മലപ്പുറം: സംസ്ഥാന ഫുട്ബാൾ ലീഗുകളിൽ നിന്ന് വിദേശതാരങ്ങളെ വിലക്കി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) ഉത്തരവ്. ഏപ്രിൽ 14ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം എ.ഐ.എഫ്.എഫ് പുതിയ നിർദേശം പുറപ്പെടുവിച്ചത്. അതേസമയം, പുതിയ ഉത്തരവിൽ നിന്ന് കേരളത്തെ ഒഴിവാക്കി.
സംസ്ഥാനത്ത് പുതുതായി തുടങ്ങാനിരിക്കുന്ന കേരള സൂപ്പർ ലീഗ് പരിഗണിച്ചാണ് ഒഴിവാക്കിയതെന്നാണ് വിവരം. ഈ ടൂർണമെന്റുമായി ബന്ധപ്പെട്ട് നേരത്തെ കരാർ ഒപ്പുവെച്ചതും മറ്റു ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് കേരളത്തെ ഒഴിവാക്കിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
എ.ഐ.എഫ്.എഫിന് കീഴിലുള്ള കേരളമൊഴികെയുള്ള എല്ലാ സംഘടനകൾക്കും പുതിയ ഉത്തരവ് ബാധകമാണെന്ന് എ.ഐ.എഫ്.എഫ്4/27/2023 8:22:33 PM ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ പറഞ്ഞു. നിലവിലെ ഉത്തരവ് രണ്ട് വർഷത്തേക്കാണെന്നും മറ്റു മാറ്റങ്ങൾ ഇനി വരുന്ന യോഗങ്ങളിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന - ജില്ല - സിറ്റി തലത്തിലെ എല്ലാ ടീമുകൾക്കും പുരുഷ, വനിത വിദേശ താരങ്ങളെ ഉൾപ്പെടുത്തുന്നതിൽ വിലക്കുണ്ട്. കേരള ഫുട്ബാൾ അസോസിയേഷൻ നൽകുന്ന വിവരപ്രകാരം കേരളത്തിലെ എല്ലാ ലീഗുകൾക്കും ഇളവുണ്ടെന്നാണ്.
അതേസമയം, കേരളത്തിൽ കേരള സൂപ്പർ ലീഗിന് മാത്രമാണ് ഇളവ് നൽകിയതെന്നും മറ്റു ലീഗുകൾക്ക് ഇളവില്ലെന്നും എ.ഐ.എഫ്.എഫ് ഭാരവാഹികൾ പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്.
നിരവധി വിദേശ താരങ്ങൾ കളിക്കുന്ന കേരള പ്രീമിയർ ലീഗ് അടക്കമുള്ള ടൂർണമെന്റുകൾക്ക് ഉത്തരവ് ബാധകമാകുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. നിലവിലെ കലണ്ടറനുസരിച്ച് അടുത്ത വർഷം ഫെബ്രുവരിയോടെ കേരള പ്രീമിയർ ലീഗിന്റെ പുതിയ സീസൺ തുടങ്ങും.
നിരവധി ടീമുകൾ വിദേശ താരങ്ങളുമായി കരാർ ഒപ്പിട്ടിട്ടുമുണ്ട്. വിദേശ താരങ്ങളെ വിലക്കിയുള്ള ഉത്തരവിൽ ഇളവ് ലഭിച്ചതിനാൽ നേരത്തെ നിശ്ചയിച്ച ലീഗുകളെ ബാധിക്കില്ലെന്നും കേരളത്തെ ഒഴിവാക്കിയതായി പരാമർശിച്ചിട്ടില്ലെങ്കിലും യോഗത്തിൽ ഉറപ്പ് ലഭിച്ചിട്ടപണ്ടെന്നും കേരള ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയും എ.ഐ.എഫ്.എഫ് മെമ്പറുമായ പി. അനിൽ കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.