ഡോട്മുണ്ട്: പോളണ്ടുമായി 1-1ന് സമനില പാലിച്ച ഫ്രാൻസ് യൂറോകപ്പിൽ പ്രീക്വാർട്ടറിൽ കടന്നു. മൂന്ന് കളികളിൽനിന്ന് അഞ്ച് പോയന്റുമായാണ് ഫ്രാൻസ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.
56ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ ക്യാപ്റ്റൻ കിലിയൻ എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിക്കുകയായിരുന്നു. 79ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി പെനാൽറ്റിയിലൂടെതന്നെ തിരിച്ചടിച്ച് പോളണ്ടിന് സമനില നേടിക്കൊടുത്തു. മൂന്ന് കളികളിൽനിന്ന് ഒരു പോയന്റ് മാത്രമുള്ള പോളണ്ട് ചാമ്പ്യൻഷിപ്പിൽനിന്ന് പുറത്തായി.
ഓസ്ട്രിയക്കെതിരായ മത്സരത്തിൽ മൂക്കിന് പരിക്കേറ്റ ക്യാപ്റ്റൻ കിലിയൻ എംബാപ്പെ ഫ്രാൻസ് നിരയിൽ തിരിച്ചെത്തി. പോളണ്ടിനായി വെറ്ററൻ താരം ലെവൻഡോസ്കിയും കളിച്ചു. തുടക്കംതന്നെ ഫ്രാൻസ് മുന്നേറാൻ ശ്രമിച്ചെങ്കിലും ഗോൾ ലക്ഷ്യമിട്ട് ആദ്യം പന്തടിച്ചത് പോളണ്ടായിരുന്നു. സെലിൻസ്കിയുടെ ഷോട്ട് ഫ്രഞ്ച് ഗോളി മൈക് മൈഗ്നാൻ സേവ് ചെയ്തു.
ലെവൻഡോസ്കിയുടെ സാന്നിധ്യം പോളിഷ് ടീമിനെ ഉത്തേജിപ്പിക്കുന്നതായി തോന്നിപ്പിക്കുന്ന നീക്കങ്ങളായിരുന്നു മുൻനിരയിൽ. സെറ്റ്പീസുകളിലും മുൻ ലോകജേതാക്കളെ വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു പോളണ്ടിന്റേത്. മറുഭാഗത്ത് എൻഗോുളാ കാനെറയും ഉസ്മാൻ ഡെംബെലെയും പോളിഷ് ഗോൾമുഖത്ത് ഭീഷണി വിതച്ചു. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ ഫ്രാൻസിന്റെ തുടർച്ചയായ ആക്രമണങ്ങളെ പോളണ്ട് ചെറുത്തു. ഒടുവിൽ ആദ്യപകുതി ഗോൾരഹിതമായി പിരിഞ്ഞു. ഇടവേളക്കുശേഷം ഫ്രാൻസിന്റെ ഗംഭീരമായ മുന്നേറ്റമായിരുന്നു.
എംബാപ്പെ പലവട്ടം എതിർഗോളിയെ പരീക്ഷിച്ചു. 56ാം മിനിറ്റിൽ ഡെംബെലെയുടെ കുതിപ്പിനിടെ ബോക്സിൽവെച്ച് ജേക്കബ് കിവിയർ ഫൗൾ ചെയ്ത് വീഴ്ത്തി. റഫറി പെനാൽറ്റി വിധിച്ചു. എംബാപ്പെ അനായാസം പന്ത് വലയിലാക്കി. യൂറോ ചാമ്പ്യൻഷിപ്പിൽ ഫ്രഞ്ച് ക്യാപ്റ്റന്റെ ആദ്യഗോളായിരുന്നു അത്. 61ാം മിനിറ്റിൽ എൻഗോളോ കാന്റെ, അഡ്രിയാൻ റാബിയോ, ബ്രാഡ്‍ലി ബാർകോള എന്നിവരെ ഫ്രഞ്ച് കോച്ച് ദിദിയൻ ദെഷാം തിരിച്ചുവിളിച്ചു.
സീനിയർ താരങ്ങളായ അന്റോയ്ൻ ഗ്രസ്മാൻ, ഒളിവിയർ ജിറൂഡ് എന്നിവർക്കൊപ്പം യുവ മിഡ്ഫീൽഡർ എഡ്വേർഡോ കാമവിംഗയും പകരക്കാരനായെത്തി. കളിയിൽ ഫ്രഞ്ച് ആധിപത്യം തുടരുന്നതിനിടെയാണ് പോളണ്ടിന്റെ സിഡേസ്കിയെ ഫ്രഞ്ച് ഡിഫൻഡർ ദായോ ഉപമകാനോ വീഴ്ത്തിയത്. ‘വാറി’ൽ ഫൗൾ വ്യക്തമായതിനാൽ റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.