യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ ഏറ്റവും മൂല്യമേറിയ കാലമാണ് താര കൈമാറ്റ കാലം. സീസണിനുമുന്നോടിയായുള്ള രണ്ട്-മൂന്ന് മാസക്കാലവും (ഇത് പല ലീഗിലും പലവിധമാണ്) ഇടക്കുള്ള ഒരു മാസവും (ജനുവരി) കളിക്കാർക്ക് കൂടുമാറാനുള്ള അവസരം. ഇത്തവണത്തെ ജനുവരി കൈമാറ്റ വിപണി തിങ്കളാഴ്ച അർധരാത്രിയാണ് അവസാനിച്ചത്. ഇഞ്ചുറി സമയത്തെ വിജയഗോൾ പോലെ അന്തിമഘട്ടത്തിലെ കൈമാറ്റങ്ങളടക്കം ആവേശകരമായിരുന്നു കൈമാറ്റ ജാലകം. ഏറെ ശ്രദ്ധ നേടിയ ചില കൈമാറ്റങ്ങളിലൂടെ.
ബ്രൂണോ ഗ്വിമാറെസ് (ന്യൂകാസിൽ യുനൈറ്റഡ്)
ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണിന്റെ ബ്രസീൽ മിഡ്ഫീൽഡർ ബ്രൂണോ ഗ്വിമാറെസിനെ ഇംഗ്ലീഷ് ക്ലബ് ന്യൂകാസിൽ യുനൈറ്റഡ് സ്വന്തമാക്കി. 3.3 കോടി പൗണ്ടിനാണ് (ഏകദേശം 330 കോടി രൂപ) കൈമാറ്റം. നാലര വർഷത്തേക്കാണ് 24കാരനുമായുള്ള കരാർ.
വൗട്ട് വെർഗ്ഹോസ്റ്റ് (ബേൺലി)
ജർമൻ ക്ലബ് വോൾവ്സ്ബർഗിൽനിന്ന് 1.2 കോടി പൗണ്ടിനാണ് (ഏകദേശം 120 കോടി രൂപ) ഡച്ച് സ്ട്രൈക്കർ വൗട്ട് വെർഗ്ഹോസ്റ്റ് ഇംഗ്ലീഷ് ക്ലബായ ബേൺലിയിലെത്തുന്നത്.
ഡുസാൻ വ്ലാഹോവിച് (യുവന്റസ്)
ഫിയറന്റീനയുടെ സെർബിയൻ സ്ട്രൈക്കർ ഡുസാൻ വ്ലാഹോവിച് യുവന്റസിലേക്ക് കൂടുമാറി. ഏഴ് കോടി യൂറോക്കാണ് (ഏകദേശം 585 കോടി രൂപ) 22കാരനുമായി യുവന്റസ് നാലുവർഷത്തെ കരാറിലൊപ്പിട്ടത്. സീസണിൽ മികച്ച ഫോമിലുള്ള വ്ലാഹോവിച് 17 ഗോളുമായി ഇറ്റാലിയൻ സീരി എയിൽ ലാസിയോയുടെ ചീറോ ഇമ്മൊബിലെക്കൊപ്പം ടോപ്സ്കോറർ സ്ഥാനത്താണ്. ഒന്നര സീസണിലായി 38 ഗോളുകൾ നേടിയിട്ടുണ്ട് വ്ലാഹോവിച്.
ലൂയിസ് ഡയസ് (ലിവർപൂൾ)
എഫ്.സി പോർട്ടോയുടെ കൊളംബിയക്കാരൻ ലൂയിസ് ഡയസ് ലിവർപൂളിലേക്ക് കൂടുമാറി. നാലു കോടി യൂറോക്ക് (ഏകദേശം 335 കോടി രൂപ) അഞ്ചര വർഷത്തേക്കാണ് കരാർ. പോർട്ടോക്കായി മൂന്നു സീസണുകളിലായി 77 കളികളിൽ 26 ഗോളുകളാണ് വിംഗറായി കളിക്കുന്ന ലൂയിസിന്റെ സമ്പാദ്യം.
ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി)
അർജന്റീന സ്ട്രൈക്കർ ജൂലിൻ അൽവാരസിനെ 1.4 കോടി പൗണ്ടിന് (ഏകദേശം 140 കോടി രൂപ) റിവർപ്ലേറ്റിൽനിന്ന് മാഞ്ചസ്റ്റർ സിറ്റി കൈക്കലാക്കി. അഞ്ചര വർഷത്തെ കരാറിൽ അടുത്ത ആറു മാസം കൂടി 22കാരൻ അർജന്റീന ക്ലബിൽ തുടരും.
റോഡ്രിഗോ ബെന്റകൂർ, ഡെയാൻ കുലുസേവ്സ്കി (ടോട്ടൻഹാം)
യുവൻസിൽനിന്ന് റോഡ്രിഗോ ബെന്റകൂറിനെയും ഡെയാൻ കുലുസേവ്സ്കിയെയും ടോട്ടൻഹാം സ്വന്തമാക്കി. സ്വീഡിഷ് വംഗറായ കുലുസേവ്സ്കി വായ്പാടിസ്ഥാനത്തിലും ഉറുഗ്വായ് മിഡ്ഫീൽഡറായ ബെന്റകൂർ 1.6 കോടി പൗണ്ടിനുമാണ് (ഏകദേശം 160 കോടി രൂപ) എത്തുന്നത്.
ഡോണി വാൻഡെ ബീക്, ഡെലെ അലി (എവർട്ടൺ)
മാഞ്ചസ്റ്റർ യുനൈറ്റഡിൽ അവസരംകിട്ടാതെ ഉഴലുന്ന ഡച്ച് മിഡ്ഫീൽഡർ ഡോണി വാൻഡെ ബീക് ആറു മാസത്തെ വായ്പക്കും ടോട്ടൻഹാമിൽനിന്ന് ഡെലെ അലി ഫ്രീ ട്രാൻസ്ഫറിലും എവർട്ടണിലെത്തി.
അഡാമ ട്രയോറെ (ബാഴ്സലോണ), പിയറി എംറിക് ഔബമയാങ് (ബാഴ്സലോണ)
വോൾവർഹാംപ്ടണിന്റെ സ്പാനിഷ് വിംഗർ അഡാമ ട്രയോറെ താൻ കളി പഠിച്ച ബാഴ്സലോണയിൽ തിരിച്ചെത്തി. സീസൺ അവസാനം വരെ വായ്പയായാണ് വോൾവ്സ് 26കാരനെ ബാഴ്സക്ക് നൽകിയത്. കരാറിന്റെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2004 മുതൽ ബാഴ്സയുടെ ലാമാസിയ അക്കാദമിയിലുണ്ടായിരുന്ന ട്രയോറെ 2015ലാണ് ആസ്റ്റൺവില്ലയിലേക്ക് കൂടുമാറിയത്. പിന്നീട് മിഡിൽസ്ബറോ വഴി വോൾവ്സിലെത്തുകയായിരുന്നു. കരുത്തുറ്റ ശരീരവും അതിവേഗവുമായി എതിരാളികളെ ഭയപ്പെടുത്തുന്ന താരമാണ് ട്രയോറെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.