മ്യൂണിക്: ലോകചാമ്പ്യന്മാരായ ഫ്രാൻസിന് യൂറോ കപ്പിൽ വിജയത്തുടക്കം. കരുത്തരായ ജർമനിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് തോൽപിച്ചത്. 20ാം മിനിറ്റിൽ പിറന്ന സെൽഫ് ഗോളാണ് മരണ ഗ്രൂപിൽ ഫ്രാൻസിന് മൂന്ന് പോയൻറ് സമ്മാനിച്ചത്.
ആവേശം മൈതാനത്തിന്റെ ഇരുപാതികളിൽ മാറിമാറിയൊഴുകിയ മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടി. 16, 17 മിനിറ്റുകളിൽ രണ്ടു കിടിലൻ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ഫ്രാൻസ് തുടങ്ങിയത്. പോഗ്ബയുടെ ഹെഡറും പവാർഡിെൻറ ക്രോസു ജർമനിക്ക് മുന്നറിയിപ്പായിരുന്നു. തൊട്ടുപിന്നാലെ ജർമനിയുടെ വലയും കുലുങ്ങി. 22ാം മിനിറ്റിൽ പോഗ്ബ ബോക്സിലേക്ക് വൈഡായി നൽകിയ പാസ് ഓടിയെത്തിയ ലൂകാസ് ഹെർനാൻഡസ് ക്രോസ് ചെയ്തു. പവർ ഫുൾ ക്രോസ് വിജയകരമായി തട്ടിമാറ്റാൻ ജർമൻ പ്രതിരോധ വിശ്വസ്ഥൻ മാറ്റ് ഹമ്മൽസിന് കഴിഞ്ഞില്ല. പന്ത് നേരെ പതിച്ചത് സ്വന്തം വലയിൽ. സെൽഫ് ഗോളിൽ ഫ്രാൻസ് മുന്നിൽ.
അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിൽ പക്ഷേ, ജർമനി തളർന്നില്ല. പ്രത്യാക്രമണം കനപ്പിച്ചു. മ്യൂളറിനും ഇൽക്കായ് ഗുണ്ടോഗനും ഒന്നുരണ്ടു സുവർണാവസരങ്ങൾ. രണ്ടും വഴിമാറിയത് ഫ്രാൻസിെൻറ ഭാഗ്യമായി. രണ്ടാം പകുതി കളി ജർമനി ഏറ്റെടുത്തു. സെർജ് നെബ്റിയുടെ ഉഗ്രൻ ഷോട്ട് നിർഭാഗ്യവശാൽ പുറത്ത് പോയി. അതിനിടക്ക് ലീഡ് വർധിപ്പിക്കാനുള്ള ഫ്രാൻസിനുള്ള അവസരം അഡ്രിയാൻ റബിയോ നഷ്ടപ്പെടുത്തി. കൗണ്ടർ അറ്റാക്കിൽ ലഭിച്ച അവസരം സമാന്തരമായി ഓടിയെത്തിയ ഗ്രീസ്മാന് നൽകാതെ റാബിയോ സ്വയം ഗോളിന് ശ്രമിച്ചതാണ് പാളിയത്. പിന്നാലെ എംബാപ്പെയുടെ ഒരു ഷോട്ട് വലതുളഞ്ഞെങ്കിലും ലൈൻ റഫറി ഫ്ലാഗ് ഉയർത്തി.
അക്രമത്തിന് മൂർച്ചകൂട്ടാൻ ലെറോയ് സാനെ, തിമമോ വെർണർ എന്നിവരെ ജർമൻ കോച്ച് യോ ആഹിം ലോയ്വ് ഇറക്കിയതോടെ ഫ്രാൻസിന് കൂടുതൽ പണിയായി. ഇതോടെ കളി പൂർണമായി ഫ്രാൻസിന്റെ ബോക്സിലേക്കായി. ഇതിനിടക്ക് ഫ്രാൻസ് മിന്നൽ കൗണ്ടർ നടത്തി. എംബാപ്പെയുടെ ക്രോസിൽ ബെൻസേമ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായി. ജർമൻ മുന്നേറ്റം അവസാനം വരെ തടഞ്ഞു നിർത്തിയതോടെ കളി ഫ്രാൻസ് ജയിച്ചു. ഗ്രൂപ് എഫിൽ നേരത്തെ ഹംഗറിയെ തോൽപിച്ച പോർച്ചുഗലും ഫ്രാൻസും ഇതോടെ മൂന്നു പോയിന്റുമായി മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.