എല്ലാ രാജ്യങ്ങളിലും പെലെയുടെ പേരിൽ ഫുട്ബാൾ സ്റ്റേഡിയം; നിർദേശവുമായി ഫിഫ

ബ്രസീലിയ: ലോകത്തെ മുഴുവൻ രാജ്യങ്ങളിലെയും ഒരു ഫുട്ബാൾ സ്‌റ്റേഡിയത്തിന് ഇതിഹാസ താരം പെലെയുടെ പേരിടാൻ ആവശ്യപ്പെടുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. സാന്റോസിൽ പെലെയുടെ സംസ്‌കാര ചടങ്ങിൽ അന്ത്യോപചാരമർപ്പിക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പെലെ അനശ്വരനാണ്, ഫുട്‌ബാളിന്റെ ആഗോള പ്രതീകമാണ്. വലിയ ദുഃഖത്തോടെയാണ് നമ്മൾ ഇവിടെ നിൽക്കുന്നത്. ഒരുപാട് വികാരങ്ങളിലൂടെയും വേദനയിലൂടെയുമാണ് കടന്നുപോകുന്നത്. എന്നാൽ, നമുക്ക് ഒരുപാട് പുഞ്ചിരികൾ സമ്മാനിച്ചയാളാണ് അദ്ദേഹം. അതുകൊണ്ട് ആ പുഞ്ചിരി നമുക്കുണ്ട്. ഫിഫ അദ്ദേഹത്തിന് ആദരമർപ്പിക്കുകയും ലോകത്തോട് മുഴുവൻ ഒരു നിമിഷം മൗനമാചരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു -ഇൻഫാന്റിനോ പറഞ്ഞു.

ബ്രസീലിലെ പ്രശസ്തമായ മാറക്കാന സ്റ്റേഡിയത്തിന് പെലെയുടെ പേര് നൽകാനുള്ള നീക്കം 2021 ഏപ്രിലിൽ സംസ്ഥാന ഗവർണർ വീറ്റോ ചെയ്തതിനെത്തുടർന്ന് റിയോ ഡി ജനീറോ ഉപേക്ഷിച്ചിരുന്നു.

അർബുദബാധിതനായി ചികിത്സയിലായിരുന്ന പെലെ 2022 ഡിസംബർ 29നാണ് 82ാം വയസ്സിൽ വിടവാങ്ങിയത്. പെലെയോടുള്ള ആദരസൂചകമായി സൂറിച്ചിലെ ആസ്ഥാനത്തിന് പുറത്ത് വെള്ളിയാഴ്ച തന്നെ ഫിഫ ലോക പതാകകൾ പകുതി താഴ്ത്തിക്കെട്ടിയിരുന്നു. ബ്രസീലിനായി 1958, 1962, 1970 വർഷങ്ങളിൽ ലോകകപ്പ് നേടിയ പെലെ, മൂന്ന് ലോകകപ്പുകൾ സ്വന്തമാക്കിയ ഏക താരം കൂടിയാണ്. സൗഹൃദ മത്സരങ്ങളിൽ ഉൾപ്പെടെ 1,363 കളികളിൽനിന്ന് 1,281 ഗോളുകൾ നേടിയതിന് ഗിന്നസ് റെക്കോഡും പെലെയുടെ പേരിലുണ്ട്.

Tags:    
News Summary - Football stadium in the name of Pele in every country; FIFA with the proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 03:21 GMT