മട്ടാഞ്ചേരി: കൊച്ചിയുടെ കാൽപന്തുകളി പെരുമയിൽ തങ്ങളുടെ ഇടം നേടാൻ ഒരുങ്ങുകയാണ് മട്ടാഞ്ചേരി സ്വദേശിനികളായ സഹോദരിമാർ. മാളിയേക്കൽ പറമ്പിൽ എ.എ.നൗഷാദ് - സുഫീന ദമ്പതികളുടെ മക്കളായ ഫിസ സഹറയും അംന ആലിയയുമാണ് ഈ സഹോദരങ്ങൾ. തേവര സേക്രഡ് ഹാർട്ട് സ്കൂളിൽ എട്ട്, പത്ത് ക്ലാസുകളിൽ പഠിക്കുകയാണ് ഇവർ.
ഫിസ കഴിഞ്ഞയാഴ്ച ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നടന്ന എച്ച്.സി.എൽ .എഫ് അണ്ടർ 14 സൗത്ത് സോൺ ഫുട്ബാൾ മത്സരത്തിൽ ചാമ്പ്യൻമാരായ കേരള ടീം അംഗമാണ്. ഫൈനലിൽ തമിഴ്നാടിനെ തോൽപിച്ച് കിരീടം നേടിയ കേരളത്തിന് വേണ്ടി ഫിസ രണ്ട് ഗോൾ നേടിയിരുന്നു. അടുത്ത ആഴ്ച ചെന്നൈയിൽ നടക്കുന്ന ദേശീയ ജൂനിയർ ഫുട്ബാൾ മത്സരത്തിൽ കേരള ടീമിലേക്കും ഫിസക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.
സഹോദരി അംന അലിയയെ പാലക്കാട് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ല ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുകയാണ്. കേരള സ്പോർട്സ് കൗൺസിലിന്റെ സ്കൂൾ ക്യാമ്പിലേക്കും അംനയെ തെരഞ്ഞെടുത്തിട്ടുണ്ട്. കോച്ച് മനോജിന്റെ കീഴിലാണ് ഇരുവരുടെയും പരിശീലനം. 15ഓളം ടൂർണമെൻറുകളിൽ ഇരുവരും കളിച്ചിട്ടുണ്ട്. മട്ടാഞ്ചേരി ടി.ഡി. ഹൈസ്കൂൾ ഗ്രൗണ്ടിൽ കളി തുടങ്ങിയ ഇരുവർക്കും ഇന്ത്യൻ ജഴ്സി അണിയണമെന്നതാണ് വലിയ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.