ഡബ്ലിൻ: യൂറോ യോഗ്യത മത്സരത്തിൽ അയർലൻഡ് റിപ്പബ്ലിക്കിനെ തോൽപിച്ച നെതർലൻഡ്സ്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഡച്ചുകാരുടെ വിജയം. പകരക്കാരനായെത്തിയ വൗട്ട് വെഗോസ്റ്റ് ആണ് വിജയഗോൾ സമ്മാനിച്ചത്. ഗ്രൂപ് ബിയിലെ നിർണായക മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ അയർലൻഡിന് അനുകൂലമായി പെനാൽറ്റി ലഭിച്ചപ്പോൾ ആദം ഇദാഹ് പിഴവില്ലാതെ പന്ത് വലയിലെത്തിച്ചു. എന്നാൽ, 19ാം മിനിറ്റിൽ ഡച്ചുകാർക്ക് അനുകൂലമായും പെനാൽറ്റി ലഭിക്കുകയും ലിവർപൂൾ താരം കോഡി ഗാപ്കൊ ലക്ഷ്യത്തിലേക്കയക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ വെഗോസ്റ്റ് 56ാം മിനിറ്റിലാണ് വിജയം സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഗ്രീസിനെതിരെയും താരം ഗോൾ നേടിയിരുന്നു.
ഗ്രൂപ് ബിയിലെ മറ്റൊരു മത്സരത്തിൽ ഗ്രീസ് എതിരില്ലാത്ത അഞ്ച് ഗോളിന് ജിബ്രാൾട്ടറിനെ തകർത്തു. മവ്റോപാനോസും മസൂറാസും ഇരട്ട ഗോൾ നേടി. ഗ്രൂപ്പിൽ 15 പോയന്റുള്ള ഫ്രാൻസാണ് ഒന്നാമത്. ഒമ്പത് വീതം പോയന്റുമായി നെതർലൻഡ്സ് രണ്ടാമതും ഗ്രീസ് മൂന്നാമതുമാണ്. ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് യൂറോ കപ്പിന് യോഗ്യത നേടാനാവുക. മറ്റു ഗ്രൂപ്പുകളിൽ അൽബേനിയ 2-0ത്തിന് പോളണ്ടിനെയും സെർബിയ 3-1ന് ലിത്വാനിയയെയും സ്ലോവേനിയ 4-0ത്തിന് സാൻ മറിനോയെയും പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.