ചറ പറ... 27 ഗോളുകൾ! നാലു ഹാട്രിക്; ബയേൺ മ്യൂണിക്ക് വിജയം 27-0ത്തിന്!

പ്രീസീസൺ മത്സരത്തിൽ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്‍റ് ഗോളടി മേളം. വലയിൽ 27 തവണ പന്ത് അടിച്ചുകയറ്റിയാണ് ബയേൺ എതിരാളികളെ തരിപ്പണമാക്കിയത്.

രണ്ടാംനിര ക്ലബായ എഫ്‌.സി റോട്ടാച്ച്-എഗെർണെതിരെയായ മത്സരത്തിൽ ബയേണിന്‍റെ നാലു താരങ്ങൾ ഹാട്രിക് നേടി. ഒരു ഗോൾ പോലും മടക്കാൻ എതിരാളികൾക്ക് അവസരം നൽകിയില്ല. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും വ്യത്യസ്ത പ്ലെയിങ് ഇലവനെയാണ് പരിശീലകൻ പരീക്ഷിച്ചത്. ആദ്യ പകുതിയിൽ ജമാൽ മുസിയാല, സെർജ് നാബ്രി, ലെറോയ് സാനെ, ബെഞ്ചമിൻ പവാർഡ്, ദയോത് ഉപമെക്കാനോ, അൽഫോൻസോ ഡേവീസ്, ജോഷ്വ കിമ്മിച്ച് എന്നീ സുപ്രധാന താരങ്ങളെല്ലാം കളത്തിലിറങ്ങി.

18 ഗോളുകളാണ് ആദ്യ പകുതിയിൽ മാത്രം പിറന്നത്. മാത്തിസ് ടെൽ, ജമാൽ മുസിയാല എന്നിവർ അഞ്ചു വീതം ഗോളുകൾ നേടി. നാബ്രി മൂന്ന് ഗോളും ലെറോയ് സാനെ, നുസൈർ മസ്റൗഇ, കോൺറാഡ് ലൈമർ, അൽഫോൻസോ ഡേവിസ് എന്നിവർ ഓരോ ഗോൾ വീതവും നേടി. ഓരോ രണ്ടര മിനിറ്റിലും ബയേൺ എതിരാളികളുടെ വല കുലുക്കി കൊണ്ടിരുന്നു.

രണ്ടാം പകുതിയിൽ സാദിയോ മാനെ, മാർസെൽ സാബിറ്റ്‌സർ, ലിയോൺ ഗൊറെറ്റ്‌സ്‌ക, കിങ്സ്ലി കോമാൻ എന്നിവരടങ്ങിയ ടീമാണ് ഗ്രൗണ്ടിലെത്തിയത്. പിന്നാലെ ഒമ്പത് തവണ കൂടി എഗെർണിന്‍റെ വലയിൽ ബയേൺ താരങ്ങൾ പന്ത് എത്തിച്ചു. സാബിറ്റ്‌സർ അഞ്ചു ഗോളുകൾ നേടി. 2019ലെ പ്രീ-സീസൺ മത്സരത്തിനശേഷം ഇരുവരും ഏറ്റുമുട്ടുന്നത് ആദ്യമായാണ്. അന്ന് 23-0 എന്ന സ്കോറിനായിരുന്നു ജയം.

Tags:    
News Summary - FC Rottach-Egern 0-27 Bayern Munich: Bundesliga champions in huge pre-season win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.