ലോസ് ഏഞ്ചൽസ്: അമേരിക്കൻ മേജർ ലീഗിലെ ഇന്റർ മയാമിയിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി എത്തിയ ശേഷം രാജ്യത്തെങ്ങും മെസ്സി മയമാണ്. താരത്തിന്റെ കളി കാണാൻ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ മാത്രമല്ല, വി.ഐ.പി നിര തന്നെ ഒഴുകുകയാണ്. ആരാധകരുടെ സ്നേഹപ്രകടനം അതിരുവിടുന്നത് തടയാൻ താരത്തിന് പ്രത്യേക അംഗരക്ഷകനെ തന്നെ ടീം സഹ ഉടമ ഡേവിഡ് ബെക്കാം ഇടപെട്ട് ഒരുക്കിയിരുന്നു. യാസീൻ ചുയെകോ എന്ന മുൻ പട്ടാളക്കാരനാണ് മെസ്സിയുടെ സുരക്ഷ ചുമതല.
മെസ്സിയുടെ ചിത്രങ്ങളിൽ യാസീൻ ചുയെകോയുടെ സാന്നിധ്യം പതിവായതോടെ ആരാണിയാളെന്ന ചോദ്യമുയർന്നു. അങ്ങനെ മെസ്സിക്കൊപ്പം യാസീനും വാർത്തകളിൽ നിറഞ്ഞു. ഇറാഖിലും അഫ്ഗാനിസ്താനിലും അമേരിക്കൻ പട്ടാളത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ 1.15 ലക്ഷം ഫോളോവർമാരുള്ള അദ്ദേഹം, എം.എം.എ ഫൈറ്റുകളിലും മറ്റും പങ്കെടുക്കുന്നുണ്ടെന്നും ആരാധകർ കണ്ടെത്തി. ആയോധനകലകളിൽ അഗ്രഗണ്യനായ യാസിൻ മിക്സഡ് മാർഷ്യൽ ആർട്സ് (എം.എം.എ), തായ്ക്വാൺഡോ, ബോക്സിങ് എന്നിവയിലെല്ലാം മിടുമിടുക്കനാണ്. മെസ്സിയെ തൊടാനും ഓട്ടോഗ്രാഫിനുമൊക്കെയായി ആരാധകർ മത്സരത്തിനിടെ കളത്തിലിറങ്ങുന്നത് ഉൾപ്പെടെയുള്ള സമീപകാല സംഭവ വികാസങ്ങൾ മുൻനിർത്തിയാണ് ഇന്റർ മയാമി സൂപ്പർ താരത്തിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്.
മേജർ ലീഗ് സോക്കറിൽ ഇന്നലെ നടന്ന ലോസ് ഏഞ്ചൽസ് എഫ്.സിക്കെതിരായ ഇന്റർ മയാമിയുടെ മത്സരത്തിൽ യാസിൻ ചുയെകോ ആരാണെന്ന് ഫുട്ബാൾ ആരാധകർ ശരിക്കുമറിഞ്ഞു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പൊടുന്നനെയാണ് ഒരു ആരാധകൻ മെസ്സിക്ക് നേരെ ഓടിയടുത്തത്. ഇത്കണ്ടയുടൻ യാസിനും ഓടി. ആരാധകൻ മെസ്സിയെ തൊട്ടപ്പോഴേക്കും യാസീൻ പൊക്കിയെടുത്തു. വൈകാതെ ഏതാനും സുരക്ഷ അംഗങ്ങളും ഓടിയെത്തിയാണ് ആരാധകനെ ഗ്രൗണ്ടിന് വെളിയിലെത്തിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
മത്സരത്തിൽ മെസ്സിയുടെ ഇരട്ട അസിസ്റ്റിന്റെ മികവിൽ നിലവിലെ എം.എൽ.എസ് കപ്പ് ചാമ്പ്യന്മാരായ ലോസ് ഏഞ്ചൽസ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് ഇന്റർ മയാമി തകർത്തുവിട്ടിരുന്നു. മയാമിക്കായി ഫകുണ്ടോ ഫാരിയസ്, ജോർഡി ആൽബ, ലിയനാഡോ കംപാന എന്നിവരാണ് ഗോളടിച്ചത്. റ്യാൻ ഹോളിങ്സ് ഹെഡിന്റെ വകയായിരുന്നു എൽ.എ.എഫ്.സിയുടെ ആശ്വാസ ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.