ബർലിൻ: യൂറോകപ്പിന് ആതിഥേയത്വം വഹിക്കുന്ന ജർമൻ സ്ക്വാഡ് എത്തുന്നത് കരുത്തുറ്റ മധ്യനിരയുമായി. 2021ൽ വിരമിക്കുകയും കഴിഞ്ഞ മാർച്ചിൽ പരിശീലകൻ ജൂലിയൻ നഗൽസ്മാന്റെ അഭ്യർഥന മാനിച്ച് തിരിച്ചുവരവ് പ്രഖ്യാപിക്കുകയും ചെയ്ത റയൽ മാഡ്രിഡിന്റെ സൂപ്പർ മിഡ്ഫീൽഡർ ടോണി ക്രൂസ് കൂടി എത്തിയതോടെ ആരെയും കൊതിപ്പിക്കുന്ന നിരയാണ് അലമാനിയകൾക്ക്. ബാഴ്സലോണയുടെ ഇൽകായ് ഗുണ്ടോഗൻ, ബയേൺ മ്യൂണിക് താരങ്ങളായ ജമാൽ മുസിയാല, ലിറോയ് സാനെ, ബയേർ ലെവർകുസന്റെ അപരാജിത കുതിപ്പിൽ നിർണായക പങ്കുവഹിച്ച േഫ്ലാറിയൻ വിർട്സ് എന്നിവരെല്ലാം ക്രൂസിന് പുറമെ മധ്യനിര ചലിപ്പിക്കാനുണ്ട്.
ഗോൾകീപ്പർമാരായി ബയേണിന്റെ മാനുവൽ നൂയറും ബാഴ്സലോണയുടെ ടെർസ്റ്റീഗനുമടക്കമുള്ളവരും പ്രതിരോധം കാക്കാൻ ജോഷ്വ കിമ്മിച്ചും അന്റോണിയോ റൂഡിഗറും ഉൾപ്പെടെയുള്ളവരുണ്ട്. കായ് ഹാവെർട്സും തോമസ് മുള്ളറും നിക്ലാസ് ഫുൾക്രഗുമടങ്ങുന്ന മുന്നേറ്റനിര അത്ര കരുത്തുറ്റതല്ലെങ്കിലും മധ്യനിരക്കാർ ഇത് പരിഹരിക്കുമെന്നാണ് പ്രതീക്ഷ. 2022 ലോകകപ്പിന് ശേഷം പരിക്ക് കാരണം വിട്ടുനിന്ന നായകൻ മാനുവൽ ന്യൂയർ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
പരിക്ക് കാരണം ബയേൺ മ്യൂണിക് താരം സെർജി നാബ്രിയും ടോട്ടൻഹാം സ്ട്രൈക്കർ തിമോ വെർണറും പുറത്തായപ്പോൾ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറിയ ബൊറൂസിയ ഡോട്ട്മുണ്ട് നിരയിലെ മാറ്റ് ഹമ്മൽസിനും ജൂലിയൻ ബ്രാന്റിനും ബയേൺ മ്യൂണിക് താരം ലിയോൺ ഗോരട്സ്കക്കുമൊന്നും 27 അംഗ ടീമിൽ ഇടം ലഭിച്ചില്ല. ജൂണിൽ യുക്രെയ്നും ഗ്രീസിനുമെതിരായ സൗഹൃദ മത്സരത്തിന് ശേഷം ഒരാളെ കൂടി സ്ക്വാഡിൽനിന്ന് ഒഴിവാക്കും.
ലോകകപ്പ് സ്വപ്നവുമായി ഖത്തറിലെത്തിയ ജർമൻ സംഘം പ്രാഥമിക റൗണ്ടിൽ പുറത്തായിരുന്നു. 2014ലെ ലോകകപ്പിന് ശേഷം കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ കഴിയാത്ത ടീം സ്വന്തം നാട്ടിൽ നടക്കുന്ന യൂറോകപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. ജൂൺ 14ന് മ്യൂണിക്കിൽ സ്കോട്ട്‍ലൻഡിനെതിരെയാണ് ജർമനിയുടെ ആദ്യ മത്സരം.
ജർമൻ ടീം: ഗോൾകീപ്പർമാർ -ഒലിവർ ബൗമൻ, അലക്സ് നുബേൽ, മാനുവൽ നൂയർ, മാർക് ആന്ദ്രെ ടെർസ്റ്റീഗൻ.
ഡിഫൻഡർമാർ: വാൾഡമർ ആൻൺ, ബെഞ്ചമിൻ ഹെന്റിക്സ്, ജോഷ്വ കിമ്മിച്ച്, റോബിൻ കോച്ച്, മാക്സിമിലിയൻ മിറ്റൽസ്റ്റാറ്റ്, ഡേവിഡ് റൗം, അന്റോണിയോ റൂഡിഗർ, നികൊ സ്ക്ലോട്ടർബക്ക്, ജൊനാഥൻ താഹ്.
മിഡ്ഫീൽഡർമാർ: റോബർട്ട് ആൻഡ്രിച്ച്, ക്രിസ് ഫുഹ്റിച്ച്, പാസ്കൽ ഗ്രോസ്, ഇൽകായ് ഗുണ്ടോഗൻ, ടോണി ക്രൂസ്, ജമാൽ മുസിയാല, അലക്സാണ്ടർ പാവ്ലോവിച്, ലിറോയ് സാനെ, േഫ്ലാറിയൻ വിർട്സ്.
ഫോർവേഡുമാർ: മാക്സിമിലിയൻ ബീയർ, നിക്ലാസ് ഫുൾക്രഗ്, കായ് ഹാവെർട്സ്, തോമസ് മുള്ളർ, ഡെനിസ് യുൻഡാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.