ഇംഗ്ലണ്ടിന്‍റെ അരങ്ങേറ്റം
വലിയ ബഹളവും തലയെടുപ്പുമായി എത്തിയ ഇംഗ്ലണ്ടിന്‍റെ ദയനീയ പുറത്താവലായിരുന്നു 1950 ലോകകപ്പിന്‍റെ ശ്രദ്ധേയ സംഭവങ്ങളിലൊന്ന്. ഗ്രൂപ് റൗണ്ടിൽ, സ്പെയിൻ, ചിലി, അമേരിക്ക ടീമുകൾക്കൊപ്പമായിരുന്നു സ്ഥാനം. തങ്ങളുടെ ഹോം ചാമ്പ്യൻഷിപ്പാണ് യഥാർഥ ഫുട്ബാൾ ലോകകപ്പ് എന്ന വീമ്പുമായി മുൻകാല ലോകകപ്പുകളെ ബഹിഷ്കരിച്ചവർ ആദ്യ ലോകകപ്പിനെത്തിയപ്പോൾ താരതമ്യേന പുതുമുഖങ്ങളായ അമേരിക്കയോടും സ്പെയിനിനോടും തോറ്റു. ചിലിക്കെതിരെ നേടിയ ആശ്വാസ വിജയവുമായി ഗ്രൂപ് റൗണ്ടിൽതന്നെ ഇംഗ്ലീഷുകാർ ആദ്യ ലോകകപ്പിന്‍റെ കയ്പുനീർ കുടിച്ച് മടങ്ങി.
അർജന്‍റീനയുടെ ബഹിഷ്കരണം
ആദ്യ രണ്ട് ലോകകപ്പും കളിച്ച അർജന്‍റീന തുടർച്ചയായി രണ്ടാം ലോകകപ്പും ബഹിഷ്കരിച്ചു. 1938ൽ തങ്ങൾക്ക് വേദി നൽകാത്തതിനാൽ ആയിരുന്നുവെങ്കിൽ, ഇത്തവണ സ്വന്തം വൻകരയിലെത്തിയിട്ടും ബഹിഷ്കരിക്കാൻതന്നെ തീരുമാനിച്ചു. ആതിഥേയരായ ബ്രസീൽ ഫുട്ബാൾ കോൺഫെഡറേഷനുമായുള്ള തർക്കത്തെ തുടർന്നായിരുന്നു പിന്മാറ്റം. എക്വഡോർ, പെറു തുടങ്ങിയ തെക്കൻ അമേരിക്കൻ ടീമുകളും യോഗ്യത മത്സരത്തിന് തയാറായില്ല.
സൂപർഗ ദുരന്തം അതിജീവിച്ച ഇറ്റലി
ലോകയുദ്ധത്തിന്‍റെ കെടുതികൾക്കിടയിൽ മറ്റൊരു ദുരന്തവും കൂടിയ അതിജീവിച്ചായിരുന്നു നിലവിലെ ജേതാക്കളായ ഇറ്റലി 1950 ബ്രസീൽ ലോകകപ്പിനെത്തിയത്. ലോകകപ്പിനായി പന്തുരുളുന്നതിന് ഒരു വർഷം മുമ്പായിരുന്നു ഇറ്റാലിയൻ ക്ലബായ ടോറിനോ എഫ്.സി ടീം അഗങ്ങൾ സഞ്ചരിച്ച വിമാനം ടൂറിൻ വിമാനത്താവളത്തിനടുത്ത് സൂപർഗ മലഞ്ചെരുവിൽ തകർന്നു വീണ് കത്തിച്ചാമ്പലായത്. 18 കളിക്കാരും സ്റ്റാഫും ഉൾപ്പെടെ വിമാനത്തിലെ 31 പേരും കൊല്ലപ്പെട്ടു. മരിച്ചുവീണ കളിക്കാരിൽ 11 പേരും ദേശീയ ടീമിലെ അംഗങ്ങളായിരുന്നു. അങ്ങനെ, ഒരു ആകാശ ദുരന്തത്തിൽ ഒന്നുമല്ലാതായി മാറിയ ലോകചാമ്പ്യന്മാർ അത്ഭുതമെന്നപോലെ അടുത്ത വർഷത്തെ ലോകകപ്പിൽ പന്തു തട്ടാനായി ബ്രസീലിലെത്തി. പക്ഷേ, വിമാനത്തിലായിരുന്നു ബ്രസീലിലേക്കുള്ള യാത്ര. സഹതാരങ്ങളെല്ലാം തീഗോളമായി മാറിയ ഒരു ദുരന്തത്തിന്‍റെ ഭീതിദമായ ഓർമയിൽ അവർ കടൽവഴി ബോട്ടിലായിരുന്നു ബ്രസീലിലേക്ക് യാത്രചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.