ബാംബോലിം: എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി രണ്ടാം അങ്കത്തിലും ഗോൾ വഴങ്ങാതെ എഫ്.സി ഗോവ. യു.എ.ഇ ക്ലബ് അൽ വഹ്ദക്ക് മുന്നിൽ ഉജ്ജ്വലമായ പ്രതിരോധേകാട്ട തീർത്തായിരുന്നു ഗോവ വീണ്ടും വിലപ്പെട്ട ഒരു പോയൻറുകൂടി സ്വന്തമാക്കിയത്. ഗ്രൂപ് 'ഇ'യിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഖത്തർ ക്ലബ് അൽ റയ്യാനെതിരെയും ഗോവ ഗോൾരഹിത സമനില പിടിച്ചിരുന്നു.
കളിയുടെ മുഴുസമയവും ഇടം വലം വിങ്ങുകളിൽനിന്നും ഗോവൻ ഗോൾമുഖത്തേക്ക് ഷോട്ടുകൾ പായിച്ച ഉമർ മാഹിറിനും ഖലിൽ ഇബ്രാഹിമിക്കും മുന്നിൽ നെഞ്ചുവിരിച്ചു നിന്ന ഗോൾ കീപ്പർ ധീരജ് സിങ്ങാണ് ആതിഥേയരെ കാത്തത്.
അതേസമയം, ആക്രമണത്തിലും ഗോവ മുന്നേറ്റം പ്രകടിപ്പിച്ചു. കഴിഞ്ഞ കളിയെക്കാൾ കൂടുതൽ തവണ മുന്നോട്ടുകയറി എതിർ ഗോൾമുഖത്ത് ഗോളവസരം ഒരുക്കി. ബ്രണ്ടൻ ഫെർണാണ്ടസിനും ജോർജ് ഓർടിസിനും തലനാരിഴ വ്യത്യാസത്തിലാണ് പലപ്പോഴും ഗോളുകൾ നഷ്ടമായത്. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ ഗോവ ചൊവ്വാഴ്ച ഇറാൻ ക്ലബ് പെർസപോളിസിനെ നേരിടും. ആദ്യ മത്സരത്തിൽ ജയിച്ച ഇറാൻ ക്ലബാണ് ഒന്നാം സ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.