ലോക ഫുട്ബാളിനെ ഞെട്ടിക്കുന്ന വാർത്തയാണ് ഞായറാഴ്ച വൈകീട്ട് യൂറോപ്യൻ ഫുട്ബാളിൽ പൊട്ടിവീണത്. നിലവിൽ യൂറോപ്യൻ ക്ലബ് ഫുട്ബാളിനെ നിയന്ത്രിക്കുന്ന ചാമ്പ്യൻസ് ലീഗിന് മരണമണി മുഴക്കി പുതിയ യൂറോപ്യൻ സൂപ്പർ ലീഗുമായി 12 വമ്പൻ ക്ലബുകളാണ് രംഗത്തെത്തിയത്. നിലവിലെ ആഭ്യന്തര, യൂറോപ്യൻ ക്ലബ് മത്സരങ്ങളെ ബാധിക്കില്ലെന്നാണ് മുന്നിട്ടിറങ്ങുന്നവരുടെ വാദമെങ്കിലും പണക്കാരുടെ മാത്രം കളിയായി മാറുമെന്നും ചെറു ക്ലബുകൾ കൂടുതൽ ഒതുക്കപ്പെടുമെന്നുമാണ് മറുവാദം. വമ്പൻ ക്ലബുകളിലേക്ക് മാത്രം പണം സ്വരൂപിക്കുന്നുവെന്നും വിമർശനമുണ്ട്.
12 ടീമുകളാണ് സൂപ്പർ ലീഗിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിൽനിന്ന് ആറും (മാഞ്ചസ്റ്റർ യുനൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്സനൽ, ചെൽസി, ടോട്ടൻഹാം) സ്പെയിനിൽനിന്ന് മൂന്നും (റയൽ മഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്) ഇറ്റലിയിൽനിന്ന് മൂന്നും (യുവൻറസ്, എ.സി മിലാൻ, ഇൻറർ മിലാൻ) ക്ലബുകളാണ് സ്ഥാപക ക്ലബുകൾ എന്ന പേരിലുള്ളത്. മൂന്നു ടീമുകൾകൂടി ഇതിലേക്ക് വരുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും ഏതൊക്കെ ടീമുകളെന്ന് വ്യക്തമല്ല.
ബയേൺ മ്യൂണിക്, ബൊറൂസിയ ഡോർട്ട്മുണ്ട്, പി.എസ്.ജി തുടങ്ങിയ ടീമുകൾ സൂപ്പർ ലീഗിൽ ചേരാനുള്ള ക്ഷണം നിരസിച്ചതായാണ് സൂചന. ഇതോടെ, ജർമൻ, ഫ്രഞ്ച് പ്രാതിനിധ്യം സൂപ്പർ ലീഗിലുണ്ടാവില്ല. റയൽ മഡ്രിഡ് പ്രസിഡൻറ് ഫ്ലോറൻറീനോ പെരസാണ് സൂപ്പർ ലീഗ് പ്രസിഡൻറ്. യുവൻറസ് ചെയർമാൻ ആന്ദ്രിയ ആഗ്നെല്ലി, മാഞ്ചസ്റ്റർ യുനൈറ്റഡ് കോചെയർമാൻ ജോയൽ ഗ്ലേസർ, ലിവർപൂൾ ഡയറക്ടർ ജോൺ ഹെൻറി, ആഴ്സനൽ ഉടമ സ്റ്റാൻ ക്രോയൻകെ എന്നിവരാണ് വൈസ് ചെയർമാന്മാർ.
