മ്യൂണിക്: ബുണ്ടസ് ലീഗയിൽ ശരിക്കും ഹാലൻഡിന്‍റെയും ലെവൻഡോവ്സ്കിയുടെയും മത്സരമാണ്. കഴിഞ്ഞ ദിവസം രണ്ടു ഗോളുകമായി ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവ താരം ഏർളിങ് ഹാലൻഡ് മിന്നിച്ചപ്പോൾ, ബയേൺ മ്യൂണികിന്‍റെ ഇതിഹാസ താരം റോബർട്ട് ലെവൻഡോവ്സ്കിയും വിട്ടുകൊടുക്കാതെ ഗോൾ പട്ടികയിൽ ഇടംപിടിച്ചു. ലീഗിൽ മൂന്നാംജയവുമായി ബയേണും ഡോർട്മുണ്ടും കിരീടപ്പോരാട്ടത്തിന് ചൂടുകൂട്ടുകയും ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക് 4-1ന് ആർബി ലീപ്സിഗിനെ തോൽപിച്ചപ്പോൾ, ബൊറൂസിയ ഡോർട്മുണ്ട് 4-3ന് ബയർ ലെവർകൂസനെ തോൽപിച്ചു.
ബയേണിനായി റോബർട് ലെവൻഡോവ്സ്കി (12) പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി 'പൊങ്കാല'ക്ക് തുടക്കമിട്ടപ്പോൾ, പിന്നാലെ ജമാൽ മുസിയാല(47), ലെറോയ് സാനെ(54), എറിക് ചോപോ മോടിങ്(91) എന്നിവർ മറ്റു ഗോളുകൾ നേടി.
അടിയും തിരിച്ചടിയുമായി നീണ്ട ഡോർഡ്മുണ്ട്-ലെവർകൂസൻ മത്സരത്തിൽ ഹാലൻഡിന്‍റെ തകർപ്പൻ ഗോളുകളാണ് ഡോർട്മുണ്ടിന്റെ രക്ഷക്കെത്തിയത്. 37, 77 മിനിറ്റുകളിലാണ് ഹാലൻഡ് ഗോൾ നേടിയത്. യൂലിയൻ ബ്രാൻഡറ്റ് (49), റാഫേൽ ഗെറീറോ(71) എന്നിവർ ബൊറൂസിയയുടെ മറ്റു ഗോളുകൾ നേടി. ലെവർകൂസനായി ഫ്ലോറിയാൻ റിട്സ്(9), പാട്രിക് ഷിക്ക്(45), മൂസാ ഡിബെയ്(55) എന്നിവർ മറ്റു ഗോൾ നേടി.
ബയേണിന്‍റെ എക്കാലത്തെ ടോപ്സ്കോറർ എന്ന പദവി സ്വന്തമാക്കിയ ലെവൻഡോവ്സ്കിയും യുവതാരം ഹാലൻഡും ഗോൾഡൻ ബൂട്ടിനായുള്ള അങ്കം തുടങ്ങിക്കഴിഞ്ഞു. പോളണ്ട് താരംനാലു മത്സരങ്ങളിൽ ആറുവട്ടം എതിർവല കുലുക്കിയപ്പോൾ, ഹാലൻഡ് അഞ്ചു ഗോളുമായി തൊട്ടു പിറകിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.