ഫ്രാൻസിന്‍റെ പ്രതിരോധ താരം റാഫേൽ വരാനെ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു. 10 വർഷമായി ദേശീയ ടീമിനൊപ്പമുള്ള താരം, 2018ലെ റഷ്യൻ ലോകകപ്പ് കിരീടം നേടിയ ഫ്രഞ്ച് ടീമിലും ഖത്തർ ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ടീമിലും അംഗമായിരുന്നു.
ലെസ് ബ്ലൂസിനായി 93 മത്സരങ്ങൾ കളിച്ചു. 2013ലാണ് ദേശീയ ടീമിന്‍റെ ജഴ്സിയണിയുന്നത്. 2022-21 സീസണിൽ ലെസ് ബ്ലൂസ് യുവേഫ നാഷൻസ് ലീഗ് കിരീടം നേടുന്നതിലും നിർണായക പങ്കുവഹിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ക്ലബ് ഫുട്ബാളിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനായി കളി തുടരും.
‘ഒരു ദശാബ്ദക്കാലം നമ്മുടെ മനോഹരമായ രാജ്യത്തെ പ്രതിനിധീകരിക്കാനായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്’ -വരാനെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഓരോ തവണയും ആ പ്രത്യേക നീല ജഴ്‌സി ധരിക്കുമ്പോൾ എനിക്ക് വലിയ അഭിമാനം തോന്നി. ഹൃദയം കൊണ്ട് കളിക്കാനും കളത്തിലിറങ്ങുമ്പോഴെല്ലാം ജയിക്കാനും ഞാൻ സ്വയം സമർപ്പിച്ചു.
ഞാൻ കുറച്ച് മാസങ്ങളായി അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു, അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കാനുള്ള ശരിയായ സമയമാണിതെന്ന് ഞാൻ കരുതുന്നതായും വരാനെ വ്യക്തമാക്കി.
ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്‍റീനയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രാൻസ് പരാജയപ്പെട്ടത്. വരാനെ ഏതാനും മത്സരങ്ങളിൽ ദേശീയ ടീമിന്‍റെ നായക പദവിയും വഹിച്ചു. ഫ്രഞ്ച് ഗോളിയും നായകനുമായിരുന്ന ഹ്യൂഗോ ലോറിസിനു പിന്നാലെയാണ് റാഫേൽ വരാനെയും വിരമിക്കൽ പ്രഖ്യാപിക്കുന്നത്. അടുത്തിടെയായി താരത്തെ പരിക്ക് അലട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.