റിയോ ഡെ ജനീറോ: ഫുട്ബാൾ രാജാവ് പെലെയുടെ മരണത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് ബ്രസീൽ. ഏറെ നാളായി ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും മരണവാർത്ത ഉൾക്കൊള്ളാൻ ബ്രസീലിയൻ ജനതക്കായില്ല. ബ്രസീലിനെ ഫുട്ബാളിലെ പ്രമുഖശക്തികളിലൊന്നായി ഉയർത്തിയതിൽ നിർണായക പങ്കുവഹിച്ച പെലെയുടെ മരണമറിഞ്ഞ് പലരും പൊട്ടിക്കരഞ്ഞു.
ഐതിഹാസികമായ പത്താം നമ്പർ ജഴ്സിയണിഞ്ഞാണ് പലരും തെരുവിലിറങ്ങിയത്. ‘രാജാവേ, വിട’ എന്നെഴുതിയ കൊടികളുമായി ആരാധകർ തെരുവിലെത്തി. കഴിഞ്ഞ രാത്രി രാജ്യത്തെ പ്രധാന കെട്ടിടങ്ങളിലും സ്റ്റേഡിയങ്ങളിലും വെളിച്ചം വീശി പെലെയുടെ രൂപം ചിരിതൂകി നിന്നിരുന്നു. പ്രാദേശികസമയം വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് മരണവാർത്ത പുറത്തുവന്നത്. പെലെ ചികിത്സയിലായിരുന്ന സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിക്ക് മുന്നിൽ വലിയ ബാനർ ഉയർന്നു. ‘അനശ്വര രാജൻ പെലെ’ എന്നായിരുന്നു ബാനറിലെഴുതിയത്. ഈ ദിവസം അതിസങ്കടത്തിന്റെ നിമിഷങ്ങളാണ് സമ്മാനിക്കുന്നതെന്ന് ആശുപത്രിക്ക് മുന്നിലേക്ക് കുതിച്ചെത്തിയ ആരാധകർ പറഞ്ഞു. സങ്കടമേറിയ സമയത്തും സന്തോഷമേകിയ താരമായിരുന്നു പെലെയെന്നാണ് ആരാധകരുടെ അഭിപ്രായം.
കരിയറിലെ ആയിരാമത്തെ ഗോളടക്കം നേടിയ മാറക്കാന സ്റ്റേഡിയത്തിൽ ആദരസൂചകമായി രാത്രിയോടെ വെളിച്ചം പരന്നു. മാറക്കാനക്ക് ചുറ്റുമുള്ള നഗരങ്ങളെല്ലാം വെളിച്ചത്തിൽ മുങ്ങി. സാവോപോളോയിലെ വ്യാപാരസമുച്ചയത്തിൽ ’നന്ദി, രാജാവ്’ എന്ന് എൽ.ഇ.ഡി ദീപവിതാനത്തിൽ എഴുതിവെച്ചിരുന്നു. റിയോയിലെ ക്രൈസ്റ്റ് ദ റെഡീമർ പ്രതിമയും ആദരസൂചകമായി രാത്രി മുഴുവൻ വെളിച്ചമണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.