പനാജി: കൊമ്പന്മാരുടെ പോരാട്ടത്തിന് ആവേശ സമനില. കൊണ്ടുംകൊടുത്തും നീങ്ങിയ ഐ.എസ്.എൽ സൂപ്പർ പോരാട്ടത്തിൽ ബംഗളൂരു എഫ്.സിയെ ഗോവ 2-2ന് പിടിച്ചു കെട്ടി. രണ്ടു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമായിരുന്നു ഗോവയുടെ തിരിച്ചടി.
വിദേശ താരങ്ങൾ തിളങ്ങിയ മത്സരത്തിൽ ബംഗളൂരുവിനായി യുവാനാനും സെലിറ്റൺ സിൽവയും ഗോൾ നേടിയപ്പോൾ, ഗോവക്കായി ഇഗോർ അംഗുലോവാണ് തിരിച്ചടിച്ചത്. മലയാളി താരം മുഹമ്മദ് ആഷിഖ് കുരുണിയൻ ബംഗളൂരുവിനായി മികച്ച പ്രകടനം പുറത്തെടുത്തു.
തുടക്കം മുതലെ ആവേശകരമായിരുന്നു മത്സരം. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ബംഗളൂരു എഫ്.സിയും എഡു ബഡിയയുടെ നേതൃത്വത്തിലുള്ള എഫ്.സി ഗോവയും ഒന്നിനൊന്നു മെച്ചം. രണ്ടു ടീമുകളും അറ്റാക്കിങ് ഫുട്ബാൾ കാഴ്ചവെച്ചപ്പോൾ, ഇംഗ്ലീഷ് പ്രീമിയർ ലീഗിനോളം ആവേശം നിറഞ്ഞതായി മത്സരം.
തുടക്കം മുതലെ ബാൾ പൊസഷനിൽ എഫ്.സി ഗോവയായിരുന്നു മുന്നിൽ. മനോഹരമായി പാസുമായി ഗോവ കളം വാണു. എന്നാൽ, ഗോളടിച്ചത് ബംഗളൂരുവായിരുന്നു. 28ാം മിനിറ്റിൽ ബംഗളൂരുവിെൻറ ബ്രസീലിയൻ താരം സെലിടൺ സിൽവ ഹെഡറിലൂടെ മുന്നിൽ. രണ്ടാം പകുതിയുടെ തുടക്കത്തിൽ എറിക് പാർതലുവിെൻറ പാസിൽ പ്രതിരോധ താരം യുവാനാനും ഗോൾ നേടിയതോടെ ബംഗളൂരു കളി വരുതിയിലാക്കി. കളിച്ചിട്ടും ഗോവക്ക് നിർഭാഗ്യം വില്ലനാവുമോയെന്ന് പലരും കരുതി.
എന്നാൽ, രണ്ടാം പകുതി സമയം നീങ്ങുന്തോറും ഗോവയുടെ വീര്യംകൂടിവന്നു. രണ്ടു ഗോളിന് പിന്നിട്ടു നിന്ന ഗോവയുടെ ഉശിരൻ തിരിച്ചുവരവ്. 66, 69 മിനിറ്റുകളിലായിരുന്നു ഗോവയുടെ തിരിച്ചടി. ഇരു ഗോളുകളും നേടിയത് സ്പാനിഷ് താരം ഇഗോൾ അംഗുലോ. മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു ഗോൾ വഴങ്ങിയതോടെ ബംഗളൂരു ഞെട്ടി.
കളികൈവിടുമെന്ന് കരുതിയതോടെ പ്രതിരോധം കനപ്പിക്കാനായിരുന്നു ബംഗളൂരു കോച്ച് കാർലസ് കഡ്രാട്ട് ശ്രമിച്ചത്. കൊണ്ടു കൊടുത്തും നീങ്ങിയ മത്സരത്തിന് ഒടുവിൽ ആവേശ സമനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.