മഞ്ഞയും ചുവപ്പും കാർഡുകളുള്ള ഫുട്ബാൾ മൈതാനത്ത് വെള്ള കാർഡ് പുറത്തെടുത്ത് റഫറി; കാരണമറിയാം

കളി മുറുകുമ്പോൾ എതിരാളിയെ ശരീരം കൊണ്ട് നേരിടുന്നതും കാൽവെച്ചുവീഴ്ത്തുന്നതും കാലങ്ങളായി ഫുട്ബാൾ മൈതാനം കണ്ടുപരിചയിച്ചതാണ്. മറ്റു വഴികളില്ലാതെ റഫറിമാർ കാർഡ് പുറത്തെടുക്കുകയും ചെയ്യും. അതുപക്ഷേ, തുടക്കത്തിൽ മഞ്ഞയും കടുത്തതാകുമ്പോൾ ചുവന്നതുമാകും. ഒരിക്കലെങ്കിലും കാർഡ് കാണാത്ത കളിക്കാർ അത്യപൂർവവുമായിരിക്കും.

എന്നാൽ, പോർച്ചുഗീസ് വനിത ലീഗിൽ സ്​പോർടിങ് ലിസ്ബണും ബെൻഫിക്കയും തമ്മിലെ മത്സരത്തിൽ റഫറി പുറത്തെടുത്തത് ഈ രണ്ടു നിറങ്ങളിലുമുള്ളതല്ല. പകരം വെള്ളക്കാർഡാണ്. നിറം ​വെള്ളയാകുമ്പോൾ അതിൽ അക്രമത്തിന്റെ അംശമാകില്ല മുന്നിൽനിൽക്കുകയെന്നുറപ്പ്.

മത്സരത്തിനിടെ താരങ്ങളിലൊരാൾ തലചുറ്റി നിലത്തുവീഴുന്നു. അടിയന്തര ഘട്ടം മനസ്സിലാക്കി റഫറിയുടെ വിളി കാത്തുനിൽക്കാതെ മെഡിക്കൽ സ്റ്റാഫ് മൈതാനത്തെത്തി രോഗിയെ പരിചരിച്ച് മടങ്ങുന്നു. സ്ഥലത്തെത്തിയ റഫറി പോക്കറ്റിൽ കരുതിയിരുന്ന വെള്ളക്കാർഡ് ​പുറത്തെടുത്ത് വീശുന്നു. ഇത്രയുമായിരുന്നു സംഭവം.

താരങ്ങൾക്കല്ല കാർഡ് കിട്ടിയതെങ്കിലും ചെയ്തത് വലിയ കർമമായതിനാൽ മെഡിക്കൽ ജീവനക്കാരാണ് ഫുട്ബാൾ ചരിത്രത്തിലെ ആദ്യ വെള്ളക്കാർഡിന് അവകാശികളായത്. കളിക്കളത്തിലെ ഇത്തരം നല്ല പ്രവൃത്തികളെ ആദരിക്കാനായാണ് വെള്ളക്കാർഡ് നൽകാറുള്ളത്. 1970 ലോകകപ്പ് കാലത്ത് ഫിഫ ഈ കാർഡ് കൊണ്ടുവന്നിട്ടുണ്ടെങ്കിലും റഫറിമാർ പുറത്തെടുക്കാറില്ല. 

Tags:    
News Summary - First ever white card shown in soccer: what does it mean?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.