നിശ്ചിത സമയത്തിന്‍റെ അവസാന നിമിഷം ഇംഗ്ലീഷ് താരം കോനോർ ഗല്ലഗെർ നേടിയ ഗോളിന്‍റെ കരുത്തിൽ ചെൽസി എഫ്.എ കപ്പ് ക്വാർട്ടറിൽ. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ അഞ്ചാം റൗണ്ട് മത്സരത്തിൽ ലീഡ്സ് യുനൈറ്റഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് നിലപ്പട വീഴ്ത്തിയത്. ക്വാർട്ടറിൽ ലൈസസ്റ്റർ സിറ്റിയാണ് ചെൽസിയുടെ എതിരാളികൾ.
നികോളാസ് ജാക്സൺ (15ാം മിനിറ്റിൽ), മൈഖൈലോ മുഡ്രിക് (37ാം മിനിറ്റിൽ), ഗല്ലഗെർ (90ാം മിനിറ്റിൽ) എന്നിവരാണ് ചെൽസിക്കായി വലകുലുക്കിയത്. മറ്റിയോ ജോസഫിന്‍റെ (എട്ട്, 59 മിനിറ്റുകളിൽ) വകയായിരുന്നു ലീഡ്സിന്‍റെ രണ്ടു ഗോളുകളും. കഴിഞ്ഞദിവസം വെംബ്ലിയിൽ കരബാവോ കപ്പ് ഫൈനലിൽ ലിവർപൂളിനോട് പരാജയപ്പെട്ടെങ്കിലും മറ്റൊരു കിരീട നേട്ടത്തിനുള്ള സാധ്യതയാണ് ചെൽസിക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നത്.
പ്രീമിയർ ലീഗിൽ നിലവിൽ 11ാം സ്ഥാനത്താണ് ടീം. മാർച്ചിൽ സ്വന്തം മൈതാനത്ത് നടക്കുന്ന ക്വാർട്ടറിൽ ജയിക്കുകയാണെങ്കിൽ മൗറിഷ്യോ പൊച്ചെറ്റിനോയുടെയും സംഘത്തിയും എഫ്.എ കപ്പ് സെമി ഫൈനൽ പോരാട്ടം വെംബ്ലിയിലാകും. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ജോസഫിലൂടെ ലീഡ്സാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. ഏഴു മിനിറ്റിനുള്ളിൽ മോയ്‌സസ് കൈസിഡോയുടെ അസിസ്റ്റിലൂടെ ജാക്സൻ ചെൽസിയെ ഒപ്പമെത്തിച്ചു.
37ാം മിനിറ്റിൽ മുഡ്രിക് ലീഡ് നേടികൊടുത്തു. 59ാം മിനിറ്റിൽ ജോസഫ് ലീഡ്സിന് സമനില നൽകി. മത്സരം അധിക സമയത്തേക്ക് കടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും 90ാം മിനിറ്റിൽ ഗല്ലഗെർ ടീമിന്‍റെ രക്ഷകനായി അവതരിച്ചു. ഫെർണാണ്ടസാണ് ഗോളിന് വഴിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.