കൊൽക്കത്ത: ദേശീയ ഫുട്ബാൾ ലീഗിൽ ഒരു കേരള ക്ലബിെൻറ വിജയഭേരിക്കായി കാത്തിരിക്കുന്ന മലയാളി ആരാധകർക്ക് ആഘോഷിക്കാനൊരു അവസരമൊരുക്കി ഗോകുലം കേരള. ഫിനിഷിങ് പോയൻറിലെത്തിയ ഐ ലീഗ് സീസണിൽ അടുത്ത കളി ജയിച്ചാൽ ഗോകുലത്തിന് കിരീടം സ്വന്തം. ഞായറാഴ്ച നടന്ന നിർണായക മത്സരത്തിൽ മുഹമ്മദൻസിനെ 2-1ന് തോൽപിച്ച് ഒന്നാം സ്ഥാനത്തെത്തിയാണ് ഗോകുലം ലീഗിലെ അവസാന കളി ഫൈനലാക്കി മാറ്റിയത്. പോയൻറ് നിലയിൽ ഒപ്പമുള്ള ട്രാവു എഫ്.സിയാണ് ശനിയാഴ്ചത്തെ കിരീടപ്പോരാട്ടത്തിൽ എതിരാളി.
ഞായറാഴ്ച ഉച്ചക്ക് നടന്ന ആദ്യ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സും ട്രാവു എഫ്.സിയും 1-1ന് സമനിലയിൽ പിരിഞ്ഞതിനു പിന്നാലെയാണ് ഗോകുലം ജീവന്മരണ പോരാട്ടത്തിനിറങ്ങിയത്. പോയൻറ് നിലയിൽ ഒന്നും രണ്ടും സ്ഥാനത്തായിരുന്ന ട്രാവു, ചർച്ചിൽ ടീമുകൾ സമനിലയിൽ പിരിഞ്ഞതോടെ ഒപ്പത്തിനൊപ്പമായി (26). ശേഷം, കളത്തിലിറങ്ങിയ ഗോകുലം ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടി കളി പിടിച്ചതോടെ 26 പോയൻറുമായി ഇവർക്കൊപ്പമെത്തി. മൂന്ന് ടീമുകളുടെയും പരസ്പര പോരാട്ടത്തിന്റെ കണക്കിൽ ഗോകുലം ഒന്നാമതായി.
ഒരാഴ്ച മുമ്പ് ചർച്ചിൽ ബ്രദേഴ്സിനെ 4-1ന് തകർത്ത മുഹമ്മദൻസിനെതിരെ പ്രതിരോധം ശക്തമാക്കിയാണ് ഗോകുലം എത്തിയത്. മുഹമ്മദ് അവാലും ദീപക് ദേവ്റാണിയും നയിച്ച പ്രതിരോധത്തിൽ, മധ്യനിരയിലെ അഫ്ഗാൻ ദേശീയ താരം ഷരീഫ് മുഹമ്മദും ജാഗ്രതയോടെ നിലകൊണ്ടു. എതിർമുന്നേറ്റങ്ങളെ തുടക്കത്തിലേ നുള്ളിയ ഗോകുലം, ഗോൾ മെഷീൻ ഡെന്നിസ് ആൻറ്വിയുടെ ഇരട്ട ഗോളിൽ കളി റാഞ്ചിയെടുക്കുകയായിരുന്നു. 20, 34 മിനിറ്റുകളിലാണ് ഡെന്നിസ് സ്കോർ ചെയ്തത്. ആദ്യഗോൾ മനോഹരമായൊരു വോളിയിലൂടെയും രണ്ടാം ഗോൾ, സീറോ ആംഗിളിൽനിന്ന് അസാധ്യമായൊരു ഷോട്ടിലൂടെയും വലയിലെത്തിച്ചു.
ഇതോടെ ഘാന താരത്തിെൻറ ആകെ ഗോൾനേട്ടം പത്തായി. രണ്ടാം പകുതിയിൽ ബാൾപൊസഷൻ കൈക്കലാക്കി മുഹമ്മദൻസ് തിരിച്ചടി തുടങ്ങി. എന്നാൽ, ഇതിനിടയിൽ രണ്ടു മികച്ച അവസരങ്ങൾ ഗോകുലത്തിന് ലഭിച്ചെങ്കിലും വിൻസി ബാരെറ്റോയും ആൻറ്വിയും പാഴാക്കി. 85ാം മിനിറ്റിൽ സുജിത് ആൻറണി ഫ്രീകിക്കിലൂടെയെത്തിയ പന്ത് ഹെഡ് ചെയ്ത് ഗോളാക്കി മുഹമ്മദൻസിനെ കളിയിൽ തിരികെ എത്തിച്ചെങ്കിലും പിന്നീട് ഗോൾവല കുലുങ്ങാൻ അനുവദിക്കാതെ പിടിച്ചുനിന്ന് ഗോകുലം നിർണായക പോയൻറുകൾ പോക്കറ്റിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.