കളിക്കാരനായും കോച്ചായും മുമ്പ് തങ്ങളോടൊപ്പമുണ്ടായിരുന്ന ഫ്രാങ്ക് ലംപാർഡിനെ വീണ്ടും വിളിച്ച് ചെൽസി. 31 മത്സരങ്ങൾ മാത്രം ടീമിനെ പരിശീലിപ്പിച്ച ഗ്രഹാം പോട്ടറെ പറഞ്ഞുവിട്ട ഒഴിവിലാണ് മുൻ കോച്ചിന് പുതിയ ദൗത്യം. സീസൺ അവസാനം വരെ ചെൽസി പരിശീലകനായി ലംപാർഡുണ്ടാകും. 2019- 2021 കാലത്താണ് മുമ്പ് ലംപാർഡ് ചെൽസിയെ പരിശീലിപ്പിച്ചിരുന്നത്. ടീമിന്റെ മോശം പ്രകടനം പറഞ്ഞ് കാലാവധി പൂർത്തിയാക്കാൻ വിടാതെ പുറത്താക്കുകയായിരുന്നു. തോമസ് ടുഷെൽ പിൻഗാമിയായി എത്തിയെങ്കിലും പിടിച്ചുനിൽക്കാനായില്ല. പിന്നീടെത്തിയ ഗ്രഹാം പോട്ടറും മാസങ്ങൾ മാത്രം പൂർത്തിയാക്കി മടങ്ങി. അതോടെ അനാഥമായ ടീമിനെ സീസൺ അവസാനം വരെ നയിക്കുകയെന്ന ലക്ഷ്യമാണ് ഇനി ലംപാർഡിന് മുന്നിലുള്ളത്.
പ്രിമിയർ ലീഗിൽ നിലവിൽ 11ാം സ്ഥാനത്താണ് നീലക്കുപ്പായക്കാർ. കോച്ചില്ലാതെ ലിവർപൂളിനെതിരെ ചൊവ്വാഴ്ച കളിച്ച ടീം ഗോൾരഹിത സമനില വഴങ്ങി. ആദ്യ നാലിലെ അവസാന ടീമുമായി 14 പോയിന്റ് അകലമുള്ള ചെൽസിക്ക് പുതിയ പരിശീലകനു കീഴിൽ എത്രത്തോളം തിരിച്ചുകയറാനാകുമെന്നതാണ് വലിയ വെല്ലുവിളി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ അടുത്തയാഴ്ച റയൽ മഡ്രിഡ് എതിരാളിയായി വരുന്നുമുണ്ട്. പുതിയ താരങ്ങളെ എത്തിക്കാൻ റെക്കോഡ് തുക മുടക്കിയിട്ടും ടീം ഗതി പിടിക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ ആധി. ജനുവരി ട്രാൻസ്ഫറിൽ മാത്രം കോടികളാണ് പുതുനിരയെ സ്വന്തമാക്കാനായി ചെൽസി ചെലവിട്ടത്.
ലംപാർഡ് ചെൽസിക്കൊപ്പം മുമ്പ് പരിശീലകനായി നിന്ന ഘട്ടത്തിൽ ടീം എഫ്.എ കപ്പ് ഫൈനൽ കളിച്ചതാണ് വലിയ നേട്ടം. എന്നാൽ, കളിക്കാരനെന്ന നിലക്കാണ് ചെൽസിയുടെ എക്കാലത്തെയും ടോപ് സ്കോററാണ് അദ്ദേഹം.
ചെൽസിയിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം എവർടൺ പരിശീലകനായി ദൗത്യമേറ്റിരുന്നെങ്കിലും വൻവീഴ്ചകൾക്കു പിന്നാലെ അവിടെയും ജോലി പോയിരുന്നു. അതിനൊടുവിലാണ് ചെൽസിയിലേക്ക് മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.