ദോഹ: കപ്പിനും ചുണ്ടിനുമിടയിൽ ഇനി ഓരോ ചുവടുകളും നിർണായകമാണ്. അടുത്ത വർഷം വേദിയാവുന്ന ഫിഫ ലോകകപ്പിൽ ശക്തരായ ആതിഥേയരെന്ന തലയെടുപ്പുമായി കളത്തിലിറങ്ങണമെങ്കിൽ ഇന്ന് മുതൽ ഫെലിക്സ് സാഞ്ചസും അരയും തലയും മുറുക്കിയുടുക്കണം. അടവുകൾ കരുതലോടെയാവണം. തോറ്റവർക്കൊന്നും ഇനി ഈ കളത്തിൽ സ്ഥാനമുണ്ടാവില്ല. ജയിച്ചവർ മാത്രം വാഴ്ത്തപ്പെടുന്നതാവും ഇനിയുള്ള ഒരാഴ്ച. ഫിഫ അറബ് കപ്പിെൻറ ക്വാർട്ടർ ഫൈനൽ അങ്കങ്ങൾക്ക് വെള്ളിയാഴ്ച മുതൽ പന്തുരുളുേമ്പാൾ, ഏറ്റവും മികച്ച എട്ടുപേരാണ് കളത്തിലുള്ളത്. ആദ്യ ദിനത്തിൽ രണ്ട് മത്സരങ്ങൾ. വൈകീട്ട് ആറിന് ഏജുക്കേൻ സിറ്റിയിൽ തുനീഷ്യ ഒമാനെയും, രാത്രി 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഖത്തർ യു.എ.ഇയെയും നേരിടും. ശനിയാഴ്ചയാണ് ഈജിപ്ത് -ജോർഡൻ, മൊറോക്കോ - അൽജീരിയ മത്സരങ്ങൾ.
ആത്മവിശ്വാസത്തോടെയാണ് ഖത്തർ ക്വാർട്ടറിൽ കളിക്കാനിറങ്ങുന്നത്. ഗ്രൂപ് റൗണ്ടിൽ മൂന്നു കളിയും ജയിച്ചവർ ഖത്തറും മൊറോക്കോയും മാത്രമായിരുന്നു എന്നത് സാഞ്ചസിനും നായകൻ ഹൈദോസിനും വർധിത വീര്യം നൽകുന്നു. എന്നാൽ, ഇതുവരെ കണ്ടതാവില്ല നോക്കൗട്ടിലെ കളികൾ. അൽജീരിയയും ഈജിപ്തുമെല്ലാം മുന്നിലെത്തുേമ്പാൾ ശൈലി മാറ്റിപ്പിടിച്ചാലേ രക്ഷയുള്ളൂ. ഏഷ്യൻ ചാമ്പ്യന്മാർക്ക് കഴിഞ്ഞ മത്സരങ്ങളിലൊന്നും ശക്തരായ എതിരാളികളുടെ ബലപരീക്ഷണങ്ങളെ നേരിടേണ്ടി വന്നിട്ടില്ല. ഗ്രൂപ് റൗണ്ടിൽ ഒമാനും, ബഹ്റൈനും പൊരുതിയെങ്കിലും ജയം ഖത്തറിനൊപ്പം തന്നെയായിരുന്നു. ഇറാഖിനെതിരായ അവസാന മത്സരത്തിൽ റിസർവ് ടീമിനെ ഇറക്കി ജയിക്കാനുള്ള കോച്ചിെൻറ തന്ത്രങ്ങൾ ഏറ്റില്ല.
ഒടുവിൽ, സീനിയർ താരങ്ങളെ പകരക്കാരായി എത്തിച്ചാണ് മൂന്ന് ഗോൾ ജയവുമായി കരകയറിയത്. ക്വാർട്ടറിൽ യു.എ.ഇയെ കാര്യമായ വെല്ലുവിളിയില്ലാതെ കടന്നാലും, സെമിയിൽ കാത്തിരിക്കുന്നത് മൊറോക്കോ -അൽജീരിയ മത്സരത്തിലെ വിജയികളാവും. പ്രതിരോധം മുതൽ ആക്രമണം വരെ മികച്ച ഫോമിലേക്ക് ഉയർന്നാൽ മാത്രമേ കപ്പിലേക്ക് അടിതെറ്റാതെ ചുവടുവെക്കാൻ കഴിയൂ. കഴിഞ്ഞ ദിവസങ്ങളിൽ ആസ്പയർ സോണിലെ പരിശീലന ഗ്രൗണ്ടിൽ സജീവമായ തയാറെടുപ്പിലായിരുന്നു ഖത്തർ ടീം. പ്രതിരോധ താരം പെഡ്രോ മിഗ്വേൽ പരിക്ക് മാറി തിരികെയെത്തിയതും, മുഹമ്മദ് മുൻതാരി ഫിറ്റ്നസ് വീണ്ടെടുത്തതുമെല്ലാം ടീം ക്യാമ്പിനെ ഉണർത്തുന്നു. വെള്ളിയാഴ്ച യു.എ.ഇയെ നേരിടാൻ ടീം ഒരുങ്ങിയതായി കോച്ച് ഫെലിക്സ് സാഞ്ചസ് പറഞ്ഞു. 'മത്സരം ഇരു ടീമിനും കടുത്തതാവും. ജയിച്ച് സെമിയിലെത്തുകയാണ് ലക്ഷ്യം. ഓരോ മത്സരം കഴിയുമ്പോഴും ടീമിെൻറ മികവ് കൂടുകയാണ്. ഏറ്റവും മികച്ച ഫലം സ്വന്തമാക്കാൻ കഴിയും' -കോച്ച് സാഞ്ചസ് പറഞ്ഞു. ഓരോ കളിയിലും ആരാധകരുടെ പിന്തുണ ടീമിനെ കൂടുതൽ പ്രചോദിതമാക്കുന്നതായും, അതിെൻറ ഫലം കളത്തിൽ ഉറപ്പുനൽകുന്നതായും ടീം അംഗം ഹുമാം അൽ അമീൻ പറഞ്ഞു. ഇരു ടീമുകളും 29 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 13 ജയം ഖത്തറിനും, 10 ജയം യു.എ.ഇക്കുമായിരുന്നു. അവസാന രണ്ട് കളിയിലും ഖത്തർ ജയിച്ചു.
ടൂർണമെൻറിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാത് തുനീഷ്യ. എന്നാൽ, ഗ്രൂപ് റൗണ്ടിൽ സിറിയക്ക് മുന്നിൽ അപ്രതീക്ഷിതമായി തോറ്റത് ടീമിനെ തെല്ലൊന്നുമല്ല ഉലച്ചത്. ആ തിരിച്ചടി, യു.എ.ഇക്കെതിരായ ജയത്തിലൂടെ മാറ്റിയെടുത്താണ് അവർ ക്വാർട്ടറിലെത്തുന്നത്. ഗ്രൂപ് 'എ'യിൽ ഖത്തറിനെ വിറപ്പിക്കുകയും, ബഹ്റൈനെ നിലം പരിശാക്കുകയും ചെയ്താണ് ഒമാൻ ക്വാർട്ടറിലെത്തുന്നത്. മികച്ച ടീമുകളുടെ മിന്നുന്ന മത്സരത്തിനാവും എജുക്കേഷൻ സിറ്റി സാക്ഷിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.