ദോഹ: സ്വന്തം മണ്ണിലെ വൻകരയുടെ പോരാട്ടത്തിൽ വിസിൽ മുഴക്കാൻ നാല് ആതിഥേയ റഫറിമാരും എ.എഫ്.സി ഒഫീഷ്യൽ ടീമിൽ ഇടം നേടി. രണ്ട് അസിസ്റ്റൻറ് റഫറിമാരും ഉൾപ്പെടെ ആറു പേരാണ് ഖത്തറിൽനിന്നുള്ളത്. പരിചയ സമ്പന്നരായ അബ്ദുൽറഹ്മാൻ അൽ ജാസിം, അബ്ദുല്ല അലി അൽ അത്ബ, സൽമാൻ ഫലാഹി, ഖാമിസ് അൽമറി എന്നിവരാണ് ഫീൽഡ് റഫറിമാർ. താലിബ് സലിം അൽ മർറി, സൗദ് അഹമ്മദ് എന്നിവർ അസിസ്റ്റൻറ് റഫറിമാരുടെ പട്ടികയിൽ ഇടം പിടിച്ചു.
ഫിഫ റഫറിയിങ് പട്ടികയിലെ പ്രധാനികളിൽ ഒരാളായ അബ്ദുൽ റഹ്മാൻ അൽ ജാസിം ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യ-മൊറോക്കോ ലൂസേഴ്സ് ഫൈനൽ ഉൾപ്പെടെ രണ്ട് മത്സരങ്ങളുടെ ഫീൽഡ് റഫറിയായിരുന്നു. 33 അംഗ റഫറിമാരിൽ ഇറാൻകാരൻ കൂടിയായ അലി റിസ ഫഗാനിയും ഇടം നേടി. നിലവിൽ ആസ്ട്രേലിയൻ ഫുട്ബാളിന്റെ ഭാഗമായ അലി റിസയുടെ മൂന്നാം ഏഷ്യൻ കപ്പ് ദൗത്യമാണിത്.
നേരത്തേ, 2015, 2019 ഏഷ്യൻ കപ്പുകളിലും ഇദ്ദേഹം കളി നിയന്ത്രിച്ചിരുന്നു. 18 രാജ്യങ്ങളിൽ നിന്നാണ് 35 റഫറിമാരെ തിരഞ്ഞെടുത്തത്. ആസ്ട്രേലിയ (മൂന്ന്), ചൈന (രണ്ട്), ഇറാൻ (ഒന്ന്), ഇറാഖ് (ഒന്ന്), ജോർഡൻ (ഒന്ന്), ജപ്പാൻ (നാല്), കൊറിയ (മൂന്ന്), സൗദി (മൂന്ന്), കുവൈത്ത് (രണ്ട്), മലേഷ്യ (ഒന്ന്), ഒമാൻ (ഒന്ന്), ഖത്തർ (നാല്), സിംഗപ്പൂർ (ഒന്ന്), സിറിയ (ഒന്ന്), തായ്ലൻഡ് (ഒന്ന്), യു.എ.ഇ (രണ്ട്), ഉസ്ബെക് (രണ്ട്), തജികിസ്താൻ (ഒന്ന്) എന്നിങ്ങനെയാണ് ഒരോ രാജ്യങ്ങളിൽനിന്നുമുള്ള റഫറിയിങ് പങ്കാളിത്തം. 10 ടെക്നികൽ എക്സ്പേർട്ട്, നാല് ഫിറ്റ്നസ് ഇൻസ്ട്രക്ടർ എന്നിവരെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്ന് ആരും ഇടം നേടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.