ആ​സ്പ​യ​ർ ഗ്ലോ​ബ​ൽ ടോ​ക്കി​ൽ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഇ​വാ​ൻ ബ്രാ​വോ സം​സാ​രി​ക്കു​ന്നു

ദോഹ: നവംബർ 20ന് അൽ ബെയ്ത് സ്റ്റേഡിയത്തിലെ പച്ചപ്പുൽ മൈതാനത്ത് ഖത്തർ ബൂട്ട് കെട്ടിയിറങ്ങുമ്പോൾ രാജ്യമൊന്നടങ്കം അഭിമാനത്താൽ സന്തോഷാശ്രു പൊഴിക്കുന്നുണ്ടാകും. രാജ്യത്തിന്റെ നേട്ടത്തിൽ അതിലേറെ അഭിമാനിക്കുന്ന മറ്റൊരു സ്ഥാപനമുണ്ട് ഖത്തറിൽ. രാജ്യത്തിന്റെ കായിക സ്പന്ദനങ്ങളുടെ ജീവനാഡിയായ ആസ്പയർ അക്കാദമി. ഖത്തർ ഫുട്ബാളിന്റെ ഉയർച്ചയിൽ ആസ്പയർ അക്കാദമി വഹിച്ച പങ്കിനെക്കുറിച്ച് പലതവണ വിസ്തരിച്ചതാണെങ്കിലും ലോകകപ്പിലെ അരങ്ങേറ്റത്തിന് സവിശേഷതകളേറെയാണ്. ലോകകപ്പിനായുള്ള ഖത്തർ ദേശീയ ടീമിലെ നിരവധി താരങ്ങളുടെ ഉയർച്ചയിലും വളർച്ചയിലും ആസ്പയർ അക്കാദമി വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. ദേശീയ താരങ്ങൾ ലോകകപ്പിൽ ബൂട്ട് കെട്ടുമ്പോൾ ആസ്പയർ അക്കാദമിയെന്ന മേഖലയിൽ തന്നെ സമാനതകളില്ലാത്ത ഒരു സ്ഥാപനത്തിന്റെ കാഴ്ചപ്പാടുകളും ദൗത്യവും അന്വർഥമാകുക കൂടിയാണിവിടെ.

ഖത്തർ ദേശീയ ടീമിലെ ഓരോ താരങ്ങളിലേക്കും നോക്കുകയാണെങ്കിൽ അഭിമാനിക്കാനേറെയുണ്ടെന്ന് ആസ്പയർ അക്കാദമി ഡയറക്ടർ ജനറൽ ഇവാൻ ബ്രാവോ പറയുന്നു. 'ചെറിയ കുട്ടികളായിരിക്കെ അവരെ എനിക്കറിയാം. അവർ കൗമാരത്തിലേക്കും അവിടെ നിന്ന് യുവത്വത്തിലേക്കും വളർന്നതും ഇവിടെ നിന്നാണ്. ഇപ്പോൾ ലോക ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ നയിക്കാനിറങ്ങുകയാണ്. അതുവഴി ഖത്തറെന്ന രാജ്യത്തിന് അഭിമാനിക്കാൻ അവസരമൊരുക്കുകയാണവർ. ആ വളർച്ചയാണ് ആസ്പയറിന് അഭിമാനമാകുന്നത്' -ഇവാൻ ബ്രാവോ കൂട്ടിച്ചേർത്തു. ആസ്പയർ അക്കാദമി ആഗോള ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ​സ്പ​യ​ർ അ​ക്കാ​ദ​മി

