ലണ്ടൻ: ഫുട്ബാളിനേക്കാൾ കൂടുതൽ സാമൂഹ്യ സേവനങ്ങളിൽ ശ്രദ്ധ നേടുന്ന കളിക്കാരനാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ ഇംഗ്ലീഷ് താരം മാർകസ് റാഷ്ഫോഡ്. കുട്ടികളുടെ ദാരിദ്ര്യ നിർമാർജ്ജനത്തിന് ഇതിനകം തന്നെ പല പദ്ധതികളും താരം നേരിട്ട് യൂറോപ്പിലും ആഫ്രിക്കയും നടത്തുന്നുണ്ട്. ഈ അടുത്തും ഇത്തരം സേവനങ്ങളിൽ വാർത്തകളിൽ ഇടം നേടിയതോടെ താരത്തിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് കോച്ച് ഓലെ ഗണ്ണർ സോൾഷ്യെയർ.
കഴിഞ്ഞ ദിവസമാണ് കോച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിച്ചത്. ''റാഷ്ഫോഡ് ചെയ്യുന്നത് നല്ലകാര്യങ്ങളാണ്. എന്നാൽ, ഈ സമയം കൂടുതൽ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഫുട്ബാളാണ് റാഷ്ഫോഡിന്റെ മുൻഗണനയിൽ ആദ്യമുണ്ടാവേണ്ടത്. പരിക്ക് കഴിഞ്ഞ് തിരിച്ചെത്തുേമ്പാൾ ട്രെയ്നിങ്ങിൽ കൂടുതൽ ശ്രദ്ധിക്കണം. ഇംഗ്ലണ്ടിനായും മാഞ്ചസ്റ്റർ യുനൈറ്റഡിനായും റാഷ്ഫോഡ് പ്രതിഭ തെളിയിച്ച് കഴിഞ്ഞു- കോച്ച് പറഞ്ഞു.
പരിക്കേറ്റ് ഏറെനാൾ കളത്തിനു പുറത്തായിരുന്നു ഇംഗ്ലീഷ് യുവ താരം. കഴിഞ്ഞ ദിവസം ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങി യുനൈറ്റഡിനായി ഗോൾ നേടിയിരുന്നു. യുനൈറ്റഡിനായി 180 മത്സരങ്ങളിൽ 56 ഗോളുകളും ഇംഗ്ലണ്ടിനായി 46 മത്സരങ്ങളിൽ 12 ഗോളുകളും ഇതുവരെ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.