ഫുട്ബാളിൽ പത്താം നമ്പറിനെ അനശ്വരമാക്കിയ പ്രതിഭാധനരുടെ പട്ടിക നീണ്ടതാണ്. പെലെയും ഡീഗോ മറഡോണയും മുതൽ ആധുനിക ഫുട്ബാളിലെ ഇതിഹാസമായ ലയണൽ മെസ്സി വരെ കളിചരിത്രത്തെ തങ്ങളുടെ പാദസ്പർശം കൊണ്ട് പുകളിതരാക്കിയ പത്താം നമ്പറുകാരുടെ നിരക്ക് സവിശേഷയേറെ. ആ പത്താം നമ്പറുകാരിൽ പത്തുപേരെ നിരത്തിവെച്ച് ഫിഫ വേൾഡ് കപ്പ് തങ്ങളുടെ ഫേസ്ബുക് പേജിൽ നൽകിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മലയാളത്തിൽ നൽകിയ പോസ്റ്റിന്റെ അടിക്കുറിപ്പാണ് കളിക്കമ്പക്കാരെ ഏറെ ആകർഷിക്കുന്നത്.
ഫഹദ് ഫാസിൽ നായകനായി ഈയിടെ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആവേശത്തിലെ ‘ഇല്ലുമിനാറ്റി’ ഹിറ്റ് ഗാനത്തിലെ ‘ഇവനെ പടച്ച് വിട്ട കടവുള്ക്ക് പത്തില്‍ പത്ത്’ എന്ന വരികളാണ് ഫിഫ അടിക്കുറിപ്പായി പങ്കുവെച്ചത്. ആറു കോടി പേർ ഫോളോ ചെയ്യുന്ന പേജിൽ നേരത്തേയും മലയാളത്തിൽ പോസ്റ്റുകൾ വന്നിട്ടുണ്ട്.
പത്താം നമ്പറിൽ വിസ്മയമായി മാറിയ ലയണല്‍ മെസ്സി (അര്‍ജന്റീന), റൊണാള്‍ഡീന്യോ (ബ്രസീല്‍), ഡീഗോ മറഡോണ (അര്‍ജന്റീന), നെയ്മര്‍ (ബ്രസീല്‍), കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്), ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ), വെയ്ന്‍ റൂണി (ഇംഗ്ലണ്ട്), സിനദിന്‍ സിദാന്‍ (ഫ്രാന്‍സ്), മെസൂത് ഒസീല്‍ (ജര്‍മനി), ഫ്രാൻസിസ്കോ ടോട്ടി (ഇറ്റലി) എന്നീ വിഖ്യാത താരങ്ങളുടെ ഫോട്ടോയാണ് ഫിഫയുടെ പോസ്റ്റിനൊപ്പം ചേർത്തത്.
പോസ്റ്റിന് അടിയിൽ രസകരമായ കമന്റുകളുമായി നിരവധി മലയാളി ആരാധകർ എത്തിയിട്ടുണ്ട്. ‘ഫിഫയുടെ പേജ് വരെ മലയാളി ഹാക്ക് ചെയ്തു. മലയാളി ഡാ’ എന്ന് ഒരാൾ കമന്റ് എഴുതിയപ്പോൾ ‘അഡ്മിൻ അണ്ണാ.. കോപ്പ അമേരിക്ക ലൈവ് ടെലികാസ്റ്റിനു എന്തേലും വഴിയൊരുക്കാവോ’ എന്നാണ് മറ്റൊരാളുടെ ചോദ്യം. ‘ഏതോ മലയാളി ഇതിന്റെ കൊമ്പത്തും എത്തി’, ‘ലൈക് കമന്റ് ഫുൾ മലയാളികൾ അല്ലേ, അപ്പോൾ പിന്നെ ഫിഫ മലയാളിയെ വെച്ച് കാണും’, ‘അഡ്മിൻ നാട്ടിൽ എവിടെയാ’, ‘ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഞങ്ങളുടെ ഇന്ത്യയെ വേൾഡ് കപ്പിൽ കളിപ്പിക്കാൻ വല്ല മാർഗവും ഉണ്ടോ?’ തുടങ്ങി നിരവധി കമന്റുകളാണ് നിറയുന്നത്.
2022 ഖത്തര്‍ ലോകകപ്പിനു മുന്നോടിയായി കോഴിക്കോട്ടെ പുള്ളാവൂര്‍ പുഴയുടെ തീരത്ത് മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരുടെ കൂറ്റൻ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നു. ഈ കട്ടൗട്ടുകളുടെ ചിത്രങ്ങൾ ‘മെസ്സി, റൊണാള്‍ഡോ, നെയ്മര്‍ ഇവര്‍ മൂന്നു പേരും ആണെന്റെ ഹീറോസ്, ആരാണ് നിങ്ങളുടെ ഹീറോ?’ എന്ന അടിക്കുറിപ്പോടെയാണ് ഫിഫ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.