നിലവിലെ ആഭ്യന്തര മത്സരങ്ങൾക്ക് തടസ്സമുണ്ടാവാത്ത രീതിയിൽ ആഴ്ചയിലെ ഇടദിവസങ്ങളിലാണ് സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുകയെന്നാണ് സംഘാടകർ പറയുന്നത്. സ്ഥാപക 15 ടീമുകൾ കൂടാതെ യോഗ്യത റൗണ്ട് വഴി വർഷവും അഞ്ച് ടീമുകൾ കൂടിയെത്തും. 20 ടീമുകളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിക്കും. രണ്ട് ഗ്രൂപ്പുകളിലെയും 10 ടീമുകളും ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരിക്കും. ഇരു ഗ്രൂപ്പുകളിലും മുന്നിലെത്തുന്ന മൂന്നു ടീമുകൾ വീതം ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും. നാലും അഞ്ചും സ്ഥാനത്തെത്തുന്ന ടീമുകൾ ദ്വിപാദ പ്ലേഓഫ് കളിച്ച് അവസാന രണ്ട് ക്വാർട്ടർ ഫൈനലിസ്റ്റുകളെ നിർണയിക്കും. ക്വാർട്ടറും സെമിയും ദ്വിപാദം. ഫൈനൽ നിക്ഷ്പക്ഷവേദിയിൽ ഒറ്റ മത്സരമായി നടക്കും.
സൂപ്പർ ലീഗ് ആശയത്തിനെതിരെ ഫുട്ബാൾ ലോകത്തൊന്നാകെ എതിർപ്പുയരുകയാണ്. പണക്കൊഴുപ്പിെൻറ മാത്രം കളിയായി ഫുട്ബാൾ തരംതാഴുമെന്നും എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്ന കാൽപന്തുകളിയുടെ തനതു സംസ്കാരം ഇല്ലാതാകുമെന്നും എതിർപ്പുയർത്തുന്നവർ പരിതപിക്കുന്നു. മുൻ താരങ്ങളും ഫുട്ബാൾ ഭരണരംഗത്തുള്ളവരുമൊക്കെ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
യൂറോപ്യൻ ഫുട്ബാൾ ഭരണകർത്താക്കളായ യുവേഫ, ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗ്, ഇറ്റാലിയൻ ഫുടബാൾ ഫെഡറേഷനും സീരീ എയും റോയൽ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനും ലാ ലീഗയും സൂപ്പർ ലീഗിനെതിരെ സംയുക്ത പ്രസ്താവനയിറക്കി. നിയമപരമായും അല്ലാതെയും ഇതിനെ നേരിടുമെന്നും ഇവർ വ്യക്തമാക്കി. യൂറോപ്യൻ ക്ലബ് അസോസിയേഷനും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിച്ച് പ്രമുഖർ
മോശമായ ആശയം. ഇത് കൂടുതൽ കാലം മുന്നോട്ടുപോകില്ല. കളിയുടെ ഐക്യത്തെ തകർക്കുന്ന നീക്കമാണിത്.
ആഴ്സൻ വെങ്ങർ (മുൻ ആഴ്സനൽ കോച്ച്)ഫുട്ബോൾ അതിെൻറ അതുല്യമായ സാമൂഹിക സാംസ്കാരിക പൈതൃകത്തിൽ അധിഷ്ഠിതമാണ്. ആരാധകരുമായി മറ്റൊരു കായിക ഇനത്തിലുമില്ലാത്ത അമ്യൂല്യമായ ബന്ധം അതിനുണ്ട്. മറ്റേതൊരു കായിക ഇനത്തെയും പോലെ പ്രഫഷനൽ ഗെയിം വ്യാപിപ്പിക്കുന്നതിന് അവസരം ഫട്ബാൾ നൽകുകയും ചെയ്യുന്നുണ്ട്. അത് തകർക്കുന്ന നീക്കങ്ങൾ പ്രോത്സാഹിപ്പിക്കരുത്.
ഫിഫ്പ്രോ (60,000ത്തോളം ഫുട്ബാൾ കളിക്കാരുടെ ആഗോള സംഘടന) കുട്ടികൾ വളരുന്നത് ചാമ്പ്യൻസ് ലീഗും ലോകകപ്പും നേടുന്നത് സ്വപ്നം കണ്ടാണ്. അല്ലാതെ എന്തെങ്കിലും സൂപ്പർ ലീഗ് കണ്ടല്ല. വലിയ മത്സരങ്ങളിൽ ആഹ്ലാദമുണ്ടാകുന്നത് അത് വർഷത്തിലൊന്നോ രണ്ടോ തവണ ഉണ്ടാകുേമ്പാഴാണ്. എല്ലാ ആഴ്ചയും വലിയ കളികളുണ്ടായാൽ പിന്നെ അതിന് എന്തു പ്രസക്തി.
