ദോഹ: ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിറ്റുവരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവിൽ ഒമാനെ 2-1ന് വീഴ്ത്തി ഖത്തർ ഫിഫ അറബ് കപ്പ് ഫുട്ബാൾ ക്വാർട്ടറിൽ. കളിയുടെ 32ാം മിനിറ്റിൽ അക്രം അഫീഫി നേടിയ പെനാൽറ്റി ഗോളിലൂടെയാണ് ഖത്തർ ലീഡ് നേടിയത്.
രണ്ടാം പകുതിയിലെ 74ാം മിനിറ്റിൽ തിരിച്ചടിച്ച് ഒമാൻ എജ്യൂക്കേഷൻ സിറ്റിയിലെ നിറഗാലറിയെ നിശബ്ദമാക്കി. കളി സമനിലയിലേക്ക് എന്നുറപ്പിച്ചപ്പോൾ, ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിറ്റിലായിരുന്നു ഖത്തറിന്‍റെ വിജയ ഗോളെത്തിയത്. ഏഴാം മിനിറ്റിൽ അക്രം അഫീഫിയുടെ ലോങ്ക്രോസിന് ബോക്സിനുള്ളിൽ അൽമുഈസ് അലിയും ഒമാൻ ഡിഫൻഡർ ഫഹ്മി റജബും ഉയർന്നുചാടി.
പന്ത് ക്രോസ് ബാറിൽ തട്ടിമടങ്ങിയപ്പോൾ, റഫറി കളി തുടരാൻ നിർദേശിക്കുകയായിരുന്നു. ഖത്തർ താരങ്ങളുടെ അപ്പീലിനിടയിൽ 'വീഡിയോ അസിസ്റ്റൻറ് റഫറിയിൽ' നിന്നു നിർദേശമെത്തി. വി.എ.ആർ പരിശോധനയിൽ പന്ത് ഗോൾലൈൻ കടന്നതായി തെളിഞ്ഞതോടെ തൂവെള്ളയിൽ നിറഞ്ഞ ഗാലറിക്ക് ആഘോഷമാക്കാൻ ഒരു വെള്ളിയാഴ്ച സമ്മാനിച്ച് ഖത്തറിന്‍റെ ഉശിരൻ ജയം. ഒമാൻ താരത്തിന്‍റെ ടച്ചിൽ സെൽഫ് ഗോളായാണ് ഇത് രേഖപ്പെടുത്തിയത്.
ആദ്യ മത്സരത്തിൽ ബഹ്റൈനെതിരെ 1-0ത്തിന് ജയിച്ചിരുന്നു. തുടർച്ചയായി രണ്ട് കളിയും ജയിച്ച ഖത്തർ ഗ്രൂപ്പ് 'എ'യിൽ നിന്നും ആറ് പോയൻറുമായി ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇറാഖും ബഹ്റൈനും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.