ചാമ്പ്യൻസ് ലീഗിനെ വെട്ടാൻ 80 ടീമുകളുമായി യൂറോപ്യൻ സൂപർ ലീഗ്; യൂറോപിൽ ഇനി കളി മാറും?

സാമ്പത്തികമായും ആരാധക പിന്തുണ കൊണ്ടും ഏറെ മുന്നിൽനിൽക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന് സമാന്തരമായി രണ്ടു വർഷം മുമ്പ് പ്രഖ്യാപിച്ച് പരാജയമായ യൂറോപ്യൻ ടൂർണമെന്റ് വീണ്ടും വരുന്നു. മുൻ സംഘാടകരായ എ22 സ്​പോർട്സ് കമ്പനി തന്നെയാണ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ചിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരങ്ങൾ ആരംഭിക്കാൻ ഒരാഴ്ച ബാക്കിനിൽക്കെയുള്ള പ്രഖ്യാപനം സോക്കർ വൃത്തങ്ങളിൽ വീണ്ടും ഞെട്ടലായി. യൂറോപിലെ വിവിധ ലീഗുകളിലുള്ള 80 ടീമുകളെ പ​​ങ്കെടുപ്പിച്ചാകും ടൂർണമെന്റ് എന്ന് കമ്പനി ചീഫ് എക്സിക്യുട്ടീവ് ബേർൺഡ് റീച്ചാർട്ട് പറയുന്നു. നിലവിൽ 50 ഓളം ടീമുകളുമായും അനുബന്ധ സ്ഥാപനങ്ങളുമായി സംസാരിച്ച ശേഷമാണ് പ്രഖ്യാപനമെന്നാണ് റീച്ചാർട്ടിന്റെ അവകാശവാദം.

നിലവിൽ യൂറോപ്യൻ ഫുട്ബാളിന്റെ അസ്തിവാരം ഇളകിക്കിടക്കുകയാണെന്നും പോയ വീര്യം തിരി​ച്ചുപിടിക്കാനാണ് പുതിയ ടൂർണമെന്റെന്നും സംഘാടകർ പറയുന്നു. ഓരോ ക്ലബിനും 14 മത്സരം വരുന്ന നിലക്ക് 60-80 ടീമുകളെ വെച്ചാകും ടൂർണമെന്റ് സംഘടിപ്പിക്കുക.

2021ലാണ് ആദ്യമായി സമാന്തര യൂറോപ്യൻ സൂപർ ലീഗ് പ്രഖ്യാപനം വന്നത്. റയൽ മഡ്രിഡ്, ബാഴ്സലോണ, യുവന്റസ് ടീമുകൾ ഇതിന് മുന്നിൽനിന്ന പ്രമുഖരായിരുന്നു. എന്നാൽ, ആരാധക രോഷം ശക്തമായതോടെ 48 മണിക്കൂറിനുള്ളിൽ എല്ലാം തകർന്നു. പിന്തുണ നൽകിയ മാഞ്ചസ്റ്റർ യുനൈറ്റഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ടോട്ടൻഹാം, ആഴ്സണൽ, എ.സി മിലാൻ, ഇന്റർ മിലാൻ, അറ്റ്ലറ്റികോ മഡ്രിഡ് ടീമുകൾ അതിവേഗം പിൻവലിഞ്ഞു. റയൽ, ബാഴ്സ, യുവൻറസ് ടീമുകൾ മാത്രം ബാക്കിയായി. സമാന്തര മത്സരങ്ങൾ നടത്തുന്നതിനെതിരെ ഫിഫയും യുവേഫയും രംഗത്തെത്തിയ

സംഘാടകർ യൂറോപ്യൻ യൂനിയൻ കോടതിയിൽ കേസുമായി എത്തി. എന്നിട്ടും മുന്നോട്ടുപോകാതെ പാതിയിൽ നിലച്ച ടൂർണമെന്റാണ് വീണ്ടുമെത്തുന്നത്.

സ്ഥിരം ടീമുകൾ ഉണ്ടാകില്ലെന്നും കളി മികവ് മാത്രമാകും പരിഗണനയെന്നും സീസണിൽ 14 കളികൾ ഓരോ ടീമിനും തീർച്ചയായും ഉണ്ടാകുമെന്നും സംഘാടകർ പറയുന്നു. 

Tags:    
News Summary - European Super League: Fresh plans for 80-team competition announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.