സിഡ്നി: വനിത ലോകകപ്പിലെ അപരാജിത യാത്ര തുടരുന്ന ഇംഗ്ലണ്ട് കപ്പിന് തൊട്ടടുത്ത്. സിഡ്നി സ്റ്റേഡിയം ആസ്ട്രേലിയയിൽ മുക്കാൽ ലക്ഷത്തിലധികം പേർ ആർത്തുവിളിച്ച ഗാലറിയെ സാക്ഷിയാക്കി ആതിഥേയ സംഘത്തെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോൽപിച്ചത്. സ്വന്തം കാണികൾക്ക് മുന്നിൽ ആത്മവിശ്വാസത്തോടെയിറങ്ങിയ ആസ്ട്രേലിയക്കാരികൾ പൊരുതി നോക്കിയെങ്കിലും ഇംഗ്ലീഷ് കരുത്തിൽ മുട്ടുമടക്കേണ്ടി വന്നു.
ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിത്. ആഗസ്റ്റ് 20ന് സ്പെയിനിനെതിരെ ഇവർ കിരീട മത്സരത്തിനിറങ്ങും. കൊണ്ടുംകൊടുത്തും മുന്നേറിയ ആദ്യ 35 മിനിറ്റിൽ സ്കോർ ബോർഡിൽ അനക്കമുണ്ടായില്ല. പന്ത് അധീനതയിൽ മുൻതൂക്കം പുലർത്തിയ ഇംഗ്ലണ്ട് 36ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. എല്ലാ ടൂണെയുടെ വകയായിരുന്നു ഗോൾ. പിറകിലായതോടെ കൂടുതൽ ഉണർന്ന മറ്റിൽഡാസ് ക്യാപ്റ്റൻ സാം കെറിന്റെ ചിറകേറി പലപ്പോഴും ഗോളിന് തൊട്ടരികിലെത്തി. പരിക്ക് കാരണം പുറത്തിരുന്ന കെർ ഇതാദ്യമായി ആദ്യ ഇലവനിലെത്തിയ മത്സരം കൂടിയായിരുന്നു. ഒടുവിൽ നായിക ടീമിനെ ഒപ്പമെത്തിച്ചു. 63ാം മിനിറ്റിൽ ഗോൾ പോസ്റ്റിന് മീറ്ററുകൾ അകലെ നിന്ന് കെർ നിറയൊഴിച്ചപ്പോൾ ഇംഗ്ലീഷ് ഗോൾ കീപ്പർ നിസ്സഹായയായി. ഈ ആഘോഷത്തിന്റെ അലയൊലികൾ അടങ്ങും മുമ്പ് 71ാം മിനിറ്റിൽ ലോറെൻ ഹെംപിലൂടെ ഇംഗ്ലണ്ടിന്റെ രണ്ടാം ഗോൾ. 86ാം മിനിറ്റിൽ അലേസിയ റൂസോ വിജയമുറപ്പിച്ചു.
ചൊവ്വാഴ്ച സ്വീഡനെ 2-1 തോൽപിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്. ഇവരും ലോകകപ്പ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത് നടാടെ. ഞായറാഴ്ച സിഡ്നിയിലാണ് ഫൈനൽ. ശനിയാഴ്ച ബ്രിസ്ബേനിൽ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാൻ നടക്കുന്ന മത്സരത്തിൽ ആസ്ട്രേലിയ സ്വീഡനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.