2004ലാണ് ആസ്പയർ അക്കാദമി സ്ഥാപിക്കപ്പെടുന്നത്. അക്കാദമിയുടെ യാത്രയിലെ ഏറ്റവും മഹത്തായ നേട്ടത്തിന് 2019വരെ കാത്തിരിക്കേണ്ടിവന്നു. രാജ്യം ആദ്യമായി വൻകര ചാമ്പ്യന്മാരായതാണ് ആ വലിയ നേട്ടം. 2019ൽ ഏഷ്യൻ വമ്പന്മാരായ ജപ്പാനെ തകർത്ത് എ.എഫ്.സി ഏഷ്യൻ കപ്പ് കിരീടം ദോഹയിലെത്തുമ്പോൾ ദേശീയ ടീമിലെ 70 ശതമാനം താരങ്ങളും ആസ്പയറിലൂടെ വളർന്നുവന്നവരായിരുന്നു. ടൂർണമന്റെ് ടോപ് സ്കോററായ അൽ മുഇസ് അലി, മികച്ച ഗോൾകീപ്പറായ സഅദ് അൽ ശീബ്, ടൂർണമെന്റിലെ അസിസ്റ്റുകളുടെ തോഴനായി പിന്നീട് എ.എഫ്.സി പ്ലെയർ ഓഫ് ദി ഇയറായ അക്റം അഫീഫ് തുടങ്ങിയവരെല്ലാം അക്കാദമിയിലൂടെ വളർന്നുവന്നവരാണ്. ദേശീയ ടീമിന്റെ വളർച്ചയിൽ ഖത്തർ ഫുട്ബാൾ അസോസിയേഷനും ആസ്പയറും തമ്മിലുള്ള ബന്ധം വലിയ ഘടകമായിട്ടുണ്ടെന്ന് ഖത്തർ ഫുട്ബാൾ അസോസിയേഷൻ ടെക്നിക്കൽ ഡയറക്ടർ കൂടിയായ ബ്രാവോ സംസാരത്തിനിടെ ചൂണ്ടിക്കാട്ടി. ആസ്പയർ അക്കാദമിയിൽ ക്യു.എഫ്.എ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന് നന്ദി രേഖപ്പെടുത്തുകയാണെന്നും ബ്രാവോ പറഞ്ഞു.

ഊഷ്മളമായ ഈ കൂട്ടുകെട്ട് ഓരോ താരങ്ങളുടെയും വ്യക്തിഗത വളർച്ചയിലും വ്യത്യസ്ത ദേശീയ ടീമുകളുടെ പരിശീലകരുടെ തെരഞ്ഞെടുപ്പിലും വലിയ പങ്കുവഹിച്ചു. മത്സരം മെച്ചപ്പെടുത്തുന്നതിന്റെ ഓരോ ഘട്ടവും നിമിഷവും കളിക്കാർ മനസ്സിലാക്കിയിട്ടുണ്ട്. എതിരാളികൾ പന്ത് കൈവശം വെച്ചാൽ തിരിച്ചെടുക്കുന്നതിന് അവർ കഠിനാധ്വാനം ചെയ്യാൻ തയാറാണ്. ലോകത്തിലെ മികച്ച ലീഗുകളിൽ കളിക്കുന്ന ഒരുപിടി താരങ്ങളാണ് ഗ്രൂപ് എയിലെ മറ്റു ടീമുകളിൽ കളിക്കുന്നത്. എന്നാലും ഈയടുത്ത വർഷങ്ങളിലായി ഖത്തർ ടീം പുറത്തെടുക്കുന്ന മികച്ച പ്രകടനം ലോകകപ്പിലും ആവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് -അദ്ദേഹം വിശദീകരിച്ചു.

ദേശീയ ടീം ലോകകപ്പിന് സജ്ജമായിട്ടുണ്ടെന്ന് കരുതുന്നു. പരിശീലകൻ ഫെലിക്സ് സാഞ്ചസ് വ്യത്യസ്തമായ രീതികളാണ് കളിക്കളത്തിൽ നടപ്പാക്കുന്നത്. കഠിനാധ്വാനികളാണവർ. ഓരോ ദിവസവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ് താരങ്ങൾ. വലിയ മത്സരങ്ങൾ കളിക്കുന്നു. അതിലൂടെ മികച്ച പരിചയസമ്പത്ത് നേടുന്നു. മത്സര ഫലങ്ങളെ സ്വാധീനിക്കുന്ന ചെറിയ കാര്യങ്ങളെപ്പോലും അവർ ഗൗരവത്തോടെയാണ് സമീപിക്കുന്നത്. ജനങ്ങളെ സന്തോഷിപ്പിക്കുന്നതിന് എല്ലാം സമർപ്പിക്കാനും അവർ സജ്ജമാണ് -ബ്രാവോ വ്യക്തമാക്കി.