മെസ്യൂത് ഓസിൽ (മുൻ റയൽ മഡ്രിഡ്, ആഴ്സനൽ താരം) രാവിലെ എഴുന്നേറ്റതുതന്നെ മോശം വാർത്ത കേട്ടാണ്. എെൻറ ബോധ്യങ്ങളെ അവഹേളിക്കുന്ന വാർത്ത. ഫുടബാൾ സന്തോഷമാണ്, സ്വാതന്ത്ര്യമാണ്, ആവേശമാണ്. ഈ േപ്രാജക്ട് ഫുട്ബാളിനെ അവഹേളിക്കുന്നതാണ്. ഞാൻ കളിച്ച ക്ലബുകൾ ഈ േപ്രാജക്ടിനോട് ഒപ്പംനിൽക്കുന്നുവെന്നതിൽ നിരാശതോന്നുന്നു. ഇതിനെതിരെ പോരാടൂ.
ലൂകാസ് പൊഡോൾസ്കി (മുൻ ജർമൻ താരം) ഫുട്ബാൾ എല്ലാവർക്കുമെന്ന യാഥാർഥ്യത്തെയാണ് ലാലിഗ പിന്തുണക്കുന്നത്. 12 ടീമുകൾ ചേർന്നുള്ള ഈ പദ്ധതി ഫുട്ബാളിനെ നശിപ്പിക്കും. യൂറോപ്യൻ ഫുട്ബാളിെൻറ അന്ത്യം കൂടിയായിരിക്കും അത്. കുറച്ച് ടീമുകൾക്കു മാത്രം വളരാനുള്ള അനുമതിയാവും. എത്രചെറിയ ക്ലബുകളുടെ ആരാധകരും അവരുടെ ടീം കപ്പടിക്കുന്നത് സ്വപ്നം കാണുന്നവരാണ്. അവരുടെ വളർച്ചയെല്ലാം ഇല്ലാതാക്കുന്നതാണ് പുതിയ തീരുമാനം.
ലാലിഗ (ഫുട്ബാൾ അസോസിയേഷൻ സ്പെയിൻ) പണത്തോടുള്ള ആർത്തി മാത്രമാണിത്. ഇതിന് മുൻകൈയെടുത്ത ക്ലബുകൾക്ക് യൂറോപ്യൻ മത്സരങ്ങളിൽ വിലക്കേർപ്പെടുത്തണം. ആഭ്യന്തര മത്സരങ്ങളിൽ പോയൻറ് കുറക്കണം.
ഗാരി നെവിൽ (മുൻ ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുനൈറ്റഡ് താരം) ഫുട്ബാളിനോടുള്ള യുദ്ധപ്രഖ്യാപനമാണിത്. സ്വന്തം പോക്കറ്റിനെ കുറിച്ച് മാത്രം ചിന്തിക്കുന്നവരുടെ തീരുമാനമാണിത്. ഒരിക്കലും അംഗീകരിക്കാനാവില്ല.
റിയോ ഫെർഡിനാൻഡ് (മുൻ ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുനൈറ്റഡ് താരം) ഫുട്ബാൾ ജനങ്ങളുടെതാണ്, ആരാധകരുടേതാണ്. ചെറിയ ടീമുകളും വലിയ ടീമുകളോട് കളിക്കുന്നതാണ് അതിനെ മനോഹരമാക്കുന്നത്. ലോകത്തെ എല്ലാ ഫുട്ബാൾ കളിക്കാരുടെയും ആരാധകരുടെയും സ്വപ്നം വമ്പൻ ടീമുകളോട് കളിക്കുകയെന്നതാണ്. ആ സ്വപ്നത്തെ കരിച്ചുകളയുന്നതാണിത്.
ആൻഡർ ഹെരേര (സ്പെയിൻ, പി.എസ്.ജി താരം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.