കരുത്തുറ്റ നിരയുമായി യൂറോയിൽ ജർമനി ഇന്നിറങ്ങുന്നു

മ്യൂണിക്: യൂറോ കപ്പിന്റെ ഉദ്ഘാടന പോരാട്ടത്തിൽ ആതിഥേയരായ ജർമനി ഇന്നിറങ്ങുന്നു. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 12.30ന് നടക്കുന്ന മത്സരത്തിൽ സ്കോട്ട്‍ലൻഡാണ് എതിരാളികൾ. തുടർച്ചയായ തിരിച്ചടികളിൽ വലയുന്ന ജർമനിക്ക് സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും അജണ്ടയിലില്ല.

വിരമിച്ച മിഡ്ഫീൽഡ് എൻജിൻ ടോണി ക്രൂസിനെയടക്കം തിരിച്ചുവിളിച്ച് കരുത്തുറ്റ നിരയുമായാണ് അവർ ഇറങ്ങുന്നത്. മിഡ്ഫീൽഡിലാണ് ജർമനിയുടെ യഥാർഥ കരുത്ത്. റയൽ മാഡ്രിഡിനായി അവസാന മത്സരം കളിച്ചുതീർത്ത ടോണി ക്രൂസിന് പുറമെ ബാഴ്സലോണയുടെ ഇൽകായ് ഗുണ്ടോഗൻ, ബയേൺ മ്യൂണിക് താരങ്ങളായ ജമാൽ മുസിയാല, ലിറോയ് സാനെ, ബയേർ ലെവർകുസന്റെ അപരാജിത കുതിപ്പിൽ നിർണായക പങ്കുവഹിച്ച ​േഫ്ലാറിയൻ വിർട്സ് എന്നിവരെല്ലാം ക്രൂസിന് പുറമെ മധ്യനിര ചലിപ്പിക്കാനുണ്ട്.

ഗോൾകീപ്പർമാരായി ബയേണിന്റെ മാനുവൽ നൂയറും ബാഴ്സലോണയുടെ ടെർസ്റ്റീഗനുമടക്കമുള്ളവരും പ്രതിരോധം കാക്കാൻ ബയേണിന്റെ ജോഷ്വ കിമ്മിച്ചും റയൽ മാഡ്രിഡിന്റെ അന്റോണിയോ റൂഡിഗറും ഉൾപ്പെടെയുള്ളവരുണ്ട്. കായ് ഹാവെർട്സും തോമസ് മുള്ളറും നിക്ലാസ് ഫുൾക്രഗുമടങ്ങുന്ന മുന്നേറ്റനിര അത്ര കരുത്തുറ്റതല്ലെങ്കിലും മധ്യനിരക്കാർ ഇത് പരിഹരിക്കുമെന്നാണ് പ്രതീക്ഷ.

2014ലെ ലോകകപ്പിന് ശേഷം കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ കഴിയാത്ത ടീമിനെ യൂറോ കിരീടത്തിലൂടെ മുൻനിരയിലെത്തിക്കുകയാണ് കോച്ച് ജൂലിയൻ നഗൽസ്മാന്റെ മുന്നിലുള്ള വെല്ലുവിളി. 2018ലെയും 2022ലെയും ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ജർമനി അവസാനം കളിച്ച 11 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ജയിച്ചുകയറിയത്. എന്നാൽ, 2024ൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ജയം നേടുകയും ഒന്നിൽ സമനില വഴങ്ങുകയും ചെയ്തതത് നഗൽസ്മാൻ പരിശീലകനായെത്തിയ ശേഷം ടീം മെച്ചപ്പെടുന്നതിന്റെ സൂചന നൽകുന്നു. അടുത്തിടെ ജർമനിക്ക് മുമ്പിൽ വീണ ടീമുകളിൽ ഒന്ന് ഫ്രാൻസും മറ്റൊന്ന് നെതർലാൻഡ്സുമാണെന്നത് ആരാധകർക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല.

2006ലെ ലോകകപ്പിന് വേദിയൊരുക്കിയ ശേഷം ആദ്യമായാണ് ഒരു പ്രധാന രാജ്യാന്തര ടൂർണമെന്റിന് ജർമനി ആതിഥേയത്വം വഹിക്കുന്നത്. ഗ്രൂപ്പ് ‘എ’യിൽ സ്കോട്ട്‍ലൻഡിന് പുറമെ ഹംഗറിയും സ്വിറ്റ്സർലൻഡുമാണ് ജർമനിക്ക് എതിരാളികളാകുന്നത്.

ടീം ഇവരിൽനിന്ന്:

ഡിഫൻഡർമാർ: വാൾഡമർ ആൻൺ, ബെഞ്ചമിൻ ഹെന്റിക്സ്, ജോഷ്വ കിമ്മിച്ച്, റോബിൻ കോച്ച്, മാക്സിമിലിയൻ മിറ്റൽസ്റ്റാറ്റ്, ഡേവിഡ് റൗം, അന്റോണിയോ റൂഡിഗർ, നികൊ സ്ക്ലോട്ടർബക്ക്, ജൊനാഥൻ താഹ്.

മിഡ്ഫീൽഡർമാർ: റോബർട്ട് ആൻഡ്രിച്ച്, ക്രിസ് ഫുഹ്റിച്ച്, പാസ്കൽ ഗ്രോസ്, ഇൽകായ് ഗുണ്ടോഗൻ, ടോണി ക്രൂസ്, ജമാൽ മുസിയാല, അലക്സാണ്ടർ പാവ്ലോവിച്, ലിറോയ് സാനെ, ​േഫ്ലാറിയൻ വിർട്സ്.

ഫോർവേഡുകൾ: മാക്സിമിലിയൻ ബീയർ, നിക്ലാസ് ഫുൾക്രഗ്, കായ് ഹാവെർട്സ്, തോമസ് മുള്ളർ, ഡെനിസ് യുൻഡാവ്.

Tags:    
News Summary - Germany playing today with a strong lineup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.