'12 പേർക്കെതിരെയാണ് ആർസനൽ കളിച്ചത്', 'വിജയിക്കാനുള്ള അവസരം വീണ്ടും കളഞ്ഞു'; സിറ്റി-ആർസനൽ മത്സരത്തിന് ശേഷം ആരാധകർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തുല്യശക്തികൾ ഏറ്റുമുട്ടിയ മത്സരത്തിൽ സമനില കുരുക്ക്. മാഞ്ചസ്റ്റർ സിറ്റിയും ആർസനലും കട്ടക്ക് നിന്ന മത്സരത്തിൽ ഇൻജുറി ടൈമിന്‍റെ അവസാനമായിരുന്നു സിറ്റി സമനില ഗോൾ നേടിയത്. 97ാം മിനിറ്റിൽ ജോൺ സ്റ്റോൺസ് നേടിയ ഗോളാണ് സിറ്റിക്ക് സമനില പിടിക്കാൻ സഹായകരമായത്. മത്സരം തുടങ്ങി ഒമ്പത് മിനിറ്റിനുള്ളിൽ എർലിങ് ഹാലൻഡ് ഗോൾ നേടി സിറ്റിയെ മുന്നിലെത്തിച്ചിട്ടുണ്ട്. എന്നാൽ അറിഞ്ഞ് കളിച്ച ആർസനൽ 22ാം മിനിറ്റിൽ റിക്കാർഡോ കലാഫിയോറിയിലൂടെ തിരിച്ചടിച്ചു.

ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ സിറ്റിയുടെ നെഞ്ച് തകർത്ത് കൊണ്ടായിരുന്നു ആർസനലിന്‍റെ രണ്ടാം ഗോൾ. കോർണറിന് തലവെച്ച് ഗബ്രിയേൽ ആർസനലിന് ലീഡ് സമ്മാനിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷം രണ്ടാം മഞ്ഞക്കാർഡും വാങ്ങി മുന്നേറ്റ നിര താരം ലിയാണ്ട്രോ ട്രൊസാർഡ് കളം വിട്ടു. പിന്നീട് പത്ത് പേരുമായി കളിക്കേണ്ടി വന്ന ആർസനൽ പ്രതിരോധത്തിലേക്ക് ഊന്നുകയായിരുന്നു. എന്നാൽ നീണ്ടു നിന്ന ഇൻജുറി സമയവും സ്റ്റോൺസിന്‍റെ ഗോളും ​എതിരാളികളു​ടെ തട്ടകത്തിൽ സ്വപ്നവിജയം നേടുകയെന്ന ആർസനലിന്‍റെ മോഹം തകർക്കുകയായിരുന്നു.

മത്സരത്തിന് ശേഷം പ്രതികരണവുമായി ഒരുപാട് ആരാധകർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ എത്തിയിരുന്നു. 'വിജയിക്കാവുന്ന മത്സരം ഒടുക്കം കലമുടക്കുന്നത് ആർസനലിന്‍റെ സ്ഥിരം പരിപാടിയാണ്' എന്നാണ് ആരാധകർ കമന്‍റ് ചെയ്യുന്നത്'. 'ആർസനൽ 10 പേരുമായും സിറ്റി റഫറിയടക്കം 12 പേരുമായാണ് കളിച്ചത്' എന്നും പറയുന്നവരെ കാണാം. മത്സരത്തിൽ റഫറി സിറ്റിയെ പിന്തുണച്ചാണ് കളിച്ചതെന്ന വിമർശനം വ്യാപകമായി ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. ലിയാണ്ട്രോ ട്രൊസാർഡിന് രണ്ടാം മഞ്ഞക്കാർഡ് നൽകേണ്ടതില്ലെന്നും വിമർശനമുണ്ട്.







മത്സരത്തിലെ 10 പേരെ വെച്ചുകൊണ്ടുള്ള ആർസനലിന്‍റെ പ്രതിരോധത്തെ പുകഴ്ത്തിയും ഒരുപാട് ആരാധകർ എത്തിയിട്ടുണ്ട്. മികച്ച പ്രകടനമായിരുന്നു 10 പേരെ വെച്ച് ഗണ്ണേഴ്സ് കാഴ്ചവെച്ചത്. വിജയിക്കാനായി സിറ്റി പതിനാറ് അടവും പുറത്തെടുത്തിട്ടും ആർസനൽ ഡിഫൻസിന്‍റെ കോട്ട തകർക്കാൻ സാധിച്ചില്ല. ഒടുവിൽ സിറ്റിയുടെ തടകത്തിൽ ഇരുവരും പോയിന്‍റ് പങ്കിട്ടു.

മത്സരത്തിന്‍റെ 78 ശതമാനം സമയത്തും പന്ത് സിറ്റിയുടെ കാലിലായിരുന്നു. ഗോൾമുഖം ലക്ഷ്യമാക്കി 33 ഷോട്ടുകൾ തൊടുത്തപ്പോൾ ആർസനലിന് അഞ്ച് ഷോട്ടുകൾ മാത്രമാണുണ്ടായത്. ജയത്തോടെ പോയിന്‍റ് നിലയിൽ സിറ്റി 13 പോയിന്‍റുമായി ഒന്നാമതാണ്. 12 പോയിന്‍റുമായി ലിവർപൂളാണ് രണ്ടാംസ്ഥാനത്ത്. 11 പോയിന്‍റുള്ള ആർസനൽ നാലാമതാണ്.

Tags:    
News Summary - fans reacts to arsenal vs city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.