ലണ്ടൻ: 2023ലെ മികച്ച പുരുഷതാരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരത്തിന് ലയണൽ മെസ്സി അർഹനായതിനുപിന്നാലെ ചില കോണുകളിൽനിന്ന് വിമർശനവും ഉയരുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലാൻഡാണ് പുരസ്കാരത്തിന് മെസ്സിയേക്കാൾ അർഹൻ എന്നാണ് വിമർശകരിലേറെയും വാദിക്കുന്നത്. മെസ്സിക്കും ഹാലാൻഡിനും വോട്ടെടുപ്പിൽ ഒരേ പോയന്റ് (48) ആയതോടെ കൂടുതൽ ദേശീയ ക്യാപ്റ്റന്മാരുടെ വോട്ടുകളാണ് മികച്ച താരത്തിനുള്ള തെരഞ്ഞെടുപ്പിന് പരിഗണിച്ചത്. ഇതിൽ ഏറെ മുമ്പനായതോടെയാണ് മെസ്സിക്ക് ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലഭിച്ചത്.
എന്നാൽ, ഇക്കാര്യത്തിൽ തന്റെ അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ ചെൽസി താരം ജോൺ ഒബി മൈക്കൽ. സ്കൈ സ്പോർട്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മൈക്കൽ മനസ്സുതുറന്നത്. ഹാലാൻഡിനെക്കാളും എന്തുകൊണ്ടും പുരസ്കാരത്തിന് അർഹൻ മെസ്സിയാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഹാലാൻഡ് എന്ന തങ്ങളുടെ സ്റ്റാർ െപ്ലയർ ഇല്ലാതെയും നിലവിലെ മാഞ്ചസ്റ്റർ സിറ്റി ടീമിന് നേട്ടങ്ങളൊക്കെ എത്തിപ്പിടിക്കാനാവുമെന്ന് ഒബി മൈക്കൽ ചൂണ്ടിക്കാട്ടുന്നു.
‘മെസ്സി അതർഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു. അർജന്റീനക്ക് ലോകകപ്പും കോപ അമേരിക്കയുമൊക്കെ നേടിക്കൊടുത്ത കളിക്കാരനാണ്. ഹാലാൻഡ് വളരെ മികച്ച െപ്ലയറാണ്. മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. അവസരങ്ങൾ സൃഷ്ടിക്കുകയും അതുവഴി മത്സരങ്ങൾ ജയിക്കുകയും ചെയ്യുന്ന ടീമാണ് സിറ്റി. ഒമ്പതോ പത്തോ മത്സരങ്ങളിൽ ഹാലാൻഡ് കളിച്ചില്ല? എന്തു സംഭവിച്ചു? ആ ഒമ്പതോ പത്തോ കളികളിൽ ഒരു മത്സരം മാത്രമാണ് സിറ്റി തോൽക്കുന്നത്. അവർ ചാൻസ് ഉണ്ടാക്കുന്നു, ഗോളടിക്കുന്നു. ഹാലാൻഡില്ലാതെയും മത്സരങ്ങൾ ജയിക്കാൻ അവർക്ക് അറിയാം. ഈ പുരസ്കാരം നേടാൻ ഹാലാൻഡ് ചെയ്തതിനേക്കാൾ കൂടുതൽ മെസ്സി ചെയ്തിട്ടുണ്ട്’- ഒബി മൈക്കൽ പറയുന്നു.
ഹാലാൻഡ് പരിക്കുകാരണം കളത്തിന് പുറത്താണിപ്പോൾ. നോർവേക്കാരന്റെ അഭാവത്തിലും കഴിഞ്ഞ അഞ്ചു പ്രീമിയർ ലീഗ് മത്സരങ്ങളിൽ നാലും സിറ്റി ജയിച്ചു. എല്ലാ ചാമ്പ്യൻഷിപ്പിലുമായി ഒമ്പതു കളികളിൽ സിറ്റി ഒരു കളിയും തോറ്റിട്ടില്ല. എന്നാൽ, ഇന്റർ മയാമിയിൽ 14 കളികളിൽ മെസ്സി 11 ഗോളും അഞ്ച് അസിസ്റ്റും നേടി. തന്റെ അസാമാന്യപ്രകടനത്തിന്റെ പിൻബലത്തിൽ ലീഗ്സ് കപ്പ് മയാമിക്ക് നേടിക്കൊടുത്തു. മെസ്സിയില്ലാതെ മേജർ ലീഗ് സോക്കറിൽ ആറു മത്സരം കളിച്ച മയാമിക്ക് ഒന്നിൽ മാത്രമാണ് ജയിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.