ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ 'ഫിഫ' ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ കേന്ദ്ര സർക്കാർ സജീവമായി ഇടപെടണമെന്ന് സുപ്രീംകോടതി. അണ്ടർ 17 വനിത ലോകകപ്പ് ഇന്ത്യയിൽത്തന്നെ നടക്കാനും സസ്പെൻഷൻ എടുത്തുകളയാനും കേന്ദ്രം യഥാവിധി പ്രവർത്തിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ, ജെ.ബി. പരിധ്വാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മഞ്ഞുരുക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കോടതിയെ അറിയിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത, വിഷയത്തിൽ തുടർവാദം കേൾക്കൽ അടുത്ത തിങ്കളാഴ്ചത്തേക്കു മാറ്റണമെന്നും അഭ്യർഥിച്ചു. ഇത് അംഗീകരിച്ച ബെഞ്ച്, കേസ് ആഗസ്റ്റ് 22ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.

എ.ഐ.എഫ്.എഫ് ഭരണം താൽക്കാലികമായി നിർവഹിക്കാൻ സുപ്രീംകോടതി നിയോഗിച്ച കാര്യനിർവഹണ സമിതിയും സർക്കാറും ചൊവ്വാഴ്ചതന്നെ ഫിഫ അധികൃതരുമായി രണ്ടു തവണ ചർച്ചകൾ നടത്തിയെന്നും മൂന്നാമതൊന്നുകൂടി ഉടനുണ്ടെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.

എ.ഐ.എഫ്.എഫ് ഓഹരി ഉടമകൾക്കിടയിൽ സമവായമുണ്ടാക്കാനും സമയം ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അണ്ടർ 17 ലോകകപ്പ് രാജ്യത്തെ സംബന്ധിച്ച് മഹത്തായ കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, പുറത്താക്കപ്പെട്ട എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേലും കൂട്ടാളികളും ആസൂത്രണംചെയ്ത പദ്ധതികളാണ് ഇപ്പോൾ നടക്കുന്നതെന്ന് മുതിർന്ന അഭിഭാഷകൻ രാഹുൽ മെഹ്റ വാദിച്ചു. എ.ഐ.എഫ്.എഫിലെ പ്രശ്നങ്ങൾ ഡൽഹി ഹൈകോടതിയിലെത്തിച്ചയാൾകൂടിയാണ് മെഹ്റ. 

Tags:    
News Summary - FIFA ban; SC asks Centre to take proactive steps to host U-17 Women’s World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.