ബെർലിൻ: ഗോൾ വരൾച്ചയവസാനിപ്പിച്ച് റോബർട്ട് ലെവൻഡോവ്സ്കി സ്കോർ ചെയ്ത മത്സരത്തിൽ ബയേണിന് ജയം. കരുത്തരായ ലീപ്സിഷിനെയാണ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മറികടന്നത്.
കഴിഞ്ഞ ദിവസം ഹെർത ബെർലിനെ 4-1ന് വീഴ്ത്തിയ മത്സരത്തിലും ഗോൾ മറന്ന ലെവൻഡോവ്സ്കി ഇത്തവണ ടീമിന്റെ രണ്ടാം ഗോളടിച്ച് തിരിച്ചുവരവ് നടത്തി. കിങ്സ്ലി കോമാന്റെ ക്രോസിലായിരുന്നു ഗോൾ. 12ാം മിനിറ്റിൽ തോമസ് മ്യൂളറാണ് ബയേണിനായി സ്കോറിങ് തുടങ്ങിയത്. ആന്ദ്രേ സിൽവ 27ാം മിനിറ്റിൽ ലീപ്സിഷിനെ ഒപ്പമെത്തിച്ചു.
തൊട്ടുപിറകെ മ്യൂളർ വീണ്ടും വല തുളച്ചെങ്കിലും 'വാർ' വില്ലനായി. ആദ്യ പകുതി അവസാനിക്കാനിരിക്കെ ലെവൻഡോവ്സ്കി ലീഡ് നൽകിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ എൻകുകു ബയേൺ കാവൽക്കാരൻ മാനുവൽ നോയറുടെ കാലുകൾക്കിടയിലൂടെ തട്ടിയിട്ട് വീണ്ടും സമനില നൽകി. എന്നാൽ, അഞ്ചു മിനിറ്റിനിടെ സെൽഫ് ഗോളിൽ ബയേൺ മുന്നിലെത്തി. ജോസ്കോ ഗ്വാർഡിയോളായിരുന്നു വില്ലൻ.
തിരിച്ചുവരാൻ ലീപ്സിഷ് മുന്നേറ്റം പലവട്ടം എതിർവല പരീക്ഷിച്ചെങ്കിലും രക്ഷകനായി നോയർ പറന്നുനടന്നപ്പോൾ വിജയം ബയേണിനൊപ്പം നിന്നു. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോർട്മുണ്ടിനെക്കാൾ ഒമ്പതു പോയന്റ് മുന്നിലാണ് ബയേൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.