ഖത്തറുൾപ്പെടുന്ന ഗ്രൂപ് വളരെ കഠിനവും മത്സരക്ഷമതയുള്ളതുമാണ്. ചരിത്രത്തിലാദ്യമായിരിക്കും ആതിഥേയർ വലിയ ടീമുകളെ നേരിടുന്നത്. യൂറോപ്പിൽ നിന്നുള്ള ഫേവറിറ്റുകളായ നെതർലൻഡ്സാണ് ഒരു ടീം. ലൂയിസ് വാൻഗാൽ പരിശീലകനായ ശേഷം ഒരു മത്സരത്തിൽപോലും പരാജയം രുചിക്കാത്തവരാണവർ. പരിചയസമ്പത്തും യുവത്വവും അവർക്കൊപ്പമുണ്ട്. വലിയ വെല്ലുവിളിയായിരിക്കും അവരെ നേരിടുകയെന്നത്. അവർക്കെതിരെ കളിക്കണമെന്നാഗ്രഹിക്കുന്നവർ ഉണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്. അവരുടെ സ്ക്വാഡ് ഡെപ്ത് അത്രത്തോളമുണ്ട്. ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗാളാണ് മറ്റൊരു ടീം. ലോകകപ്പ് കിരീടം നേടാൻ പോലും പര്യാപ്തമാണ് അവർ. പരിചയസമ്പത്തുള്ള, വമ്പൻ ക്ലബുകളിൽ കളിക്കുന്ന നിരവധി പേർ അവർക്കുണ്ട്. ഗ്രൂപ്പിലെ മറ്റൊരു ടീമായ എക്വഡോറിനെ എഴുതിത്തള്ളാനും കഴിയില്ല. ബ്രസീലും അർജൻറീനയും കഴിഞ്ഞാൽ ദക്ഷിണ അമേരിക്കയിലെ വൻ ടീമുകളിലൊന്ന്. സീസണിൽ 20 മുതൽ 25 മത്സരങ്ങൾ വരെ കളിച്ചാണ് അവർ ലോകകപ്പിനെത്തുന്നത്.

ഖത്തറിനെ സംബന്ധിച്ച് എക്വഡോറും ബാലികേറാമലയാണ്. എന്നാലും ഖത്തർ ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ടീമുകൾ, താരങ്ങൾ, പരിശീലകർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകരെല്ലാം ഖത്തറിനെ അടുത്തറിയാനും അനുഭവിക്കാനും പോവുകയാണ്. ഐക്യത്തിലും സൗഹൃദത്തിലും ഫെയർപ്ലേയിലും ഫുട്ബാളിനെ ആഘോഷിക്കുന്ന ഒരു രാജ്യത്തെയാണ് അവർ കാണാനിരിക്കുന്നത്. എല്ലാവർക്കും അവിസ്മരണീയ അനുഭവമായിരിക്കും ഖത്തർ ലോകകപ്പ് സമ്മാനിക്കുകയെന്ന് നിസ്സംശയം പറയാം -ബ്രാവോ പറഞ്ഞു. ഖത്തർ താരങ്ങൾ, എപ്പോഴും ആസ്പയറിന്റെ മക്കളായിരിക്കും. ഞങ്ങളെപ്പോഴും അവരോട് പറയാറുള്ളതും നിങ്ങളുടെ വീടാണിതെന്നാണ്. ഇപ്പോൾ, അവരിലൂടെ സ്വപ്നം കാണാൻ ഞങ്ങളെ അനുവദിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത് - അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു. 

Tags:    
News Summary - FIFA World Cup and Aspire Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.