ലാം സ്ഥാനം തീരുമാനിക്കുന്ന അവസ്ഥ. സ്റ്റുട്ഗർട്ടിലാണ് ബെൽജിയവും യുക്രെയ്നും ഏറ്റുമുട്ടുന്നത്.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ റൊമാനിയക്കും സ്ലോവാക്യക്കും സമനില കിട്ടിയാൽ അടുത്ത റൗണ്ടിലെത്താം. മികച്ച ഗോൾ ശരാശരി റൊമാനിയക്ക് രക്ഷയാകും. മികച്ച മൂന്നാം സ്ഥാനക്കാരിലൊരാളായി സ്ലോവാക്യക്കും മുന്നേറാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.