മുൻ ചെൽസി കോച്ച് തോമസ് ടുഷേൽ കേരളത്തിൽ; ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാകുമോ?

തൃശൂർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ചെൽസിയുടെ മുൻ പരിശീലകൻ തോമസ് ടുഷേൽ കേരളത്തിൽ. ബുധനാഴ്ചയാണ് അദ്ദേഹം കൊച്ചിയിൽ വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽ ചെൽസി ആരാധകരുടെ സ്വീകരണവും അദ്ദേഹം ഏറ്റുവാങ്ങി. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയും സജീവമായി. ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാൻ എത്തിയതാണോ എന്നായിരുന്നു പലരുടെയും സംശയം. ആരാധകരുടെ പ്രിയങ്കരനായ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമനോവിച്ച് ക്ലബ് വിടുകയോണോയെന്നും ചിലർ ചോദിച്ചു.

എന്നാൽ, തൃശൂരിലെ നാട്ടികയിലെ സ്വകാര്യ റിസോർട്ടിൽ ആയുർവേദ ചികിത്സക്കായാണ് ജർമൻകാരൻ എത്തിയത്. 10 ദിവസത്തെ 'റിലാക്സേഷൻ തെറാപ്പി'ക്ക് ശേഷം 49കാരൻ മടങ്ങുമെന്നാണ് അറിയുന്നത്. നാട്ടികയിലെ മലയാളി ജർമനിയിൽ പോയപ്പോൾ ചെൽസി ടീമിന്റെ മാനേജ്മെന്റുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് ചെൽസിയിൽ നിന്നൊരു സംഘം കഴിഞ്ഞ മാസം ഇവിടെയെത്തി ചികിത്സ തേടി മടങ്ങി. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ടുഷേൽ വന്നതെന്നാണ് വിവരം.

ടുഷേൽ ഖത്തറിലെ ദോഹയിൽനിന്ന് കൊച്ചിയിലേക്ക് വിമാനം കയറിയതറിഞ്ഞ് ചെൽസി ആരാധകരായ കോട്ടയം സ്വദേശി ജോബി ജോണും കൊച്ചി സ്വദേശി അനൂപും അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തുകയായിരുന്നു. ഇവർ എടുത്ത ചിത്രങ്ങളിലൂടെയാണ് ടുഷേൽ കേരളത്തിലെത്തിയ വിവരം പുറത്തറിഞ്ഞത്. ചെൽസിയുടെ ജഴ്സിയണി‍ഞ്ഞ് തന്നെ സ്വീകരിക്കാനെത്തിയ ആരാധകരെ കണ്ട് ടുഷേൽ അമ്പരന്നെന്ന് ഇവർ പറഞ്ഞു. ഇംഗ്ലണ്ടിലുള്ള സുഹൃത്ത് അനീഷ് നായർ വഴിയാണ് അദ്ദേഹം കേരളത്തിൽ എത്തുന്ന വിവരം ഇരുവരും അറിയുന്നത്.

ഈ വർഷം ചെൽസി പരിശീലക സ്ഥാനത്തുനിന്ന് പുറത്തായ ശേഷം ടുഷേൽ മറ്റൊരു ചുമതലയും ഏറ്റെടുത്തിട്ടില്ല. ജർമനിയിലെ മുൻനിരക്കാരായ ബൊറൂസിയ ഡോട്ട്മുണ്ട്, ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി എന്നീ ടീമുകളെയും ടുഷേൽ പരിശീലിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Former Chelsea coach Thomas Tuchel in Kerala; Will he be the coach of the Blasters?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.