അമേരിക്കൻ ലീഗ്സ് കപ്പിൽ ഡാലസിനെതിരെ ഫ്രീകിക്കിലൂടെ സമനില ഗോൾ നേടിയ മെസ്സി മറികടന്നത് സാക്ഷാൽ ഡീഗോ മറഡോണയെ. 62 ഫ്രീകിക്ക് ഗോളുകൾ എന്ന മറഡോണയുടെ നേട്ടത്തെ പിന്തള്ളിയാണ് മെസ്സി(63) ഫ്രീകിക്ക് ഗോൾ വേട്ടക്കാരിൽ ലോകത്ത് അഞ്ചാമതെത്തിയത്. രണ്ടു ഗോൾ വ്യത്യാസത്തിൽ ഡേവിഡ് ബെക്കാമാണ്(65) മെസ്സിക്ക് തൊട്ടു മുൻപിൽ.
ലോകത്ത് ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോൾ നേടിയ ആദ്യത്തെ മൂന്ന് പേരും ബ്രസീൽ താരങ്ങളാണ്. 77 ഗോളുകൾ നേടിയ ബ്രസീൽ മിഡ്ഫീൽഡർ ജുനീഞ്ഞോയാണ് ഒന്നാമൻ. 70 ഗോൾ നേടിയ ബ്രസീൽ ഇതിഹാസം പെലെയാണ് രണ്ടാമത്. 66 ഗോളുമായി ബ്രസീൽ മുൻ സൂപ്പർ താരം റൊണാൾഡീഞ്ഞോയാണ് മൂന്നാമത്.
ഡാലസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഇൻർ മയാമി ലീഗ്സ കപ്പിൽ ക്വാർട്ടറിലെത്തിയത്. 85ാം മിനിറ്റിൽ മെസ്സിയുടെ അത്യുഗ്രൻ റെയിൻബോ ഫ്രീകിക്ക് ഡാലസ് വലയിൽ വന്നിറങ്ങിയതോടെയാണ് മത്സരം (4-4) സമനിലയിൽ ആകുന്നതും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുന്നതും. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾ ഡാലസിനെ കീഴടക്കിയത്.
കളി തുടങ്ങി ആറാം മിനിറ്റിൽ ആൽബയുടെ പാസിൽ പതിവ് ഇടങ്കാലൻ ഷോട്ടിൽ മെസി മയാമിക്കായി ലീഡെടുത്തു. 37ാം മിനിറ്റിൽ ഫകുണ്ടോയിലൂടെ ഡാലസ് സമനില പിടിച്ചു. 45ാം മിനിറ്റിൽ ബെർണാടിന്റെ ഗോളിലൂടെ ഡാലസ് ആദ്യ പകുതിയിൽ ലീഡെടുത്തു. 63ാം മിനിറ്റിൽ അലൻ വെലസ്കോയുടെ ഫ്രീകിക്കിലൂടെ മയാമിക്ക് മൂന്നാമത്തെ പ്രഹരവും ഏൽപ്പിച്ചു. ഒടുവിൽ ആൽബയുടെ പാസിൽ നിന്നു ബെഞ്ചമിൻ ക്രെമാഷി മയാമിക്കായി ഒരു ഗോൾ മടക്കി.
68 മത്തെ മിനിറ്റിൽ റോബർട്ട് ടെയ്‌ലർ സെൽഫ് ഗോൾ വഴങ്ങിയതോടെ മയാമി തോൽവി മുന്നിൽ കണ്ടു. മത്സരത്തിൽ 80 മത്തെ മിനിറ്റിൽ മാർകോ ഫർഫാന്റെ സെൽഫ് ഗോൾ പിറന്നതോടെ മയാമിക്ക് വീണ്ടും പ്രതീക്ഷ കൈവന്നു (4-3). 85ാം മിനിറ്റിലാണ് മെസ്സിയുടെ ഫ്രീകിക്ക് സമനില ഗോൾ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.