മുംബൈ: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾ ഇല്ലാതാക്കിയ വിവാദ ഗോളിനും മോശം റഫറീയിങ്ങിനുമെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ രോഷപ്രകടനം. രണ്ടാം റൗണ്ടിലെ നിർണായക മത്സരത്തിൽ ഖത്തറിനോട് തോറ്റാണ് ഇന്ത്യ ലോകകപ്പ് യോഗ്യത റൗണ്ടിൽനിന്ന് പുറത്തായത്. ഖത്തർ നേടിയ രണ്ടു ഗോളുകളിലൊന്ന് ഗോൾ ലൈൻ കടന്ന് പുറത്തുപോയ പന്തിൽനിന്നാണ് നേടിയത്.
മത്സരത്തിൽ ആദ്യ ഒരു മണിക്കൂറിലേറെ മുന്നിട്ടുനിൽക്കുകയും നിറഞ്ഞുകളിക്കുകയും ചെയ്തശേഷമാണ് വിവാദ ഗോളിലൂടെ ഇന്ത്യക്കു മേൽ ദൗർഭാഗ്യം വന്നുപതിക്കുന്നത്. 73ാം മിനിറ്റിലാണ് വിവാദ ഗോൾ. ഖത്തറിന്റെ ഗോൾശ്രമം ഇന്ത്യൻ പെനാൽറ്റി ഏരിയയിൽ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു തടഞ്ഞെങ്കിലും പന്ത് കൈയിലൊതുക്കാനായില്ല. ഇതിനിടെ ഗോൾ ലൈനിനു പുറത്തു പോയ പന്ത് അൽ ഹസ്സൻ കാലുകൊണ്ടു വലിച്ചെടുത്ത് യൂസഫ് അയ്മന് നൽകുകയും താരം വലയിലാക്കുകയും ചെയ്തു.
പന്ത് ലൈനിനു പുറത്തുപോയതിനാൽ ഇന്ത്യൻ താരങ്ങൾ കളി നിർത്തി റഫറിയുടെ വിസിലിനായി കാത്തുനിൽക്കുന്നതിനിടെയാണ് ഖത്തർ താരങ്ങൾ പന്തെടുത്ത് ഗോളടിക്കുന്നത്. മത്സരം ജയിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് മൂന്നാം റൗണ്ടിലേക്ക് കടക്കാമായിരുന്നു. മാനസ്സികമായി തകർന്ന ഇന്ത്യയുടെ ഗോൾവല 85ാം മിനിറ്റിൽ അഹമ്മദ് അൽ റാവിയും കുലുക്കിയതോടെയാണ് മൂന്നാം റൗണ്ട് സ്വപ്നം പൊലിഞ്ഞത്. മോശം റഫറിയിങ്ങിനെ പഴിച്ച ആരാധകർ ഇത് ശരിക്കും വഞ്ചനയാണെന്നും കുറ്റപ്പെടുത്തി.
‘അഞ്ച്, ആറാം നമ്പർ താരങ്ങൾക്ക് പന്ത് പുറത്തേക്ക് പോയെന്ന് കൃത്യമായി അറിയാമായിരുന്നിട്ടും അവർ ഗോൾ ആഘോഷം തുടർന്നതാണ് മത്സരത്തിലെ ഏറ്റവും മോശം വശം’ -ഒരു ആരാധകൻ എക്സിൽ കുറിച്ചു. ‘റഫറി മാത്രമല്ല വഞ്ചിച്ചത്, താരങ്ങൾ കൂടിയാണ്. സ്പോർട്സിൽനിന്ന് മാന്യത നഷ്ടപ്പെട്ടിരിക്കുന്നു...ഇക്കാലത്ത് കായികമത്സരങ്ങൾ കാണുന്നത് ഒരു പതിറ്റാണ്ട് മുമ്പത്തെപ്പോലെ രസകരമല്ല’ -മറ്റൊരു ആരാധകൻ എക്സിൽ പ്രതികരിച്ചു. ‘ഫിഫയുടെ ഈ അന്താരാഷ്‌ട്ര മത്സരങ്ങളേക്കാൾ മികച്ച റഫറി എന്‍റെ സ്‌കൂളിൽ പോലും ഉണ്ടായിരുന്നു. അവരെ വിലക്കെടുത്താൽ, ഇന്ത്യൻ ടീം നന്നായി വിശ്രമിക്കുകയാണ് വേണ്ടത്. തെറ്റായ കാരണത്താൽ നിരാശപ്പെടുന്നതിൽ അർഥമില്ല’ -മറ്റൊരു ആരാധകൻ പ്രതികരിച്ചു.
‘ഫുട്ബാളിന് ലജ്ജാകരമായ ദിവസം’, എന്തുകൊണ്ട് മത്സരത്തിൽ വാർ പരിശോധനയില്ല...ഇങ്ങനെ പോകുന്നു ആരാധകരുടെ രോഷപ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.