ന്യൂഡൽഹി: കിട്ടാക്കനിയായിരുന്ന അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ഭരണം സംഘ്പരിവാറും ബി.ജെ.പിയും ഒടുവിൽ കളിക്കാരന്റെ മറവിൽ നേടിയെടുത്തു. ഫെഡറേഷന്റെ പ്രസിഡന്റാകുന്ന ആദ്യ ഫുട്ബാൾ താരമെന്ന വിശേഷണമുണ്ടെങ്കിലും പുതിയ പ്രസിഡന്റായ കല്യാൺ ചൗബേ ബി.ജെ.പി പ്രവർത്തകൻ കൂടിയാണ്. ക്രിക്കറ്റിൽ അരുൺ ജെയ്റ്റ്ലിയിൽ തുടങ്ങി ജയ്ഷായിലെത്തിയ സംഘ്പരിവാർ ആധിപത്യം ഫുട്ബാളിൽ ഇതുവരെയുണ്ടായിരുന്നില്ല. 34 വർഷമായി കോൺഗ്രസിന്റെയും എൻ.സി.പിയുടെയും കൈപ്പിടിയിലായിരുന്നു ഫെഡറേഷൻ. 1988 മുതൽ 2008 വരെ പ്രിയരഞ്ജൻ ദാസ് മുൻഷിയായിരുന്നു തലപ്പത്തുണ്ടായിരുന്നത്. എൻ.സി.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പ്രഫുൽ പട്ടേൽ പിന്നീട് 2022 വരെ തുടർന്നു. പട്ടേലിന് അനിവാര്യമായ സാഹചര്യത്തിൽ പുറത്തുപോകേണ്ടിവന്നപ്പോഴാണ് ബി.ജെ.പി കളി തുടങ്ങിയത്.
ചൗബേക്ക് പ്രസിഡന്റാകാൻ ഭരണസ്വാധീനവും ഉപയോഗിച്ചതായി ആരോപണമുണ്ട്. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു സംസ്ഥാന അസോസിയേഷൻ പ്രതിനിധികളെ ഹോട്ടലിൽ സന്ദർശിച്ച് ചൗബേയുടെ എതിരാളിയായ ബൈച്യുങ് ബൂട്ടിയക്കെതിരെ സമ്മർദം ചെലുത്തിയതായാണ് ആരോപണം. ബൂട്ടിയക്ക് വോട്ട് ചെയ്യാമെന്ന് ഏറ്റവർ കടുത്ത സമ്മർദം കാരണം മറിച്ച് ചിന്തിച്ചു. റിജിജുവിന്റെ ഇടപെടൽ തുടക്കം മുതലുണ്ടായിരുന്നതായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ മാനവേന്ദ്ര സിങ് പറഞ്ഞു. ഇന്ത്യൻ ഫുട്ബാളിന്റെ താൽപര്യത്തിനുവേണ്ടി സംസ്ഥാന അസോസിയേഷനുകൾ നിലകൊള്ളാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. മാനവേന്ദ്ര സിങ്ങായിരുന്നു ബൂട്ടിയയെ പിന്താങ്ങിയത്. ഗോപാലകൃഷ്ണ കോസരാജുവായിരുന്നു പേര് നിർദേശിച്ചത്. ഒരു വോട്ട് മാത്രം കിട്ടിയതോടെ ഇതിലൊരാൾ ബൂട്ടിയക്ക് വോട്ട് ചെയ്തില്ലെന്ന് വ്യക്തമായി. കോസരാജുവിനെയാണ് സംശയം.
സുപ്രീംകോടതിയുടെ വിധിയും ഫിഫ വിലക്കുമെല്ലാം അതിജീവിച്ചാണ് എ.ഐ.എഫ്.എഫിൽ തെരഞ്ഞെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പിനുമുമ്പ് തന്നെ ഫുട്ബാളിനായി ജീവിതമർപ്പിച്ച താൻ ഇനിയും സപര്യ തുടരുമെന്ന് ബൂട്ടിയ പറഞ്ഞു. ചൗബേക്ക് ആശംസ നേർന്നു. മുൻ പ്രസിഡന്റ് പ്രഫുൽ പട്ടേലും രാജ്യത്തെ നിരവധി ഫുട്ബാൾ ക്ലബുകളും താരങ്ങളും ചൗബേക്ക് ആശംസ നേർന്നു.
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിക്ക് വേണ്ടി എല്ലാവരുമായും ഒത്തുചേർന്ന് പ്രവർത്തിക്കുമെന്ന് എ.ഐ.എഫ്.എഫിന്റെ പുതിയ പ്രസിഡന്റ് കല്യാൺ ചൗബേ. നൂറുദിവസത്തിന് ശേഷം ഇന്ത്യൻ ഫുട്ബാളിനെക്കുറിച്ചുള്ള രൂപരേഖ തയാറാക്കുമെന്ന് ചൗബേ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫിഫ പ്രസിഡന്റുമായി സംസാരിച്ചിരുന്നു. സൂറിച്ചിലോ ദോഹയിലോ വെച്ച് അദ്ദേഹവുമായി സംസാരിക്കും. അണ്ടർ 17 വനിത ലോകകപ്പിന്റെ നടത്തിപ്പിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് ഫിഫക്ക് സമർപ്പിക്കും. സ്കൂൾ തലത്തിൽ താരങ്ങളെ വളർത്താനുള്ള ശ്രമം തുടങ്ങുമെന്നും ചൗബേ പറഞ്ഞു. താൻ തോൽപിച്ച ബൈച്യുങ് ബൂട്ടിയയുടെ അഭിപ്രായങ്ങൾക്കും വിലകൽപിക്കുമെന്നും എ.ഐ.എഫ്.എഫ് പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.