ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ്ങിന് ലോകമെങ്ങുമുള്ള ആരാധകരിൽ നിന്നും ആവേശകരമായ പ്രതികരണം. ഏപ്രിൽ 28 അവസാനിച്ച രണ്ടാം ഘട്ടത്തിൽ ടിക്കറ്റിനായി 2.35 കോടി ബുക്കിങ് നടന്നതായി ഫിഫ അറിയിച്ചു.
ആതിഥേയരായ ഖത്തറിൽ നിന്നും, ലോകഫുട്ബാളിലെ പ്രധാന രാജ്യങ്ങളിൽ നിന്നുമാണ് ഇത്തവണ ടിക്കറ്റിന് ഏറെ പേരും അപേക്ഷിച്ചത്. ഏപ്രിൽ അഞ്ചിന് ആരംഭിച്ച് 28ന് അവസാനിച്ച രണ്ടാം ഘട്ട ബുക്കിങ്ങിൽ നിന്നും റാൻഡം നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റിന് അർഹരെ തെരഞ്ഞെടുക്കുക. മേയ് 31ന് ശേഷം റാൻഡം നറുക്കെടുപ്പ് ഫലം അറിയിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാം.
അർജന്‍റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, മെക്സികോ, ഖത്തർ, സൗദി അറേബ്യ, അമേരിക്ക രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ബുക്കിങ്ങുള്ളത്. ഖത്തറിൽ നിന്നും സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള ഫുട്ബാൾ ആരാധകർ വ്യാപകമായി ടിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ട്.
ഡിസംബർ 18ന് നടക്കുന്ന ലോകകപ്പിന്‍റെ ഫൈനലിനാണ് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്. അർജന്‍റീന - മെക്സികോ, അർജന്‍റീന -സൗദി അറേബ്യ, ഇംഗ്ലണ്ട് - അമേരിക്ക, പോളണ്ട് -അർജന്‍റീന മത്സരങ്ങൾക്കാണ് ഗ്രൂപ്പ് റൗണ്ടിൽ ഏറെ ആവശ്യക്കാരുള്ളത്. അർജന്‍റീനയിൽ നിന്നും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ഏറെ ആരാധകർ താൽപര്യം പ്രകടിപ്പിക്കുന്നതും ലയണൽ മെസ്സിയുടെ അർജന്‍റീനയുടെ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാനാണ്.
ആദ്യ ഘട്ട വിൽപനയിൽ ഇന്ത്യയിൽ നിന്നുള്ള ഫുട്ബാൾ ആരാധകർ മുൻനിരയിൽ ഇടം പിടിച്ചുവെങ്കിലും, രണ്ടാം ഘട്ടത്തിൽ ആദ്യ ഏഴ് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല. എന്നാൽ, ഖത്തറിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാർ കൂടുതലായി ടിക്കറ്റിന് ആവശ്യക്കരായുണ്ട്.
ജനുവരി-ഫെബ്രുവരിയിൽ നടന്ന ആദ്യ ഘട്ട ടിക്കറ്റ് വിൽപനയിൽ 1.7 കോടി ടിക്കറ്റുകൾക്കാണ് അപേക്ഷിച്ചത്. നറുക്കെടുപ്പിനൊടുവിൽ 8.4 ലക്ഷം ടിക്കറ്റുകൾ വിറ്റു. തുടർന്ന്, ലോകകപ്പ് ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് ഏപ്രിലിൽ രണ്ടാം ഘട്ട ബുക്കിങ്ങ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.