ലണ്ടൻ: യുവതാരം ജെയ്ഡൻ ഡാൻസിന്‍റെ ഇരട്ടഗോളിൽ സതാംപ്ടണെ ഗോളിൽ മുക്കി കരുത്തരായ ലിവർപൂൾ എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ. യുവനിരയുടെ കരുത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് ചെമ്പട എതിരാളികളെ തകർത്തത്. മറ്റൊരു മത്സരത്തിൽ അവസാന നിമിഷം ബ്രസീൽ താരം കാസെമിറോ നേടിയ ഗോളിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ തകർത്ത് മാഞ്ചസ്റ്റർ യുനൈറ്റഡും ക്വാർട്ടറിലെത്തി.
ഇതോടെ ക്വാർട്ടർ ഫൈനലിൽ യുനൈറ്റഡ്-ലിവപൂർപൂൾ പോരിന് കളമൊരുങ്ങി. അടുത്തമാസം ഓൾഡ് ട്രാഫോർഡിലാണ് ചിരവൈരികളുടെ നേരങ്കം. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ അരങ്ങേറ്റക്കാരൻ ലൂയിസ് കൂമസാണ് ലിവർപൂളിനായി ആദ്യം വലകുലുക്കിയത്. 44ാം മിനിറ്റിൽ ബോബി ക്ലാർക്കിന്‍റെ പാസ്സിൽനിന്നാണ് പതിനെട്ടുകാരനായ ഡാൻസ് ലക്ഷ്യംകണ്ടത്. രണ്ടാംപകുതിയിൽ 63ാം മിനിറ്റിൽ കൂമസിന് പകരക്കാരനായാണ് ഡാൻസ് കളത്തിലെത്തുന്നത്. 73ാം മിനിറ്റിൽ എലിയറ്റിന്‍റെ പാസ്സിലാണ് ഡാൻസിന്‍റെ ആദ്യ ഗോൾ.
നിശ്ചിത സമയം അവസാനിക്കാൻ രണ്ടു മിനിറ്റ് മാത്രം ബാക്കി നിൽക്കെ, ഡാൻസ് വീണ്ടും എതിരാളികളുടെ വലകുലുക്കി. കോനോർ ബ്രാഡ്ലിയുടെ ഷോട്ട് സതാംപ്ടൺ ഗോൾ കീപ്പർ ജോ ലൂമ്ലി തട്ടിയകയറ്റിയെങ്കിലും റീബൗണ്ട് പന്ത് ഡാൻസ് ലക്ഷ്യത്തിലെത്തിച്ചു. പ്രധാന താരങ്ങളെല്ലാം പരിക്കിന്‍റെ പിടിയിലായതിനാൽ സ്റ്റാർട്ടിങ് ഇലവനിൽ 21 വയസ്സിന് താഴെയുള്ള ആറു താരങ്ങളെ ഉൾപ്പെടുത്തിയാണ് യൂർഗൻ ക്ലോപ്പ് ടീമിനെ കളത്തിലിറക്കിയത്.
കഴിഞ്ഞദിവസം കരബാവോ കപ്പ് ഫൈനൽ ടീമിന് കിരീടം നേടികൊടുത്തതും ഈ യുവനിരയുടെ പ്രകടനമാണ്. ആദ്യ പകുതിയിൽ സതാംപ്ടണ് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. അഞ്ചാം റൗണ്ട് മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് നോട്ടിങ്ഹാമിനെ യുനൈറ്റഡ് വീഴ്ത്തിയത്. 89ാം മിനിറ്റിലാണ് ബ്രൂണോ ഫെർണാണ്ടസിന്‍റെ ഫ്രീക്കിക്കിൽനിന്ന് ബ്രസീൽ പ്രതിരോധ താരം യുനൈറ്റഡിനായി ലക്ഷ്യംകണ്ടത്.
ഇരുപകുതികളിലുമായി യുനൈറ്റഡിനും നോട്ടിങ്ഹാമിനും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. ഒടുവിൽ മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് കാസെമിറോയുടെ വിജയഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.