ബംഗളൂരു: കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്ത കാവൽ ഭടനായ പ്രഭ്സുഖൻ സിങ് ഗിൽ ടീം വിട്ടു. കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളിലേക്കാണ് കൂടുമാറ്റം. സഹോദരനും പ്രതിരോധ താരവുമായ ഗുർസിമ്രത് സിങ് ഗില്ലും ഈസ്റ്റ് ബംഗാളിലെത്തിയിട്ടുണ്ട്. 2019- 20 സീസണിൽ ഇരുവരും ബംഗളൂരു എഫ്.സിയിൽ ഒന്നിച്ചുണ്ടായിരുന്നു. ഐ.എസ്.എല്ലിൽ ഒരു ഇന്ത്യൻ ഗോൾ കീപ്പർക്ക് ലഭിക്കുന്ന റെക്കോഡ് തുകക്കാണ് ഈസ്റ്റ് ബംഗാൾ പ്രഭ്സുഖനെ സ്വന്തമാക്കിയതെന്നതാണ് ശ്രദ്ധേയം. 2024 വരെ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ബാക്കിയുണ്ടായിരുന്ന താരത്തിനായി കൊൽക്കത്തൻ ടീം ട്രാൻസ്ഫർ ഫീയായി വിട്ടു നൽകിയത് 1.2 കോടി രൂപയാണ്.
മൂന്നു വർഷത്തെ കരാറിലേർപ്പെട്ട പ്രഭ്സുഖന് ഏകദേശം ഒന്നരക്കോടിയുടെ വേതനം ലഭിക്കും. ഇതോടെ ഇന്ത്യയിൽ ഏറ്റവും അധികം വേതനം കൈപ്പറ്റുന്ന ഗോൾകീപ്പറെന്ന റെക്കോഡും 22 കാരനായ പഞ്ചാബ് സ്വദേശിക്ക് സ്വന്തമായി. 2021-22 സീസണിൽ 20ാം വയസ്സിൽ ഐ.എസ്.എല്ലിലെ ഗോൾഡൻ ഗ്ലൗ പുരസ്കാര ജേതാവാണ് പ്രഭ്സുഖൻ. ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ്. കഴിഞ്ഞ ഒരു മാസമായി പ്രഭ്സുഖനു വേണ്ടി ഈസ്റ്റ് ബംഗാൾ മാനേജ്മെന്റ് കേരള ബ്ലാസ്റ്റേഴ്സുമായി ചർച്ച നടത്തിവരുകയായിരുന്നു. ചെന്നൈയിൻ എഫ്.സിയിലെ സമിക് മിത്രയും ഹൈദരാബാദ് എഫ്.സിയിൽനിന്ന് ഗുർമീത് സിങ്ങിനെയും ഗോൾവല കാക്കാൻ ഈസ്റ്റ് ബംഗാൾ നോട്ടമിട്ടിരുന്നെങ്കിലും അവസാനം പ്രഭ്സുഖനിൽ തീരുമാനമാവുകയായിരുന്നു.
ചണ്ഡിഗഢ് ഫുട്ബാൾ അക്കാദമിയിൽനിന്ന് കളിയാരംഭിച്ച് ഇന്ത്യൻ ആരോസിലും ബംഗളൂരു എഫ്.സിയിലും കരിയർ ചെലവിട്ടാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2021 സീസണിൽ ഒന്നാം ഗോൾകീപ്പറായ ആൽബിനോ ഗോമസിന് പരിക്കേറ്റതോടെ പകരക്കാരന്റെ റോളിൽനിന്ന് ആദ്യ ഇലവനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച പ്രഭ്സുഖൻ കിട്ടിയ അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിന്റെ വിശ്വസ്ത കാവൽകാരനായി. ചൊവ്വാഴ്ച പ്രഭ്സുഖൻ സിങ് ഗിൽ കൊൽക്കത്തയിലെത്തും. വൈകാതെ കരാർ സംബന്ധിച്ച് ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.
മുംബൈ സിറ്റി എഫ്.സിയിൽ നിന്ന് രണ്ടു വർഷ കരാറിലാണ് 26 കാരനായ ഗുർസിമ്രതിന്റെ വരവ്. 40 ലക്ഷമാണ് താരത്തിന്റെ ട്രാൻസ്ഫർ മൂല്യം. എ.ഐ.എഫ്.എഫിന്റെ എലൈറ്റ് അക്കാദമിയിൽനിന്ന് കരിയർ ആരംഭിച്ച ഗുർസിമ്രത് ബംഗളൂരു എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, സുദേവ എഫ്.സി, എ.ടി.കെ മോഹൻ ബഗാൻ ടീമുകൾക്കായും പന്തു തട്ടിയിട്ടുണ്ട്. ഇമാമി ഗ്രൂപ് ഏറ്റെടുത്തശേഷം മികച്ച ടീം ഒരുക്കി ഐ.എസ്.എല്ലിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് ബംഗാൾ ബ്രിഗേഡ്. കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റ ൈന്റൻ ടീം വിട്ടു.
പകരം ബംഗളൂരു എഫ്.സിയുടെ മുൻ കോച്ച് കാൾസ് ക്വഡ്രാറ്റ് കഴിഞ്ഞ ഏപ്രിലിൽ ടീമിലെത്തി. ഗോകുലം കേരളയുടെ മുൻ കോച്ച് ബിനോ ജോർജാണ് സഹ പരിശീലകൻ. ബ്ലാസ്റ്റേഴ്സിൽനിന്ന് ഹർമൻ ജ്യോത് കബ്ര, നിഷുകുമാർ, ഹൈദരാബാദ് എഫ്.സിയിൽനിന്ന് യാവിയർ സിവേരിയോ, മുംബൈ സിറ്റിയിൽനിന്ന് മന്ദർ റാവു ദേശായി അടക്കമുള്ള താരങ്ങളും ഈസ്റ്റ് ബംഗാളിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.